ഇനി തോന്നിയ പോലെ വണ്ടി ഓടിച്ചാല്‍ പിടി വീഴും: സേഫ് കേരള പദ്ധതിയ്ക്ക് ഭരണാനുമതി; 726 ക്യാമറകള്‍ സ്ഥാപിച്ചു

ഇനി തോന്നിയ പോലെ വണ്ടി ഓടിച്ചാല്‍ പിടി വീഴും: സേഫ് കേരള പദ്ധതിയ്ക്ക് ഭരണാനുമതി; 726 ക്യാമറകള്‍ സ്ഥാപിച്ചു

തിരുവനന്തപുരം: റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനും ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിക്ക് സമഗ്ര ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി റോഡപകടങ്ങള്‍ കുറക്കുകയും ഗതാഗത നിയമലംഘനം തടയുകയുമാണ് ലക്ഷ്യം.

കേരള റോഡ് സേഫ്ടി അതോറിറ്റിയുടെ 232,25,50,286 രൂപ ഉപയോഗിച്ച് വ്യവസ്ഥകള്‍ക്ക് വിധേയമായി കെല്‍ട്രോണ്‍ മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഓരോ ത്രൈമാസ പെയ്മെന്റിന് മുമ്പ് ഉപകരണങ്ങള്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ഉറപ്പു വരുത്തുന്നതിന് അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ തലവനും കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മിഷനിലെ ഐടി വിഭാഗം വിദഗ്ധനും ഗതാഗത വകുപ്പിന് കീഴിലെ ശ്രീ ചിത്തിര തിരുനാള്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ഐടി /കമ്പ്യൂട്ടര്‍ വിഭാഗത്തിലെ ഒരു അധ്യാപകനും ഉള്‍പ്പെടുന്ന സേഫ് കേരള പ്രോജക്ട് മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും.

കേടായ ക്യാമറകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മാറ്റിസ്ഥാപിക്കാനുള്ള വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്തും. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകള്‍ പൊലീസ് വകുപ്പിലെ ക്യാമറകളുള്ള സ്ഥലത്തല്ല എന്ന് ഉറപ്പാക്കും. പദ്ധതിയുടെ ഭാഗമായി ശേഖരിക്കുന്ന ഡേറ്റയും ക്യാമറ ഫീഡും പൊലീസ് വകുപ്പിന് ആവശ്യാനുസരണം നല്‍കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായാണ് ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ വീഡിയോ ഫീഡും മറ്റ് ഡാറ്റയും
പൊലീസ്, എക്സൈസ്, മോട്ടോര്‍ വാഹന, ജി.എസ്.ടി വകുപ്പുകള്‍ക്ക് കൈമാറും. ഇതിന്റെ ഏകോപനത്തിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനും ഗതാഗത സെക്രട്ടറി, നികുതി വകുപ്പ് സെക്രട്ടറി, പൊലീസ്, എക്സൈസ്, മോട്ടോര്‍ വാഹന, ജിഎസ്ടി വകുപ്പുകളുടെ മേധാവികള്‍ അംഗങ്ങളായും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.

വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് ക്യാമറകള്‍ വഴി നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനായുള്ള 'Fully Automated Traffic Enforcement System' സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

സംസ്ഥാനത്തെ ദേശീയ, സംസ്ഥാന ഹൈവേകളിലും മറ്റും സ്ഥാപിച്ച 726 ക്യാമറകള്‍ ഉപയോഗിച്ചാണ് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നത്. ഇതില്‍ 675 ക്യാമറകള്‍ ഹെല്‍മറ്റ് ഉപയോഗിക്കാതെ ഇരുചക്ര വാഹന യാത്ര, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, നിരത്തുകളില്‍ അപകടം ഉണ്ടാക്കിയ ശേഷം നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍ തുടങ്ങിയവ കണ്ടുപിടിക്കാന്‍ ഉപയോഗിക്കും.

അനധികൃത പാര്‍ക്കിങ് കണ്ടുപിടിക്കുന്നതിന് 25 ക്യാമറകള്‍, അമിത വേഗതയില്‍ ഓടിക്കുന്ന വാഹനങ്ങള്‍ കണ്ടുപിടിക്കുന്ന നാല് ഫിക്‌സഡ് ക്യാമറകള്‍, വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള നാല് ക്യാമറകള്‍, റെഡ് ലൈറ്റ് വയലേഷന്‍ കണ്ടുപിടിക്കുവാന്‍ സഹായിക്കുന്ന 18 ക്യാമറകള്‍ എന്നിവയും ഈ സിസ്റ്റത്തിന്റെ ഭാഗമാണ്. കൂടാതെ 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.