'ഹൈബ്രിഡ്' സൂര്യഗ്രഹണം ഏപ്രില്‍ 20-ന്; ഇരുട്ടിലാകുന്നത് ഓസ്‌ട്രേലിയയിലെ എക്സ്മൗത്ത്: അത്യപൂര്‍വ്വ കാഴ്ചയെക്കുറിച്ച് അറിയേണ്ടതെല്ലാം

'ഹൈബ്രിഡ്' സൂര്യഗ്രഹണം ഏപ്രില്‍ 20-ന്; ഇരുട്ടിലാകുന്നത് ഓസ്‌ട്രേലിയയിലെ എക്സ്മൗത്ത്: അത്യപൂര്‍വ്വ കാഴ്ചയെക്കുറിച്ച് അറിയേണ്ടതെല്ലാം

പെര്‍ത്ത്: വീണ്ടുമൊരു സൂര്യഗ്രഹണം കാണാന്‍ അവസരമൊരുങ്ങുന്നു. ഏപ്രില്‍ 20 നാണ് സൂര്യഗ്രഹണം. ഒരു സങ്കര സൂര്യഗ്രഹണമാണ് ഇത്തവണയുണ്ടാവുക. അതായത് ചില സ്ഥലങ്ങളില്‍ പൂര്‍ണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളില്‍ വലയ സൂര്യഗ്രഹണമായും ദൃശ്യമാകുന്ന സൂര്യ ഗ്രഹണങ്ങളെയാണ് സങ്കര സൂര്യഗ്രഹണം എന്ന് പറയുക. നിംഗളൂ സോളാര്‍ എക്ലിപ്സ് എന്നാണ് ഇത്തവണത്തെ സൂര്യഗ്രഹണത്തിന് പേര്.

പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ നിംഗളൂവില്‍ നിന്നാണ് സൂര്യഗ്രഹണം ഏറ്റവും വ്യക്തമായി കാണാനാകുക. അതുകൊണ്ട് തന്നെ നിംഗളൂ സോളാര്‍ എക്ലിപ്സ് എന്നാണ് ഇത്തവണത്തെ സൂര്യഗ്രഹണത്തിന് പേര്. പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ ഭരണകൂടം നല്‍കുന്ന വിവരം അനുസരിച്ച് എക്സ്മൗത്ത് നഗരത്തില്‍ മാത്രമാണ് പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാവുക.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.34 മുതല്‍ മൂന്ന് മണിക്കൂറോളം നേരം ഭാഗിക സൂര്യഗ്രഹണം ഇവിടെ കാണാന്‍ സാധിക്കും. രാവിലെ 4.29 മുതല്‍ 4.30 വരെ ഒരു മിനിറ്റില്‍ താഴെ സമയത്തിനിടെ പൂര്‍ണ സൂര്യഗ്രഹണം കാണാന്‍ കഴിയും. രാവിലെ 6.32-നാണ് സൂര്യഗ്രഹണം പൂര്‍ത്തിയാകുന്നത്.

ഓസ്ട്രേലിയയുടെ ബാക്കി ഭാഗങ്ങള്‍, ന്യൂസിലന്‍ഡ്, കിഴക്കന്‍ ഏഷ്യ, ദക്ഷിണേഷ്യ, പസഫിക് സമുദ്രം, അന്റാര്‍ട്ടിക്ക, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. അതേസമയം ഇന്ത്യയിലുള്ളവര്‍ക്ക് ഭാഗിക സൂര്യഗ്രഹണമോ, പൂര്‍ണ സൂര്യഗ്രഹണമോ ഒന്നും തന്നെ കാണാന്‍ സാധിക്കില്ല. ഇന്ത്യയിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ലൈവ് സ്ട്രീമിങ്ങിലൂടെ സൂര്യഗ്രഹണം കാണാം.

സുര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ വരികയും സൂര്യന്‍ മുഴുവനായും മറയപ്പെടുകയും ചെയ്യുന്ന പ്രതിഭാസത്തെയാണ് സൂര്യഗ്രഹണം എന്ന് വിളിക്കുന്നത്. എന്നാല്‍ സൂര്യന്‍ ഭാഗികമായി മാത്രം മറയപ്പെടുമ്പോഴാണ് ഭാഗിക സൂര്യഗ്രഹണം ഉണ്ടാവുന്നത്.

സൂര്യന്റെ മധ്യഭാഗം ചന്ദ്രനാല്‍ മറയ്ക്കപ്പെടുകയും ബാക്കിയുള്ള ഭാഗം ഒരു പ്രകാശവലയമായി കാണപ്പെടുകയുമാണ് ചെയ്യുന്നതിനെയാണ് വലയ സൂര്യഗ്രഹണം എന്ന് വിശേഷിപ്പിക്കുന്നത്.

എക്സ്മൗത്തിലേക്ക് സന്ദര്‍ശകത്തിരക്ക്

പൂര്‍ണ സൂര്യഗ്രഹണം കാണാനാകുമെന്ന പ്രതീക്ഷയില്‍ ആയിരക്കണക്കിന് ആളുകളാണ് പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ എക്‌സ്മൗത്തിലേക്ക് ഒഴുകുന്നത്. അന്റാര്‍ട്ടിക്കയ്ക്ക് സമീപം മുതല്‍ പസഫിക് സമുദ്രത്തിലെ മാര്‍ഷല്‍ ദ്വീപുകള്‍ വരെയാണ് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഹൈബ്രിഡ് ഗ്രഹണം ദൃശ്യമാകുന്നത്.

എക്സ്മൗത്തില്‍ പൂര്‍ണ സൂര്യഗ്രഹണം നടക്കുന്ന സമയത്ത് 58 സെക്കന്‍ഡ് നേരത്തേക്ക് സൂര്യ പ്രകാശം പൂര്‍ണമായും തടയപ്പെടും.

നോര്‍ത്തേണ്‍ ടെറിട്ടറിയുടെ തലസ്ഥാനമായ ഡാര്‍വിനില്‍ ഭാഗിക ഗ്രഹണം കൂടുതല്‍ വ്യക്തതയോടെ അനുഭവപ്പെടും. സൂര്യന്റെ 85 ശതമാനം ചന്ദ്രനാല്‍ മറയും. പെര്‍ത്തില്‍ ഇത് 70 ശതമാനമായിരിക്കും. ഹോബാര്‍ട്ടില്‍ സൂര്യന്റെ 13 ശതമാനം മാത്രമാണ് ചന്ദ്രനു പിന്നില്‍ അപ്രത്യക്ഷമാകുന്നത്.

2013 നവംബര്‍ 3-നായിരുന്നു അവസാനത്തെ ഹൈബ്രിഡ് ഗ്രഹണമുണ്ടായത്. അടുത്തത് 2031 നവംബര്‍ 14-നാണ്.

ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

സൂര്യഗ്രഹണം ഒരിക്കലും നഗ്‌നനേത്രങ്ങള്‍ കൊണ്ട് വീക്ഷിക്കരുത്. ഇത് കാഴ്ചശക്തിയെ ദോഷകരമായി ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിന് സണ്‍ ഫില്‍ട്ടര്‍ പേപ്പറുകള്‍, എക്ലിപ്‌സ് ഗ്ലാസുകള്‍ തുടങ്ങിയ സോളാര്‍ ഫില്‍ട്ടറുകള്‍ ഉപയോഗിക്കണം.

2023-ല്‍ ആകെ നാല് ഗ്രഹണങ്ങള്‍ക്കാകും ഭൂമി സാക്ഷ്യം വഹിക്കുക. രണ്ട് ചന്ദ്രഗ്രഹണങ്ങളും രണ്ട് സൂര്യഗ്രഹണങ്ങളും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.