ബെംഗളൂരു: കര്‍ണാടക ബിജെപിയിലെ പൊട്ടിത്തറി രൂക്ഷമാകുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൊട്ടിത്തെറി ഉണ്ടായത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഷെട്ടാര്‍ ഇന്നലെ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഹുബ്ലി-ധര്‍വാഡില്‍ ഒരു അവസരം കൂടി വേണമെന്നാണ് ഷെട്ടാറുടെ നിലപാട്. ആറു തവണ ഇവിടെ നിന്നുള്ള ജനപ്രതിനിധിയായിരുന്നു ഷെട്ടാര്‍. ബിജെപി ഇന്നലെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടിരുന്നു. ഇതിലും ഷെട്ടറുടെയും മുന്‍ ഉപമുഖ്യമന്ത്രി കെ.എസ് ഈശ്വരപ്പയുടേയും മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
സീറ്റ് ലഭിച്ചേക്കില്ലെന്ന സൂചനയെത്തുടര്‍ന്ന് കെ.എസ് ഈശ്വരപ്പ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. എന്നാല്‍ ഈശ്വരപ്പ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലമായ ശിവമോഗയില്‍ അദ്ദേഹത്തിന്റെ അനുകൂലികള്‍ തെരുവിലിറങ്ങി പ്രതിഷേധം നടത്തി. ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം.
മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവടി ഉള്‍പ്പെടെ നിരവധി നേതാക്കളാണ് സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി വിട്ടത്. ഹിജാബ് വിരുദ്ധ പ്രചാരണ തലവന്‍ കൂടിയായ ഉഡുപ്പി എംഎല്‍എ രഘുപതി ഭട്ടിന് പുറമെ, മുടിക്കരെ എംഎല്‍എ എംപി കുമാരസ്വാമി കൂടി ബിജെപി വിട്ടു. ചാമരാജ് നഗറില്‍ മുന്‍ ബംഗലൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവുവാണ് ബിജെപി സ്ഥാനാര്‍ത്ഥി.
ഭാസ്‌കര്‍ റാവുവിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സൈലന്റ് സുനിയും അനുയായികളും ബംഗലൂരു മല്ലേശ്വരത്തെ ബിജെപി ഓഫീസില്‍ കുത്തിയിരിപ്പു സമരം നടത്തി പ്രതിഷേധിച്ചു. ബിജെപി പ്രാഥമിക അംഗത്വം ഇന്നലെ രാജിവെച്ച മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവടി ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വവും രാജിവെച്ചു.
അതാനി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സാവടിയുടെ രാജി. ഭാവി തീരുമാനം ഇന്നു പ്രഖ്യാപിക്കുമെന്നാണ് ലക്ഷ്മണ്‍ സാവടി അറിയിച്ചിട്ടുള്ളത്. താന്‍ ആത്മാഭിമാനമുള്ള പൊതു പ്രവര്‍ത്തകനാണെന്നും, ആരുടെയും മുന്നില്‍ യാചിക്കാനില്ലെന്നും സാവടി പറഞ്ഞു. അതേസമയം സാവടിക്ക് ഉപമുഖ്യമന്ത്രി പദം അടക്കം എല്ലാം നല്‍കിയത് ബിജെപി ആണെന്നും ഇപ്പോഴത്തെ അതൃപ്തിക്ക് കാരണം മനസ്സിലാകുന്നില്ലെന്നും മുന്‍മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.