യുപിഎ കണ്‍വീനര്‍ സ്ഥാനം വിട്ടു കൊടുക്കാനും കോണ്‍ഗ്രസ് തയ്യാറായേക്കും.
ന്യൂഡല്‍ഹി: പരമാവധി വിട്ടു വീഴ്ചകള്‍ ചെയ്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പ്രതിപക്ഷ ഐക്യം സാധ്യമാക്കാന്‍ കോണ്‍ഗ്രസിന്റെ ഊര്‍ജിത ശ്രമം. ഇതിനായി യുപിഎ കണ്‍വീനര്‍ സ്ഥാനം വിട്ടു കൊടുക്കാനും കോണ്‍ഗ്രസ് തയ്യാറായേക്കും എന്നാണ് സൂചന.
ഇരുപത്തിനാല് പ്രതിപക്ഷ പാര്‍ട്ടികളെയെങ്കിലും ഏകോപിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. തങ്ങളോട് അകലം പാലിക്കുന്ന പാര്‍ട്ടികളെ മറ്റ് പാര്‍ട്ടി നേതാക്കളെ ഉപയോഗിച്ച് ഒപ്പം നിര്‍ത്താനാണ് നീക്കം. 20 പാര്‍ട്ടികളുടെയെങ്കിലും ഐക്യപ്രഖ്യാപന യോഗം ഈ മാസം അവസാനം ഡല്‍ഹിയില്‍ നടത്താന്‍ ശക്തമായ കരുനീക്കങ്ങളാണ് നടന്നു വരുന്നത്.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, എന്‍സിപി നേതാവ് ശരദ് പവാര്‍, സിപിഎം നേതാവ് സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയവരാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെക്ക് പുറമേ ഇതിന് ചുക്കാന്‍ പിടിക്കുന്നത്.
വ്യാഴാഴ്ച ഡല്‍ഹിയിലെത്തിയ ശരദ്പവാര്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ഇവരോടൊപ്പമുണ്ടായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ അയോഗ്യതാ വിഷയത്തില്‍ ഒന്നിച്ചു നിന്നെങ്കിലും കോണ്‍ഗ്രസിന്റെ നേതൃത്വം അംഗീകരിക്കാതെ ഇടഞ്ഞു നില്‍ക്കുന്ന മമതാ ബാനര്‍ജി, അഖിലേഷ് യാദവ്, അരവിന്ദ് കെജരിവാള്‍, കെ. ചന്ദ്രശേഖര്‍റാവു എന്നിവരെ അനുനയിപ്പിക്കേണ്ട മുഖ്യ ചുമതല നിതീഷ് കുമാര്‍ ഏറ്റെടുത്തിട്ടുണ്ട്.
സീതാറാം യെച്ചൂരി, ഡി. രാജ എന്നിവര്‍ ഇന്നലെ നിതീഷിനെ സന്ദര്‍ശിച്ചു. വൈ.എസ് ജഗ്മോഹന്‍ റെഡ്ഡിയുമായും നവീന്‍ പട്നായിക്കുമായും നിതീഷ് ഉടന്‍ ചര്‍ച്ച നടത്തും. നിതീഷിന് യുപിഎ കണ്‍വീനസ്ഥാനം നല്‍കുന്ന കാര്യവും ആലോചിക്കുന്നുണ്ട്.
പ്രതിപക്ഷ ഐക്യശ്രമം തുടരുമ്പോഴും പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, തെലങ്കാന, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷ ഐക്യം നിലവില്‍ അസാധ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.