ടെക്സാസില്‍ ഡയറി ഫാമില്‍ വന്‍ സ്‌ഫോടനവും തീപിടിത്തവും; വെന്തു വെണ്ണീറായത് 18,000 പശുക്കള്‍

ടെക്സാസില്‍ ഡയറി ഫാമില്‍ വന്‍ സ്‌ഫോടനവും തീപിടിത്തവും; വെന്തു വെണ്ണീറായത് 18,000 പശുക്കള്‍

ഓസ്റ്റിന്‍: ടെക്‌സാസിലെ ഒരു ഡയറി ഫാമിലുണ്ടായ വന്‍ സ്ഫോടനത്തെതുടര്‍ന്നുണ്ടായ തീ പിടിത്തത്തില്‍ 18,000 പശുക്കള്‍ വെന്തു മരിച്ചു. തീപിടിത്തത്തില്‍ പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡയറി ഫാം തീപിടിത്തമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിമിറ്റ് പട്ടണത്തിനടുത്തുള്ള സൗത്ത് ഫോര്‍ക്ക് ഡയറിയിലാണ് സ്‌ഫോടനമുണ്ടായത്. മീഥെയ്ന്‍ വാതകത്തിന് തീപിടിച്ചതാകാം ദുരന്തത്തിനു കാരണമെന്നാണ് അധികൃതര്‍ കരുതുന്നത്. തീപിടിത്തത്തില്‍ കൊല്ലപ്പെട്ട പശുക്കളില്‍ അധികവും ഹോള്‍സ്റ്റീന്‍, ജേഴ്‌സി പശുക്കളോ ഇവയുടെ സങ്കര ഇനങ്ങളോ ആണ്. കൊല്ലപ്പെട്ട 18,000 പശുക്കളുടെ ഏകദേശ മൂല്യം 35 മില്യണ്‍ മുതല്‍ 40 മില്യണ്‍ ഡോളര്‍ വരെയാണ്.

ഫാമിലെ മൊത്തം പശുക്കളുടെ 90 ശതമാനവും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വെന്തുമരിച്ച 18,000 പശുക്കളെ എങ്ങനെ സംസ്‌കരിക്കുമെന്നതാണ് ഇപ്പോഴത്തെ വലിയ പ്രശ്‌നമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പോലീസും അത്യാഹിത വിഭാഗവും സംഭവസ്ഥലത്ത് എത്തിയപ്പോള്‍, കുടുങ്ങിക്കിടക്കുന്ന ഒരാളെ കണ്ടെത്തി. തുടര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി.

തീപിടിത്തമുണ്ടായ കാസ്ട്രോ കൗണ്ടി ഡയറി ഫാമുകളും കന്നുകാലി വളര്‍ത്തലുകളും നിറഞ്ഞ പ്രദേശമാണ്. പ്രതിമാസം 148 ദശലക്ഷം പൗണ്ട് പാലാണ് കാസ്ട്രോ കൗണ്ടിയില്‍ മാത്രം ഉല്‍പ്പാദിപ്പിക്കുന്നത്.

2020 ല്‍ യോര്‍ക്ക് ഡയറി ഫാമിലുണ്ടായ തീപിടിത്തമായിരുന്നു രാജ്യത്തെ ഏറ്റവും കൂടുതല്‍ കന്നുകാലികള്‍ കൊല്ലപ്പെട്ട തീപിടിത്തം. അന്ന് 400-ലധികം പശുക്കളാണ് കൊല്ലപ്പെട്ടിരുന്നത്.

പാല്‍ ഉല്‍പ്പാദനത്തില്‍ ദേശീയതലത്തില്‍ നാലാം സ്ഥാനത്താണ് ടെക്‌സാസിന്റെ സ്ഥാനം. സംസ്ഥാനത്തെ ഡയറികളില്‍ ഏകദേശം 625,000 പശുക്കള്‍ പാല്‍ ഉത്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പ്രതിവര്‍ഷം 16.5 ബില്യണ്‍ പൗണ്ട് പാല്‍ ആണ് ടെക്‌സാസില്‍ മാത്രം ഉത്പാദിപ്പിക്കുന്നത്. ഓരോ വര്‍ഷവും ഏകദേശം 486 ദശലക്ഷം ഡോളര്‍ പാലുല്‍പ്പന്നങ്ങളാണ് ടെക്സാസില്‍നിന്ന് കയറ്റുമതി ചെയ്യുന്നത്.

2018 നും 2021 നും ഇടയില്‍ അമേരിക്കയിലുടനീളമുണ്ടായ തീപിടിത്തങ്ങളില്‍ ഏകദേശം മൂന്ന് ദശലക്ഷം കാര്‍ഷിക മൃഗങ്ങളാണ് ചത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.