ആന്ധ്രാപ്രദേശിലെ അജ്ഞാത രോഗം; ദുരൂഹത തുടരുന്നു

ആന്ധ്രാപ്രദേശിലെ അജ്ഞാത രോഗം; ദുരൂഹത തുടരുന്നു

ഏലൂർ: ആന്ധ്രാപ്രദേശില്‍ ഏലൂരിലെ അജ്ഞാത രോഗത്തിനു കാരണം കോവിഡ് ശുചീകരണത്തിന്റെ ഭാഗമായി ഉപയോഗിച്ച ബ്ലീച്ചിംഗ് പൗഡറും ക്ലോറിനും കലര്‍ന്ന വെള്ളം ഉപയോഗിച്ചതാകാമെന്ന് വിദഗ്ധര്‍. രോഗബാധിതരുടെ രക്ത സാമ്പിളുകളിൽ ലെഡിന്റെയും നിക്കലിന്റെയും അംശം കണ്ടെത്തിയതായി ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സംഘത്തിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന നടത്തിയത്. അജ്ഞാതരോഗം ബാധിച്ച്‌ 550ല്‍ അധികം പേരാണ് ചികിത്സ തേടിയത്.

ലോകാരോഗ്യ സംഘടന, ന്യൂഡല്‍ഹി എയിംസ്, ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍, സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുളാര്‍ ബയോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘമാണ് രോഗ കാരണം അന്വേഷിക്കുന്നത്. വെള്ളം മലിനമായതിനെക്കുറിച്ച്‌ പ്രത്യേകം അന്വേഷിക്കുന്നുണ്ടെന്ന് സംഘം ആന്ധ്ര സര്‍ക്കാരിനെ അറിയിച്ചു.

ഇവിടെയുള്ളവരെ അടിയന്തരമായി എല്ലാ പരിശോധനകള്‍ക്കും വിധേയമാക്കാന്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി നിര്‍ദേശം നല്‍കിയിരുന്നു. എല്ലാ കുടിവെള്ള സ്രോതസ്സുകളിലും പരിശോധന തുടങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.