'സ്വത്ത് തട്ടിയെടുക്കുക ലക്ഷ്യം': പിന്നില്‍ സഹോദരന്‍; തട്ടിക്കൊണ്ടുപോയ പ്രവാസിയുടെ പുതിയ വീഡിയോ പുറത്ത്

'സ്വത്ത് തട്ടിയെടുക്കുക ലക്ഷ്യം': പിന്നില്‍ സഹോദരന്‍; തട്ടിക്കൊണ്ടുപോയ പ്രവാസിയുടെ പുതിയ വീഡിയോ പുറത്ത്

കോഴിക്കോട്: താമരശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയുടെ പുതിയ വീഡിയോ പുറത്ത്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സഹോദരന്‍ നൗഫലാണെന്ന് ഷാഫി പറയുന്നു. നൗഫലിനെ സൂക്ഷിക്കണമെന്ന് പിതാവ് പറഞ്ഞിരുന്നെന്നും ഷാഫി വീഡിയോയില്‍ വ്യക്തമാക്കുന്നു.

തന്റെ സ്വത്ത് തട്ടിയെടുക്കുകയാണ് തട്ടിക്കൊണ്ടുപോകലിലൂടെ നൗഫല്‍ ലക്ഷ്യമിട്ടതെന്ന് ഷാഫി പറയുന്നു. തനിക്ക് രണ്ടുപെണ്‍ മക്കളാണ് ഉള്ളത്. പെണ്‍മക്കള്‍ ഉള്ള അച്ഛന്‍ മരിച്ച് കഴിഞ്ഞാല്‍ മതാചാര പ്രകാരം സ്വത്ത് സഹോദരനിലേക്കാണ് പോകുക. അതുകൊണ്ട് സഹോദരനെ ശ്രദ്ധിക്കണമെന്ന് ഉപ്പ പറഞ്ഞതായും ഷാഫി പറയുന്നു. കരഞ്ഞുകൊണ്ടാണ് ഷാഫി കാര്യങ്ങള്‍ പറയുന്നത്. എന്നാല്‍ തട്ടിക്കൊണ്ടുപോയ സംഘം ഷാഫിയെ കൊണ്ട് ഭിഷണിപ്പെടുത്തി പറയിക്കുന്നതാണെന്നാണ് പൊലീസിന്റെ നിഗമനം.

ഇന്നലെ പുറത്തുവന്ന വീഡിയോയില്‍ താനും സഹോദരനും ചേര്‍ന്ന് സൗദിയില്‍ 325 കിലോ സ്വര്‍ണം കൊണ്ടുവന്നതെന്നായിരുന്നു ഷാഫി പറഞ്ഞത്.
ഏപ്രില്‍ ഏഴാം തീയതി രാത്രിയാണ് രണ്ടു വാഹനങ്ങളിലായി എത്തിയ സംഘം ഷാഫിയെ തട്ടിക്കൊണ്ടു പോയത്. ഇത് തടയാന്‍ ശ്രമിച്ച ഭാര്യയേയും വാഹനത്തില്‍ വലിച്ചു കയറ്റിയെങ്കിലും പിന്നീട് ഇറക്കിവിട്ടു. സംഭവം നടന്ന് എട്ട് ദിവസമായിട്ടും ഷാഫിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പിന്നില്‍ സ്വര്‍ണക്കടത്തു സംഘമാണെന്ന സംശയത്തിലാണ് പൊലീസ്. കാണാതായതിന് പിന്നാലെ ഷാഫിയുടെ രണ്ടാമത്തെ വീഡിയോ ആണ് പുറത്തുവന്നത്. വീഡിയോയുടെ ഉറവിടം കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി.

അതേസമയം 325 കിലോ സ്വര്‍ണം അടങ്ങിയ കണ്ടെയ്‌നര്‍ കിംഗ് ഖാലിദ് എയര്‍പോര്‍ട്ടില്‍ നിന്ന് കടത്തിയതിന് പിന്നില്‍ മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര നെറ്റ്വര്‍ക്കെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ നിരപരാധികളായ രണ്ട് മലയാളികളാണ് ഇരകളാക്കപ്പെട്ടിരിക്കുന്നതെന്നും പറയുന്നു. അതില്‍ ഒരാള്‍ കണ്ണൂര്‍ പേരാവൂര്‍ തൊണ്ടിയില്‍ സ്വദേശി റോണി വര്‍ഗീസും മറ്റൊരാള്‍ വടകര സ്വദേശി അന്‍സാറാണ്. ഇരുവരേയും സുഹൃത്തുക്കള്‍ ചേര്‍ന്ന് കേസില്‍ അകപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.