തട്ടുകടകള്‍ രാത്രി 11 ന് പൂട്ടണം; പുതിയ നിയന്ത്രണം ഉടന്‍

 തട്ടുകടകള്‍ രാത്രി 11 ന് പൂട്ടണം; പുതിയ നിയന്ത്രണം ഉടന്‍

തിരുവനന്തപുരം: തലസ്ഥാനത്തെ തട്ടുകടകള്‍ക്ക് ഇനിമുതല്‍ രാത്രി പതിനൊന്ന് മണിവരെ മാത്രം പ്രവര്‍ത്തന സമയം. ആദ്യം പരീക്ഷണ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കും. രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന കടകളുടെ പരിസരം ഗുണ്ടകളുടെയും ലഹരി വില്‍പനക്കാരുടേയും താവളമാക്കുന്നു എന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം.

തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളെ വിവിധ സോണുകളുടെ കീഴിലാക്കുകയാണ് ആദ്യ ഘട്ടം. ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലും എസ്എച്ച്ഒമാരുടെ കീഴിലായിരിക്കും നിയന്ത്രണം. അംഗീകൃത കടകള്‍ക്ക് നഗരസഭ ലൈസന്‍സ് നല്‍കും. നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളാണ് നല്‍കിയിരിക്കുന്നത്. ഇത് ഉടന്‍ നിര്‍ത്തലാക്കും.

പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും ഏകോപിക്കുന്നതിനായി പൊലീസ്, മോട്ടര്‍വാഹന വകുപ്പ്, നഗരസഭ, പിഡബ്ല്യുഡി എന്നിവയുടെ പ്രതിനിധികളടങ്ങിയ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ചു.

സോണുകള്‍ നിലവില്‍ വന്നാല്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് അതതു സോണുകളില്‍ മാത്രമേ കട നടത്താന്‍ കഴിയൂ. ഈ തീരുമാനം നഗരത്തില്‍ നൈറ്റ് ലൈഫ് സംവിധാനം കൊണ്ടുവരാനുള്ള നീക്കത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയും ഉണ്ട്. നഗരത്തില്‍ പലയിടത്തും രാത്രി വൈകി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ ഭക്ഷണ ശാലകളുണ്ട്. ഒരുപാട് പേര്‍ ഇതിനെ ആശ്രയിക്കുന്നുമുണ്ട്.

തട്ടുകടകള്‍ ആരംഭിക്കുന്നതിനായി നിലവില്‍ 3000 ത്തിലേറെ അപേക്ഷകള്‍ നഗരസഭയ്ക്കു മുന്നിലുണ്ട്. ഇതില്‍ പകുതി അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏപ്രിലിന് ശേഷം പുതിയ കടകള്‍ക്ക് നഗരസഭ അനുമതി നല്‍കിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.