അതിഖ് വധം; അന്വേഷണത്തിന് മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷന്‍

അതിഖ് വധം; അന്വേഷണത്തിന് മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷന്‍

ലക്‌നൗ: ഗുണ്ടാനേതാവും രാഷ്ട്രീയക്കാരനുമായ അതിഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്‌റഫിന്റെയും കൊലപാതകം അന്വേഷിക്കാന്‍ മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഹൈക്കോടതി റിട്ട. ജഡ്ജി അരവിന്ദ് കുമാര്‍ ത്രിപാഠി അധ്യക്ഷനായ കമ്മീഷനില്‍ വിരമിച്ച ജഡ്ജി ബ്രിജേഷ് കുമാര്‍ സോണി, മുന്‍ ഡിജിപി സുബീഷ് കുമാര്‍ സിങ് എന്നിവരും അംഗങ്ങളായിരിക്കും. 

രണ്ട് മാസത്തിനകം കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് 1952 പ്രകാരമാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണ കമ്മീഷന് രൂപം നല്‍കിയത്. 

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും തോക്കുധാരികള്‍ വെടിവച്ചു കൊന്നത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അതിഖ് അഹമ്മദിന്റെ മകന്‍ അസദ് അഹമ്മദിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തി ഏതാനും മണിക്കൂറുകള്‍ക്കകമായിരുന്നു അതിഖിന്റെയും സഹോദരന്റെയും കൊലപാതകം.

പ്രശസ്തിക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പിടിയിലായ പ്രതികളുടെ മൊഴി. ഈ കൊലപാകതത്തിലൂടെ യുപിയിലെ ഏറ്റവും വലിയ മാഫിയ സംഘമാകാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.

അഞ്ച് പ്രതികളാണ് ഈ കേസില്‍ ഉള്ളത്. ഇതില്‍ മൂന്ന് പേര്‍ കസ്റ്റഡിയിലുണ്ട്. രണ്ട് പേര്‍ രക്ഷപ്പെടുകയും ചെയ്തു. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

സംഭവത്തെ തുടര്‍ന്ന് യുപിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. യുപി സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രസേനയെ അയക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.