ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം നഗര വരേണ്യ വര്‍ഗത്തിന്റെ ആശയമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്വവര്‍ഗ വിവാഹ വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളുടെ പരിഗണനാ സാധുത പരിശോധിയ്ക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതയില്‍ ആവശ്യപ്പെട്ടു.
വിവാഹമെന്ന ആശയത്തിന്റെ അന്തസത്ത തകര്‍ക്കുന്ന പുതിയ ഒരു സാമൂഹ്യക്രമം സ്യഷ്ടിയ്ക്കുന്ന വിഷയം പരിഗണിയ്ക്കാന്‍ സുപ്രിം കോടതിയ്ക്ക് അധികാരമില്ല. വിവാഹം അടക്കമുള്ള വിഷയങ്ങളില്‍ നിയമ നിര്‍മാണം കോടതി വഴി നടത്താന്‍ ഉള്ള ശ്രമമാണ് ഇപ്പോഴത്തേത്. ഹര്‍ജികള്‍ പരിഗണിയ്ക്കപ്പെട്ടാല്‍ നിയമനിര്‍മാണ സഭകളുടെ അവകാശത്തിലുള്ള കൈകടത്തലാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.
സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. ഇന്ത്യന്‍ സംസ്‌ക്കാരത്തിനും ജീവിത രീതിയ്ക്കും സ്വവര്‍ഗവിവാഹം എതിരാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന വാദം. സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിര്‍മാണത്തിന് തയാറല്ലെന്ന നിലപാട് തന്നെയാണ് കേന്ദ്രം കോടതിയെ അറിയിക്കുന്നത്.
1954 ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യമല്ല. വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിനുള്ള ഭരണഘടനാപരമായ പരിരക്ഷയുടെ പരിധിയില്‍ സ്വവര്‍ഗ വിഹാഹം വരില്ല. ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാന്‍ ഭരണഘടന നല്കുന്ന അവകാശം സ്വവര്‍ഗ വിവാഹത്തിനുള്ളതല്ല. സ്വവര്‍ഗ വിവാഹം മൗലികാവകാശത്തിന്റെ ഭാഗമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.