അതിരൂപത ഭൂമി ഇടപാട്: ഭൂമി വിറ്റ് നഷ്ടം നികത്താമെന്ന് വത്തിക്കാന്‍ പരമോന്നത കോടതി; മാര്‍ ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ്

അതിരൂപത ഭൂമി ഇടപാട്: ഭൂമി വിറ്റ്  നഷ്ടം നികത്താമെന്ന് വത്തിക്കാന്‍ പരമോന്നത കോടതി; മാര്‍ ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിലുണ്ടായ നഷ്ടം ഭൂമി വിറ്റ് നികത്താന്‍ വത്തിക്കാന്‍ പരമോന്നത കോടതിയുടെ അനുമതി. ഭൂമി ഇടപാടിലെ നഷ്ടം, ഇട നിലക്കാരൻ ഈടായി നൽകിയ  കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വിറ്റ് നികത്താം.

സിനഡ് തീരുമാനത്തിന് അംഗീകാരം നല്‍കിയ വത്തിക്കാന്‍ കോടതി എറണാകുളം-അങ്കമാലി അതിരൂപതയിലെ ചില വൈദികരും കാനോനിക സമിതികളും നല്‍കിയ അപ്പീല്‍ തള്ളി. ഭൂമി ഇടപാടു കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വത്തിക്കാന്‍ ക്ലീന്‍ ചിറ്റും നല്‍കിയിട്ടുണ്ട്.

എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ 24 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് സിനഡിന്റെ കണ്ടെത്തല്‍. ഇതിന് പരിഹാരമായി ഇട നിലക്കാരൻ ഈടായി നൽകിയ കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വിറ്റോ, അല്ലെങ്കില്‍ ഈ ഭൂമികള്‍ നഷ്ടത്തിന് പരിഹാരമായി കണക്കാക്കുകയോ ചെയ്യാനാണ് സിനഡ് നിര്‍ദേശിച്ചിരുന്നത്.

ഇട നിലക്കാരൻ ഈടായി നൽകിയ ഭൂമി വിറ്റ് നഷ്ടം നികത്താന്‍ നേരത്തെ വത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ചില വൈദികരും കാനോനിക സമിതികളും അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീലെല്ലാം തള്ളിക്കൊണ്ടാണ് വത്തിക്കാന്‍ പരമോന്നത കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്.

നഷ്ടം നികത്തലും ഭൂമി വില്‍പ്പനയും ഉള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം ഇന്ത്യയുടെ സിവില്‍ കോടതിയുടെ നടപടിക്രമങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കുമെന്നും വത്തിക്കാന്‍ പരമോന്നത കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സീറോ മലബാര്‍ സഭാ തലവന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഭൂമിയിടപാടില്‍ വ്യക്തിപരമായി നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും വത്തിക്കാന്‍ വിലയിരുത്തി. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കാനോനിക നിയമ പ്രകാരം നടപടിയെടുക്കാമെന്ന് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിലിന് വത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.