ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം തിരുസഭയെ നയിച്ച വി. പത്രോസിന്റെ പിന്‍ഗാമികളില്‍ ഒരാളാണ് എണ്‍പത്തിയേഴാമത്തെ മാര്‍പ്പാപ്പയായ സിസിന്നിയൂസ് പാപ്പ. ഏ.ഡി. 708 ജനുവരി 15-ാം തിയതി മുതല്‍ 21 ദിവസങ്ങള്‍ മാത്രം നീണ്ടു നിന്നതായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം.
ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളായിരുന്ന സിറിയയിലും മറ്റു പൗരസ്ത്യ ദേശങ്ങളിലും മുസ്ലീം അധിനിവേശം ശക്തമായപ്പോള്‍ അവിടെ നിന്നും ക്രിസ്ത്യന്‍ വിശ്വാസം അധികമുണ്ടായിരുന്ന ഇടങ്ങളിലേക്കുള്ള ക്രിസ്ത്യാനികളുടെ പലായനം ശക്തമായിരുന്നു. അപ്രകാരം ഇറ്റലിയിലേക്ക് പലായനം ചെയ്തവരില്‍ ഉള്‍പ്പെട്ടവരായിരുന്നു. സിസിന്നിയൂസ് പാപ്പായും അദ്ദേഹത്തിന്റെ മുന്‍ഗാമികളും പിന്‍ഗാമികളുമായ ചില മാര്‍പ്പാപ്പമാരും.
ജോണ്‍ ഏഴാമന്‍ പാപ്പാ ദിവംഗതനായി മൂന്നു മാസങ്ങള്‍ക്കുശേഷമാണ് സിസിന്നിയൂസ് പാപ്പായുടെ തിരഞ്ഞെടുപ്പു നടന്നത്. തിരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ അദ്ദേഹം റോമിന്റെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. താന്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന ധാര്‍മ്മിക മൂല്യങ്ങളും അജപാലന കാഴ്ച്ചപ്പാടുകളും മൂലം അദ്ദേഹം റോമിലും തിരുസഭയിലും സമ്മതനും ബഹുമാന്യനുമായ വ്യക്തിയായിരുന്നു. എങ്കിലും മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്ന സമയത്ത് സന്ധിവാതത്താല്‍ മുടന്തുകയും വളരെയധികം കഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. സ്ഥാനാരോഹണസമയത്ത് സ്വയമായി ഭക്ഷണം കഴിക്കുവാന്‍ പോലും കഴിയാത്ത വിധം അവശനായിരുന്നു അദ്ദേഹം. അതിനാല്‍ തന്നെ എടുത്തുപറയത്തക്ക വിധത്തിലുള്ള സംഭവ വികാസങ്ങള്‍ ഇദ്ദേഹത്തിന്റെ ഭരണകാലവുമായി ബന്ധപ്പെട്ട് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടില്ല.
സിസിന്നിയൂസ് പാപ്പായുടെ സഭാപരമായ നടപടിയായി രേഖപ്പെടുത്തിയിരിക്കുന്നത് കോര്‍സിക്കാ രൂപതയുടെ മെത്രാനെ വാഴിച്ചതു മാത്രമാണ്. റോമാ നഗരത്തിനു ചുറ്റുമുള്ള മതിലുകള്‍ കൂടുതല്‍ ബലിഷ്ഠമാക്കുവാന്‍ അദ്ദേഹം കല്‍പ്പിച്ചുവെങ്കിലും പ്രസ്തുത ജോലികള്‍ ആരംഭിക്കുന്നതിനുമുമ്പേ പാപ്പാ ദിവംഗതനായി. ഏ.ഡി. 708 ഫെബ്രുവരി 4-ാം തീയതി കാലം ചെയ്ത സിസിന്നിയൂസ് പാപ്പായുടെ ഭൗതികശരീരം വി. പത്രോസിന്റെ ബസിലിക്കയില്‍ അടക്കം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.