ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന്റെ പരിപാലന ചുമതല നാലംഗ അതോറിറ്റിക്ക് നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍. ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ റീജിയണല്‍ ഡയറക്ടറാണ് ചെയര്‍മാന്‍. തമിഴ്നാട്ടിലെയും കേരളത്തിലെയും ഓരോ അംഗങ്ങള്‍ സമിതിയിലുണ്ടാകും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നീക്കം നടത്തിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് കേരളത്തിലും ഉടമസ്ഥര്‍ തമിഴ്‌നാടുമായതിനാല്‍ സ്‌പെസിഫൈഡ് ഡാമുകളുടെ പരിധിയില്‍ പെടുത്തിയാണ് സമിതി രൂപീകരിച്ചത്.
ഇതോടെ സുപ്രീം കോടതി രൂപീകരിച്ച താല്‍ക്കാലിക സംവിധാനമായ മേല്‍നോട്ട സമിതി ഇല്ലാതായേക്കും. സംസ്ഥാന ഡാം സുരക്ഷ സമിതിയുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങള്‍ അടങ്ങുന്ന സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിനോട് ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഓഗസ്റ്റില്‍ കേസ് വീണ്ടും പരിഗണിക്കും.
മുല്ലപ്പെരിയാര്‍ കേസ് സുപ്രിംകോടതി പരിഗണിക്കുന്നതിനിടെ കേരളത്തിന് നേരെ തമിഴ്നാട് വിമര്‍ശനമുന്നയിച്ചു. അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി സുരക്ഷയുടെ ഭാഗമായ നടപടികള്‍ തടസപ്പെടുത്തുകയാണ് കേരളമെന്നാണ് വിമര്‍ശനം. എര്‍ത്ത് ഡാം ശക്തിപ്പെടുത്തുന്നതും അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികളും കേരളം വൈകിക്കുകയാണെന്നും തമിഴ്നാട് കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.