തിരുവനന്തപുരം: കേരളത്തിന് പുതുതായി അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ സര്‍വീസ് കാസര്‍കോട് വരെ നീട്ടിയ സാഹചര്യത്തില്‍ രണ്ടാംഘട്ട ട്രയല്‍ റണ്‍ ആരംഭിച്ചു. പുലര്‍ച്ച 5.20 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നാരംഭിച്ച ട്രെയിന്‍ കാസര്‍കോട് വരെ ട്രയല്‍ റണ്‍ നടത്തും.
എട്ടര മണിക്കൂറാണു ആകെ പ്രതീക്ഷിക്കുന്ന യാത്രാസമയം. ഉച്ചയോടെ മടക്കയാത്ര തുടങ്ങും. രാത്രി തിരുവനന്തപുരത്ത് എത്തിച്ചേരും വിധമാണ് ട്രയല്‍ റണ്‍ ക്രമീകരിച്ചിരിക്കുന്നത്. വിവിധ മേഖലകളില്‍ എടുക്കാന്‍ കഴിയുന്ന വേഗം പരിശോധിക്കുക, പാളത്തിന്റെ ക്ഷമത വിലയിരുത്തുക, തുടങ്ങിയവയായിരുന്നു പരീക്ഷണ യാത്രയുടെ ലക്ഷ്യം.
തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെ ഒന്നാംഘട്ട ട്രയല്‍ റണ്‍ നടത്തിയിരുന്നു. നേരത്തെ കണ്ണൂര്‍ വരെ എന്ന് പ്രഖ്യാപിച്ച വന്ദേഭാരത് സര്‍വീസ് കാസര്‍കോട് വരെ നീട്ടിയതായി ഇന്നലെ റെയില്‍വേ മന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രയല്‍ റണ്‍ കാസര്‍കോട്ടേക്ക് നീട്ടിയത്.
തിങ്കളാഴ്ചത്തെ നടത്തിയ പരീക്ഷണ യാത്രയില്‍ തിരുവനന്തപുരത്ത് നിന്ന് ഏഴ് മണിക്കൂര്‍ 10 മിനിറ്റുകൊണ്ടാണ് ട്രയിന്‍ കണ്ണൂരിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 25 ന് വന്ദേഭാരത് ഔദ്യോഗികമായി ഫ്ളാഗ് ഓഫ് ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് ട്രയല്‍ റണ്‍ നടത്തിവരുന്നത്. വരും ദിവസങ്ങളിലും ട്രയല്‍ റണ്‍ ഉണ്ടാകുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കാസര്‍കോട് വരെ സര്‍വീസ് നീട്ടിയതോടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്ന സില്‍വര്‍ലൈന്‍ റെയില്‍ പദ്ധതിയുടെ ദൂരമത്രയും വന്ദേഭാരതും സര്‍വീസ് നടത്തും. തുടക്കത്തില്‍ എട്ട് കോച്ചുമായിട്ടാകും വന്ദേഭാരത് സര്‍വീസ്. ഒരേസമയം തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ട് നിന്നും പുറപ്പെടുന്നവിധം ഏതാനും മാസങ്ങള്‍ക്കകം സര്‍വീസ് ക്രമീകരിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
വന്ദേഭാരതിന്റെ ആശയത്തെത്തന്നെ ഇല്ലാതാക്കുമെന്നതിനാല്‍ കൂടുതല്‍ സ്റ്റോപ് അനുവദിക്കില്ല. പകരം കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കും. മൂന്ന് ഘട്ട നവീകരണത്തിലൂടെ വേഗം 160 കിലോമീറ്ററാക്കും. ഇപ്പോള്‍ 70-80 കിലോമീറ്റര്‍ വേഗമുള്ള ഷൊര്‍ണൂര്‍-കണ്ണൂര്‍ സെക്ഷനാകും ആദ്യഘട്ടത്തില്‍ നവീകരിക്കുക. ഒന്നര വര്‍ഷത്തിനകം ഇവിടെ 110 കിലോമീറ്റര്‍ വേഗം കൈവരിക്കാനാകും. ഇതിനു 381 കോടി രൂപ നീക്കിവച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.