ജക്കാര്‍ത്ത: ശ്രീലങ്കയില്‍ 270-ലേറെ പേരുടെ മരണത്തിന് കാരണമായ ബോംബ് സ്ഫോടനങ്ങള്‍ക്കു പിന്നിലെ സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മനുഷ്യച്ചങ്ങല തീര്‍ക്കാനൊരുങ്ങി കത്തോലിക്ക സഭ. കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്താണ് ഏപ്രില്‍ 21-ന് പ്രാദേശിക സമയം രാവിലെ എട്ടിന് ആരംഭിക്കുന്ന മനുഷ്യച്ചങ്ങലയില്‍ അണിചേരാന്‍ ശ്രീലങ്കയിലെ കത്തോലിക്കാരോടും മറ്റു മതവിശ്വാസികളോടും ആഹ്വാനം ചെയ്തത്. മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ അവരുടെ ജോലിസ്ഥലത്ത് രണ്ട് മിനിറ്റ് മൗനമാചരിക്കണമെന്നും കര്‍ദിനാള്‍ അഭ്യര്‍ത്ഥിച്ചു.
ഏപ്രില്‍ 21-നാണ് രാജ്യത്തെ ഞെട്ടിച്ച, 270-ലധികം ആളുകള്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ നാലാം വാര്‍ഷികം. ഇത്രയും നാളായിട്ടും നീതി ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തത്. നിരപരാധികള്‍ കൊല്ലപ്പെട്ട ആക്രമണത്തെക്കുറിച്ചുള്ള പൂര്‍ണമായ സത്യം ഇതുവരെ പുറത്തു വന്നിട്ടില്ലെന്ന് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
'ഈ ആക്രമണങ്ങള്‍ക്കു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന മുന്‍ അറ്റോര്‍ണി ജനറലിന്റെ പ്രസ്താവന അതീവ ഗൗരവത്തോടെയാണ് ഞങ്ങള്‍ കാണുന്നത്. അന്നത്തെ സര്‍ക്കാര്‍ അക്കാലത്ത് നിയമിച്ച പാര്‍ലമെന്ററി കമ്മിഷന്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിനെ പിന്തുണയ്ക്കുന്നു. കൂട്ടക്കൊലയ്ക്കിടെ എന്താണ് സംഭവിച്ചതെന്ന് പൗരന്മാര്‍ അറിയണം. മുന്‍കാലങ്ങളില്‍ കൊലപാതകങ്ങളും അക്രമങ്ങളും മതപരവും വംശീയവുമായ സംഘര്‍ഷങ്ങളും ഉണ്ടായിട്ടുണ്ട്. അധികാരം നേടാനും നിലനിര്‍ത്താനും വേണ്ടി നിയമവും നീതിയും അവഗണിച്ചു. ഈ ദുഷിച്ച രാഷ്ട്രീയ സംസ്‌ക്കാരം ഈ കുറ്റകൃത്യങ്ങളെല്ലാം മറയ്ക്കുന്ന തന്ത്രമാണ് സ്വീകരിക്കുന്നത്. ഈ ദുഷിച്ച രീതികള്‍ തുറന്നുകാട്ടാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് കര്‍ദിനാള്‍ മുന്നറിയിപ്പ് നല്‍കി.
2019 ഏപ്രില്‍ 21-ന് ഈസ്റ്റര്‍ ദിനത്തിലാണ് മൂന്ന് കത്തോലിക്ക പള്ളികള്‍ക്കും നാല് ആഡംബര ഹോട്ടലുകള്‍ക്കും നേരെ ചാവേര്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 270 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന, അന്നത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേന നിയോഗിച്ച ഉദ്യോഗസ്ഥര്‍ അനാസ്ഥ കാട്ടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരകളുടെ കുടുംബങ്ങള്‍ക്ക് പ്രസിഡന്റ് 10 കോടി ശ്രീലങ്കന്‍ രൂപ (ഒരു ശ്രീലങ്കന്‍ രൂപ ഇന്ത്യയിലെ 22 പൈസയ്ക്കു തുല്യം) നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടതോടെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി കോടതി വിലയിരുത്തിയിരുന്നു.
എന്നിട്ടും ദുരന്തത്തില്‍ ഇരകളായവര്‍ക്ക് നീതി ലഭ്യമാകുന്നത് നീണ്ടുപോകുകയാണ്. ഈ തിരിച്ചറിവില്‍ നിന്നാണ് പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമാക്കാന്‍ ആലോചനകള്‍ നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.