വന്ദേഭാരത് രണ്ടാം ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി; മടക്കയാത്രയ്ക്ക് അധികമെടുത്തത് 15 മിനിറ്റ്

വന്ദേഭാരത് രണ്ടാം ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി; മടക്കയാത്രയ്ക്ക് അധികമെടുത്തത് 15 മിനിറ്റ്

തിരുവനന്തപുരം: കാസര്‍കോട് വരെയുള്ള വന്ദേഭാരത് ട്രെയിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായി. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്ക യാത്രക്ക് എട്ട് മണിക്കൂർ അഞ്ച് മിനിറ്റ് സമയമെടുത്തു. കാസര്‍കോടേക്കുള്ള യാത്രയ്ക്ക് വേണ്ടി വന്നതിനേക്കാള്‍ 15 മിനിറ്റ് സമയം അധികമെടുത്താണ് ട്രെയിന്‍ തിരിച്ചെത്തിയത്.

ആദ്യ ട്രയല്‍ റണ്ണിനെക്കാള്‍ പത്തുമിനിറ്റ് വൈകി ബുധനാഴ്ച്ച രാവിലെ 5.20 നാണ് രണ്ടാം പരീക്ഷണയോട്ടം തുടങ്ങിയത്. 6.10 ന് കൊല്ലത്തെത്തി. കഴിഞ്ഞ തവണ തിരുവനന്തപുരം-കോട്ടയം എത്താന്‍ രണ്ട് മണിക്കൂര്‍ 18 മിനിറ്റ് എടുത്തെങ്കില്‍ ഇത്തവണ അഞ്ച് മിനിറ്റ് നേരത്തെ 7.33 ന് എത്തി. എറണാകുളം നോര്‍ത്തില്‍ എത്തിയത് 8.32ന്. കഴിഞ്ഞ തവണയേക്കാള്‍ ആറ് മിനിറ്റ് നേരത്തെ. 

തൃശൂരില്‍ 10 മിനിറ്റും കോഴിക്കോട് 16 മിനിറ്റും കണ്ണൂരില്‍ 18 മിനിറ്റും നേരത്തെ എത്തി. എന്നാല്‍ ആദ്യ ട്രയല്‍ റണ്ണില്‍ ട്രെയിന്‍ നിര്‍ത്തിയ തിരൂരില്‍ ഇത്തവണ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് 1.10 ന് ട്രെയിന്‍ കാസര്‍കോട് എത്തി. എടുത്ത സമയം ഏഴ് മണിക്കൂര്‍ 50 മിനിറ്റ്. എട്ടു മണിക്കൂര്‍ 59 മിനിറ്റില്‍ എത്തുന്ന രാജധാനിയെക്കാള്‍ ഒരു മണിക്കൂര്‍ ഒന്‍പതു മിനിറ്റ് നേരത്തേയാണ് വന്ദേഭാരതിന്റെ റണ്ണിംഗ് സമയം. 

മാവേലി എക്‌സ്പ്രസിനെക്കാള്‍ മൂന്നു മണിക്കൂര്‍ 25 മിനിറ്റ് നേരത്തെയും പരശുറാമിനെക്കാള്‍ നാലു മണിക്കൂര്‍ 19 മിനിറ്റ് നേരത്തെയും വന്ദേ ഭാരത്തില്‍ കാസര്‍കോട് എത്താം. യാത്രയുടെ മൊത്തം ശരാശരി വേഗം എടുത്താല്‍ ആദ്യ ട്രയല്‍ റണ്ണിനെക്കാള്‍ നാലു കിലോമീറ്റര്‍ കൂടുതല്‍ വേഗത രണ്ടാം ട്രയല്‍ റണ്ണില്‍ ഉണ്ടായി. 

മണിക്കൂറില്‍ 69 .91 കിലോമീറ്റര്‍ ആയിരുന്നു ആദ്യ ട്രയല്‍ റണ്‍ വേഗം. എന്നാല്‍ രണ്ടാം ട്രയല്‍ റണ്ണിന് മണിക്കൂറില്‍ ശരാശരി 74.84 കിലോമീറ്റര്‍ വേഗത്തിലോടാന്‍ സാധിച്ചു. അതേസമയം പാലരുവി എക്‌സ്പ്രസ് അടക്കം പല ട്രെയിനുകളും വന്ദേ ഭാരത് പരീക്ഷണ ഓട്ടത്തിനായി പിടിച്ചട്ടത് യാത്രക്കാരെ വലച്ചു. പാലരുവി എക്‌സ്പ്രസ് 35 മിനിറ്റ് വൈകിയാണ് കോട്ടയത്ത് എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.