സീന്യൂസ് ലൈവ് രണ്ടാം വാര്‍ഷികവും അവാര്‍ഡ് നൈറ്റും ഏപ്രില്‍ 23 ന് കൊച്ചിയില്‍

സീന്യൂസ് ലൈവ് രണ്ടാം വാര്‍ഷികവും അവാര്‍ഡ്  നൈറ്റും ഏപ്രില്‍ 23 ന് കൊച്ചിയില്‍

സത്യം സത്യമായി പറഞ്ഞ രണ്ടു വര്‍ഷങ്ങള്‍.

കൊച്ചി: നീതിയുടെയും സത്യത്തിന്റെയും പക്ഷം മുറുകെപ്പിടിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ മലയാളികളുടെ മനസുകളില്‍ ഇടം നേടിയ സീന്യൂസ് ലൈവ് രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നു.
.
ജാതി മത കക്ഷി രാഷ്ട്രീയ വേര്‍തിരിവുകളില്ലാതെ സത്യത്തിന്റെ പക്ഷത്തു നിന്ന് വാര്‍ത്തകളെ അപഗ്രഥിക്കാനും ജനങ്ങളിലെത്തിക്കാനും നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമമാണ് സീന്യൂസ് ലൈവ്.

മതനിരപേക്ഷ ചൈതന്യം ഉള്‍ക്കൊണ്ട് സമൂഹത്തില്‍ നന്മയുടെ സന്ദേശ വാഹകരാകാന്‍ ശ്രമിക്കുന്ന വാര്‍ത്താ മാധ്യമമായ സീന്യൂസിന് രണ്ടു വര്‍ഷത്തിനുളളില്‍ ഇന്ത്യയിലും അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, യു.കെ, സ്വിറ്റ്സര്‍ലന്‍ഡ്, കാനഡ, ആഫ്രിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയടക്കം 102 രാജ്യങ്ങളിലും വായനക്കാരുണ്ട്.

2021 മെയ് 21 ന് സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയായിരുന്നു ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. ആഗോള മലയാളികളുടെ ഉടമസ്ഥതയില്‍ ഗ്ലോബല്‍ മീഡിയ നെറ്റ്വര്‍ക്കിങ് ആരംഭിച്ച സീന്യൂസ് ലൈവ് സത്യത്തെ സത്യമായി, വാര്‍ത്തയില്‍ വളച്ചൊടിക്കല്‍ ഇല്ലാതെ ലോകത്തെ അറിയിക്കുക എന്ന ലഷ്യം വെച്ച് മുന്നേറി.


മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ വാര്‍ത്തകള്‍ നല്‍കുന്ന പോര്‍ട്ടലിന് പ്രതിമാസം ഒരു കോടിയിലധികം വായനക്കാരാണുള്ളത്. ഭാരതത്തിന്റെ സംസ്‌കാരവും വൈവിധ്യങ്ങളും അഭിമാന നേട്ടങ്ങളും ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ എത്തിക്കാന്‍ സീന്യൂസ് ഇംഗ്ലീഷ് പോര്‍ട്ടലും നിതാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നു


രണ്ടാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഈ മാസം 23 ന് വൈകുന്നേരം അഞ്ചിന് കൊച്ചി പാടിവട്ടത്തെ അസീസിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ വാര്‍ഷികാഘോഷവും അവാര്‍ഡ് നൈറ്റും നടത്തും.

ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. കെസിബിസി മീഡിയാ കമ്മീഷന്‍ ചെയര്‍മാനും തലശേരി ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍, കേരള വിഷന്‍ ചെയര്‍മാന്‍ പ്രവീണ്‍ മോഹന്‍, സീന്യൂസ് ലൈവ് ചെയര്‍മാന്‍ വര്‍ഗീസ് തോമസ് എന്നിവര്‍ ആശംസകള്‍ അറിയിക്കും.

രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനം സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി വടക്കേക്കരയ്ക്ക് നല്‍കി നിര്‍വഹിക്കും.

വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിലെ പൊതുരംഗത്തും മാധ്യമ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചവരെ അവരുടെ സമഗ്ര സംഭാവനകളെ പരിഗണിച്ച് ആദരിക്കും. ഇതിന്റെ ഭാഗമായി ശ്രീകുമാരന്‍ തമ്പി (ഗാനരചയിതാവ്, സംഗീത സംവിധായകന്‍, സിനിമാ സംവിധായകന്‍), ആര്‍. ശ്രീകണ്ഠന്‍ നായര്‍ (മാനേജിങ് ഡയറക്ടര്‍ ഫ്‌ളവേഴ്‌സ് ടി വി & 24 ന്യൂസ്), ഭദ്രന്‍ മാട്ടേല്‍ (സിനിമാ സംവിധായകന്‍), ദയാബായി (സാമൂഹിക പ്രവര്‍ത്തക) എന്നിവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കും.


ജോണി ആന്റണി (മലയാള സിനിമ), പി.യു തോമസ് (കാരുണ്യ പ്രവര്‍ത്തനം), കുര്യാച്ചന്‍ തെരുവന്‍കുന്നേല്‍ (കൃഷി), ബേബി ജോണ്‍ കലയന്താനി ( ഭക്തി ഗാനം), ബിനോയ് സെബാസ്റ്റ്യന്‍ ( പ്രൊഫഷണല്‍), മാസ്റ്റര്‍ പീറ്റര്‍ ടൈറ്റസ് (പ്രത്യേക സിനിമ), ജിന്റോ ജോണ്‍ (സാങ്കേതികം) എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കും.

തുടര്‍ന്ന് നടക്കുന്ന കലാസന്ധ്യയില്‍ പിന്നണി ഗായകരായ സുദീപ് കുമാര്‍, ചിത്രാ അരുണ്‍ എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നും ക്ലാസിക്കല്‍ നര്‍ത്തകി സോഫിയ സുദീപ് അവതരിപ്പിക്കുന്ന നൃത്തവും ഉണ്ടാവും.

പരിപാടിയുടെ വിജയത്തിനായുള്ള എല്ലാ നടത്തിപ്പുകളും പൂര്‍ത്തിയായതായി സോണി മനോജ്, വിപിന്‍ വര്‍ഗീസ്, മനോജ് തോമസ് എന്നിവര്‍ അറിയിച്ചു.

വാര്‍ഷികാഘോഷം വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സീന്യൂസ് ലൈവ് സിഇഒ ലിസി കെ. ഫെര്‍ണാണ്ടസ്, ചീഫ് എഡിറ്റര്‍ ജോ കാവാലം, എക്സിക്യൂട്ടീവ് എഡിറ്റര്‍ ജയ്മോന്‍ ജോസഫ്, ടെക്നിക്കല്‍ ഡയറക്ടര്‍ അഭിലാഷ് തോമസ്, സീനിയര്‍ സബ് എഡിറ്റര്‍ അനിത മേരി ഐപ്പ് എന്നിവര്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.