ലിബിയ: ക്രൈസ്തവ വിശ്വാസം പ്രചരിപ്പിച്ചതിനും ഇസ്ലാം മതത്തില്‍ നിന്ന് മതപരിവര്‍ത്തനം നടത്തിയതിനും ലിബിയയില്‍ പൗരന്മാരെയും വിദേശികളെയും അറസ്റ്റ് ചെയ്തു. ലിബിയയിലെ ഇന്റേണല്‍ സെക്യൂരിറ്റി ഏജന്‍സിയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ എത്ര പേരെയാണ് അറസ്റ്റ് ചെയ്തതെന്നോ അവരുടെ പേരുകള്‍ എന്താണെന്നോ ഉള്ള വിവരം പുറത്തുവിട്ടിട്ടില്ല.
ഒരു പെണ്‍കുട്ടിയുള്‍പ്പെടെ ആറ് ലിബിയക്കാരുടെയും ഒരു പാക്കിസ്ഥാനിയുടെയും രണ്ട് അമേരിക്കക്കാരുടെയും നിര്‍ബന്ധിതമായി കുറ്റം സമ്മതിപ്പിക്കുന്ന വീഡിയോ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. വീഡിയോയില്‍ ഇവരുടെ മുഖം മറച്ചിട്ടുണ്ട്.
ലിബിയയുടെ തലസ്ഥാന നഗരമായ ട്രിപ്പോളിക്കു സമീപം ഗേറ്റ്വേ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് അമേരിക്കന്‍ പൗരന്മാര്‍ ജോലി ചെയ്യുന്നത്. ഇംഗ്ലീഷാണ് ഇരുവരും പഠിപ്പിക്കുന്നത്.
സ്‌കൂള്‍ ക്രിസ്ത്യന്‍ മത പ്രബോധനത്തിനുള്ള രഹസ്യ കേന്ദ്രമാക്കി മാറ്റിയതായാണ് അമേരിക്കന്‍ സ്വദേശികള്‍ക്കെതിരേയുള്ള ആരോപണം. ലിബിയക്കാരെ മതം മാറ്റുന്നതില്‍ അമേരിക്കക്കാര്‍ ഉള്‍പ്പെടുന്ന സംഘടന പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഇന്റേണല്‍ സെക്യൂരിറ്റി ഏജന്‍സി കുറ്റപ്പെടുത്തുന്നു.
അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ലിബിയയില്‍ ജനസംഖ്യയുടെ മൂന്നു ശതമാനത്തില്‍ താഴെ മാത്രമാണ് ക്രൈസ്തവരുള്ളത്.
2021 ഒക്ടോബര്‍ ഒന്നു മുതല്‍ 2022 സെപ്റ്റംബര്‍ അവസാനം വരെയുള്ള കാലയളവില്‍ 200-ലധികം ക്രിസ്ത്യാനികള്‍ ശാരീരികവും മാനസികവുമായ ആക്രമണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്.
19 ക്രൈസ്തവര്‍ തട്ടിക്കൊണ്ടുപോകലിനും നിരവധി പേര്‍ അറസ്റ്റിനും വിധേയരായിട്ടുള്ളതായി കണക്കുകള്‍ പറയുന്നു.
പള്ളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഓപ്പണ്‍ ഡോഴ്‌സിന്റെ പട്ടിക പ്രകാരം ക്രിസ്ത്യാനികള്‍ ഏറ്റവും വലിയ പീഡനം നേരിടുന്ന രാജ്യങ്ങളില്‍ ലിബിയയ്ക്ക് അഞ്ചാം സ്ഥാനമുണ്ട്.
ഫെബ്രുവരിയില്‍ പടിഞ്ഞാറന്‍ ലിബിയയില്‍ മോചനദ്രവ്യത്തിനായി ആറ് ഈജിപ്ഷ്യന്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളെ ഒരു ക്രിമിനല്‍ സംഘം തട്ടിക്കൊണ്ടുപോയി. പിന്നീട് ഇവരെ വിട്ടയച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.