കല്പറ്റ: മലയാറ്റൂര്‍ സന്ദര്‍ശനം കഴിഞ്ഞ് വരികെയായിരുന്ന സുഹൃത്തുക്കളായ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ 10 അടി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. വയനാട് കല്പറ്റ പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിയില്‍ ഞായറാഴ്ച വൈകിട്ട് ആറോടെയായിരുന്നു അപകടം. കണ്ണൂര്‍ പാലത്തുങ്കടവ് സ്വദേശി അഡോണ്‍ (21), അങ്ങാടിക്കടവ് സ്വദേശി ജിസ്ന മേരി ജോസഫ് (21), കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സ്നേഹ ജോസഫ് (21) എന്നിവരാണ് മരിച്ചത്.
സഹപാഠിയായ പേരാവൂര്‍ സ്വദേശി സാന്‍ജോ, സ്നേഹയുടെ സഹോദരി സോന, അഡോണിന്റെ സഹോദരി ഡിയോണ എന്നിവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂരില്‍ നിന്ന് മടങ്ങുമ്പോഴാണ് അപകടം. ഇരിട്ടി അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളജ് വിദ്യാര്‍ഥികളാണ് എല്ലാവരും.
വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു. വൈദ്യുത പോസ്റ്റിലും മരത്തിലും ഇടിച്ച ശേഷം തലകീഴായിമറിഞ്ഞ കാറില്‍ നിന്ന് ഏറെ ശ്രമപ്പെട്ടാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരപരിക്കേറ്റ ഡിയോണയെ മേപ്പാടി വിംസ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടം നടന്നതിന് സമീപത്തെ വീട്ടില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. റോഡില്‍ നിന്ന് താഴ്ചയിലേക്ക് കാര്‍ തെറിച്ച് വീഴുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. കാര്‍ റോഡിലെ വൈദ്യുത പോസ്റ്റില്‍ തട്ടി, താഴേക്ക് പതിക്കുകയായിരുന്നു. തലകീഴായി മറിഞ്ഞ കാറിന്റെ മുന്‍ഭാഗവും മുകള്‍വശവും പൂര്‍ണമായി തകര്‍ന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.