വത്തിക്കാന്‍ സിറ്റി: ഭൗമദിനം ആചരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ വിഷയത്തില്‍ സമൂഹിക ബോധവല്‍ക്കരണം നടത്തി ദാരിദ്ര്യ നിര്‍മാര്‍ജനവും ഹരിത സമ്പദ് വ്യവസ്ഥയും സാധ്യമാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും എര്‍ത്ത് ഡേ നെറ്റ് വര്‍ക്കിന്റെ പ്രസിഡന്റ് കാത്ലീന്‍ റോജേഴ്സ് വത്തിക്കാന്‍ ന്യൂസിനോട് വിശദീകരിച്ചു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്റെ 'ലൗദാത്തോ സി' എന്ന ചാക്രിക ലേഖനത്തിലൂടെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ലോകത്തിനു നല്‍കിയ സംഭാവനയെക്കുറിച്ചും അവര്‍ ഊന്നിപ്പറഞ്ഞു.
എല്ലാ വര്‍ഷവും ഏപ്രില്‍ 22 ന്
ലോകമെമ്പാടും ആചരിക്കുന്ന ഭൗമദിനം അനേകര്‍ക്ക് പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പ്രേരക ശക്തിയാണ്. പാരിസ്ഥിതിക വിഷയങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മറ്റനേകം പേര്‍ക്ക് ഇത് അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനുള്ള ഒരു അവസരവുമാണ് - റോജേഴ്സ് അഭിപ്രായപ്പെട്ടു. മനുഷ്യന്റെ ദൈനംദിന ജീവിതവുമായി ഗാഢമായി ബന്ധപ്പെട്ടതാണ് താന്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെന്ന് അവര്‍ പറഞ്ഞു.
എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു ദിവസം
പരിസ്ഥിതിയെക്കുറിച്ചുള്ള ബോധവല്‍ക്കരണങ്ങള്‍, ഇതു സംബന്ധിച്ച മറ്റു സാമൂഹിക പരിപാടികള്‍, പ്രതിഷേധങ്ങള്‍, നിവേദനങ്ങള്‍ എന്നിവയാല്‍ ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഒരു ദിവസമായി ഭൗമദിനം മാറുന്നു. സ്‌കൂള്‍ കുട്ടികള്‍ മുതല്‍, മേയര്‍മാര്‍, ലോകനേതാക്കന്മാര്‍ എന്നിവര്‍ വരെ നമ്മുടെ പൊതു ഭവനമായ ഭൂമിയെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള പോരാട്ടത്തില്‍ എല്ലാ ദിവസവും പങ്കെടുക്കുന്നു.
ഫ്രാന്‍സിസ് പാപ്പയുടെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള നിരന്തരമായ ആഹ്വാനം ഇതിനായി മുന്നിട്ടിറങ്ങാന്‍ അനേകര്‍ക്ക് പ്രചോദനമായിട്ടുണ്ട് - റോജേഴ്സ് കൂട്ടിച്ചേര്‍ത്തു. ഹരിത ജീവിത ശൈലിയെക്കുറിച്ചുള്ള സന്ദേശം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് ഭൗമദിനാചരണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം - അവര്‍ ചൂണ്ടിക്കാട്ടി.
ഫ്രാന്‍സിസ് പാപ്പയുടെ ഇടപെടല്‍
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതിസന്ധികള്‍ക്കതിരെ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് അവബോധം സൃഷ്ടിക്കുന്നത് തന്റെ പ്രധാനപ്പെട്ട ദൗത്യങ്ങളില്‍ ഒന്നായിട്ടാണ് മാര്‍പാപ്പ ഏറ്റെടുത്തിരിക്കുന്നത്. ഇതുകൂടാതെ 'ലൗദാത്തോ സി' എന്ന തന്റെ ചാക്രിക ലേഖനത്തിലൂടെ കത്തോലിക്കരും അല്ലാത്തവരുമായ ലോക ജനതയുടെ മുമ്പില്‍ പഠനത്തിനും വിചിന്തനത്തിനുമായി ഈ വിഷയം അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് കാത്ലീന്‍ പറഞ്ഞു. ഇത് കാലാവസ്ഥാ പ്രസ്ഥാനത്തിന് കത്തോലിക്കാ സഭയുടെ നേതാവെന്ന നിലയില്‍ അദ്ദേഹം നല്‍കിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ്.
പത്രോസിന്റെ സിംഹാസനത്തിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതിനു വളരെ മുമ്പുതന്നെ ജോര്‍ജ് മാരിയോ ബെര്‍ഗോഗ്ലിയോയ്ക്ക് നാം അധിവസിക്കുന്ന ഈ ഗ്രഹത്തെക്കുറിച്ച് അത്യധികമായ കരുതല്‍ ഉണ്ടായിരുന്നു. മാര്‍പ്പാപ്പ എന്ന സുപ്രധാനമായ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനു ശേഷമാണ് ഇതേക്കുറിച്ച് ലോകം കൂടുതലായി ശ്രദ്ധിച്ചു തുടങ്ങിയത്. വ്യക്തമായ നയങ്ങളും നിലപാടുകളും ഈ കാര്യത്തില്‍ അദ്ദേഹത്തിനുണ്ട്. അതിനേക്കാളുപരി ലോകത്തിലെ നൂറ്റിയമ്പതു കോടി കത്തോലിക്കരുടെയില്‍ അദ്ദേഹത്തിനുള്ള ശക്തമായ സ്വാധീനം മറ്റേതൊരു ലോക നേതാവിനും ഉള്ളതിനേക്കാള്‍ വളരെ വലുതാണ്.
പരിസ്ഥിതി വിഷയത്തില്‍ കത്തോലിക്കാ സഭയുടെ സംഭാവനകള്‍
മൂല്യാധിഷ്ഠിതമായ സാമൂഹിക ജീവിതവും പരസ്‌നേഹവും മതവിശ്വാസത്തിന്റെ ഭാഗമായിത്തന്നെ പാലിക്കുന്ന കത്തോലിക്കാ വിശ്വാസികള്‍ക്ക് സഭയ്ക്കുള്ളില്‍ മാത്രമല്ല പുറത്തുള്ളവരിലേക്കും ഈ മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കാന്‍ ശക്തിയുണ്ടെന്ന് റോജേഴ്‌സ് പറഞ്ഞു. മാര്‍പ്പാപ്പയോടും പരിസ്ഥിതി പ്രസ്ഥാനങ്ങളോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ വിശ്വാസികളോടും അവര്‍ തന്റെ നന്ദി അറിയിച്ചു. ധാര്‍മ്മികമായ പിന്തുണ നല്‍കുന്നതോടൊപ്പം ഈ മേഖലയില്‍ കര്‍മ്മനിരതരായി നിന്നുകൊണ്ട് സഭാംഗങ്ങള്‍ പരിസ്ഥിതി മുന്നേറ്റങ്ങളെ സഹായിക്കുന്നതിനെയും അവര്‍ പ്രശംസിച്ചു.
ബോധവല്‍ക്കരണത്തിന്റെ പ്രാധാന്യം
ഭൗമദിനത്തിന്റെ ആചരണം ബോധവല്‍ക്കരണത്തിനുള്ള ഏറ്റവും നല്ല അവസരമാക്കണമെന്ന് റോജേഴ്സ് പറഞ്ഞു. ശാസ്ത്രം പഠിപ്പിക്കുന്ന കാര്യങ്ങള്‍ മാത്രമല്ല ഇതില്‍ ഉള്‍പ്പെടുത്തേണ്ടത്. പ്രത്യാശയോടെ ഭാവിയെ നോക്കിക്കാണാന്‍ സമൂഹത്തെ പ്രാപ്തമാക്കണം. പുതിയ കണ്ടുപിടിത്തങ്ങളിലേക്കും സംരഭകത്വങ്ങളിലേക്കും നയിക്കുന്ന വിധത്തില്‍ നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും ബോധവല്‍ക്കരണത്തിലൂടെ സാധിക്കണം.
വ്യാവസായിക വിപ്ലവം അന്നത്തെ ലോകത്തെ കീഴ്‌മേല്‍ മറിച്ചതുപോലെ, ഇന്ന് ഹരിത സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് പുതിയൊരു വിപ്ലവം സാധ്യമാക്കണം. അതിനായി നിലവില്‍ ഉപയോഗിക്കുന്ന വിവിധ ഊര്‍ജ സ്രോതസുകളെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണം. ഹരിത സമ്പദ് വ്യവസ്ഥയെ ആശ്രയിക്കുന്ന ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കണം. ഇതു സാധ്യമാകണമെങ്കില്‍ ആ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസവും ബോധവല്‍ക്കരണവും നല്‍കി, വാണിജ്യ മേഖലയിലും ഭരണ നേതൃത്വത്തിലും പൊതുസമൂഹത്തിലും സഭയിലും ഫലപ്രദമായി ഇടപെടാന്‍ അവരെ പ്രാപ്തരാക്കേണ്ടതുണ്ടെന്നും കാത്ലീന്‍ റോജേഴ്സ് അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26