വത്തിക്കാൻ സിറ്റി: ദൈവം നമ്മെ കരം പിടിച്ച് നടത്തുന്നവനാകയാൽ നമ്മെത്തന്നെ അസ്വസ്ഥരാകാൻ വിട്ടുകൊടുക്കരുതെന്നും വിശ്വാസം നൽകുന്ന ആനന്ദത്തിൽ വ്യാപരിക്കണമെന്നും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ.
ത്രികാലജപ പ്രാർത്ഥനയ്ക്ക് ആമുഖമായി അപ്പസ്തോലിക കൊട്ടാരത്തിന്റെ ജനാലയ്ക്കൽ നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാർപാപ്പ. തന്നോട് കാണിക്കുന്ന സ്നേഹത്തിന് പാപ്പാ ആദ്യംതന്നെ ഏവർക്കും നന്ദി പറയുകയും പ്രാർത്ഥനകളാലും സാമീപ്യത്താലും തൻ്റെ ശുശ്രൂഷയിൽ ഒപ്പമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
സ്വന്തം ശക്തിയിൽ ആശ്രയിക്കരുത്
നമ്മുടെ ജീവിതയാത്രയിലോ വിശ്വാസവഴിയിലോ കുറവുകളുള്ളതായി പലപ്പോഴും നമുക്ക് അനുഭവപ്പെട്ടേക്കാം. എന്നാൽ, യോഹന്നാന്റെ സുവിശേഷത്തിൽ നിന്നുള്ള ഇന്നത്തെ വായന നമ്മെ ഓർമ്മപ്പെടുത്തുന്നത് സ്വന്തം ശക്തിയിൽ ആശ്രയിക്കാതെ നമ്മെ വിളിച്ച കർത്താവിന്റെ കരുണയിൽ ആശ്രയിക്കണമെന്നാണ്.
കാരണം, അവിടുത്തെ പരിശുദ്ധാത്മാവ് നമുക്ക് മാർഗ്ഗനിർദ്ദേശം നൽകുകയും എല്ലാ കാര്യങ്ങളും നമ്മെ പഠിപ്പിക്കുകയും ചെയ്യുമെന്ന് അവിടുന്ന് നമുക്ക് ഉറപ്പു നൽകി. ഉത്കണ്ഠകളും ദുരിതങ്ങളും നമ്മെ അലട്ടിയാലും കർത്താവിൽ നിന്ന് നമുക്ക് ആശ്വാസവും സമാധാനവും തീർച്ചയായും ലഭിക്കുമെന്ന് പരിശുദ്ധ പിതാവ് ഓർമിപ്പിച്ചു.
തങ്ങളുടെ ഗുരുവിൻ്റെ മരണ ദിവസത്തിൻ്റെ തലേന്ന് അപ്പസ്തോലന്മാർ അസ്വസ്ഥരും ആകുലരുമായിരുന്നു. ദൈവരാജ്യത്തിന് സാക്ഷ്യം നൽകുന്നത് എങ്ങനെ തുടരാൻ സാധിക്കുമെന്നോർത്ത് അവർ അസ്വസ്ഥഹൃദയരായി. ഇതു മനസ്സിലാക്കിയ യേശു പരിശുദ്ധാത്മാവിന്റെ ആഗമനത്തെക്കുറിച്ച് വാഗ്ദാനം ചെയ്തുകൊണ്ട് അവരോട് ഇപ്രകാരം പറഞ്ഞു: 'എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം പാലിക്കും. അപ്പോള്‍ എന്‍റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള്‍ അവന്‍റെ അടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും.' (യോഹന്നാന്‍ 14 : 23)
ഹൃദയങ്ങൾ അസ്വസ്ഥമാകാൻ അനുവദിക്കരുത്
ഈ വാക്കുകളിലൂടെ യേശു തൻ്റെ ശിഷ്യന്മാരെ സർവ്വ ഭയങ്ങളിൽ നിന്നും ഉത്കണ്ഠകളിൽ നിന്നും വിമുക്തരാക്കി. അവിടുന്ന് പറഞ്ഞു: നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ.(യോഹന്നാന്‍ 14 : 27)
നാം അവിടുത്തെ സ്നേഹത്തിൽ നിലനിൽക്കുകയാണെങ്കിൽ അവിടുന്ന് നമ്മിൽ വസിക്കും. നമ്മുടെ ജീവിതം ദൈവത്തിന്റെ ആലയമായി മാറും. അവിടുത്തെ സ്നേഹം നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലേക്കും വ്യാപിച്ച് നമ്മുടെചിന്താരീതികളെയും തെരഞ്ഞെടുപ്പുകളെയും രൂപാന്തരപ്പെടുത്തുകയും ചെയ്യും - പാപ്പാ പറഞ്ഞു.
ദൈവം നമ്മെ കരം പിടിച്ചു നടത്തുന്നു
ദൈവം നമ്മുടെ ഉള്ളിൽ വസിക്കുമ്പോൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ അവിടുന്ന് നമ്മെ കരം പിടിച്ച് നയിക്കുന്നതായി നമുക്ക് അനുഭവപ്പെടും. അപ്പോൾ നമുക്ക് ആത്മവിശ്വാസത്തോടെ ഇപ്രകാരം പറയാൻ സാധിക്കും: ഞാൻ ദുർബലനായ മനുഷ്യനാണ്. എങ്കിലും കർത്താവ് എൻ്റെ മാനുഷികതയെക്കുറിച്ച് ലജ്ജിക്കുന്നില്ല. സഭയിലും സമൂഹത്തിലുമുള്ള നമ്മുടെ ഉത്തരവാദിത്വങ്ങൾ പ്രതിബദ്ധതയോടെ നിറവേറ്റാൻ ഇത് നമ്മെ ശക്തരാക്കും.
വിശ്വാസം നൽകുന്ന ആനന്ദത്തിൽ നമുക്ക് വ്യാപരിക്കാം
'ഇക്കാര്യങ്ങൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, വിശ്വാസം നൽകുന്ന ആനന്ദത്തിൽ നമുക്കു വ്യാപരിക്കാം. അവിടുത്തെ സ്നേഹം എല്ലായിടത്തും പരത്തുന്നതിൽ നമുക്ക് പ്രതിബദ്ധതയുള്ളവരായിരിക്കാം' - പാപ്പാ ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.