മുണ്ടും ജുബ്ബയും അണിഞ്ഞ് കേരളീയ വേഷത്തില്‍ മോഡി; ആവേശമായി പ്രധാനമന്ത്രിയുടെ റോഡ് ഷോ

മുണ്ടും ജുബ്ബയും അണിഞ്ഞ് കേരളീയ വേഷത്തില്‍ മോഡി; ആവേശമായി പ്രധാനമന്ത്രിയുടെ റോഡ് ഷോ

കൊച്ചി: കസവ് മുണ്ടുടുത്ത് വെള്ള ജുബ്ബയണിഞ്ഞ് കേരള വേഷത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വലിയ ആവേശത്തോടെയാണ് കൊച്ചി വരവേറ്റത്. നടന്നും തുറന്ന വാഹനത്തിലുമായി ജനങ്ങളുടെ ആദരവും ആവേശവും ഏറ്റുവാങ്ങിയായിരുന്നു രണ്ട് കിലോമീറ്ററോളം നീണ്ട പ്രധാനമന്ത്രിയുടെ റോഡ് ഷോ.

നാവികസേന വിമാനത്താവളത്തില്‍ നിന്ന് വാഹനത്തില്‍ സുരക്ഷാ ഭടന്മാരുടെ അകമ്പടിയോടെ വന്ന പ്രധാനമന്ത്രി വെണ്ടുരുത്തി പാലത്തിൽ ഇറങ്ങിയ ശേഷം പിന്നീട് കാല്‍നട ആയാണ് റോഡ് ഷോ നടത്തിയത്. റോഡിന്റെ ഇരുവശത്തും ആവേശത്തോടെ കാത്തുനിന്ന ആളുകള്‍ക്ക് നേരെ പ്രധാനമന്ത്രി കൈവീശി അഭിവാദനം ചെയ്തു. പൂക്കള്‍ എറിഞ്ഞും മോഡിജിയെന്ന് ഉറക്കെ വിളിച്ചുമാണ് ആള്‍ക്കൂട്ടം ആവേശത്തോടെ പ്രധാനമന്ത്രിയെ എതിരേറ്റത്.

വെണ്ടുരുത്തി പാലത്തിന് സമീപത്ത് നിന്ന് തുടങ്ങി തേവര മാര്‍ക്കറ്റ് പാലം വരെ ഒരു കിലോമീറ്റര്‍ ദൂരം നടത്തിയ കാല്‍നടയാത്രയില്‍ സുരക്ഷാ ഭടന്‍മാരല്ലാതെ പ്രധാനമന്ത്രിക്കൊപ്പം ബിജെപി നേതാക്കളാരും ഉണ്ടായിരുന്നില്ല. പിന്നീട് തേവര എസ്എച്ച് കോളജിന് മുന്നില്‍ വരെ തുറന്ന കാറില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തായിരുന്നു യാത്ര. കോളജിന് മുന്നില്‍ വച്ച് കാറിനുള്ളില്‍ പ്രവേശിച്ച മോദി യുവം വേദിവരെ അടച്ചിട്ട കാറിലാണ് എത്തിയത്.

ദക്ഷിണ നാവികസേനയുടെ ഐഎന്‍എസ് ഗരുഡയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി പി.രാജീവ്, ഹൈബി ഈഡന്‍ എംപി, ടി.ജെ. വിനോദ് എംഎല്‍എ, മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ചീഫ് സെക്രട്ടറി വി.പി. ജോയി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.  

യുവം പരിപാടിക്ക് ശേഷം രാത്രി 7.45ന് വില്ലിങ്ടണ്‍ ഐലന്റിലെ ഹോട്ടല്‍ താജ് മലബാറില്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ 9.25ന് നാവികസേന വിമാനത്താവളത്തില്‍ നിന്നും പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് പുറപ്പെടും. 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30ന് സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്യും. 10.50 വരെ റെയില്‍വേ സ്‌റ്റേഷനില്‍ ചെലവഴിക്കും.

11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ പൂര്‍ത്തിയാക്കുന്ന 3200 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും. കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിനു സമര്‍പ്പിക്കും. ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഉദ്ഘാടനവും നിര്‍വഹിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.