'സംസ്ഥാന വികസനത്തിലൂടെ രാജ്യ വികസനം': 1900 കോടി രൂപയുടെ റെയില്‍വെ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

'സംസ്ഥാന വികസനത്തിലൂടെ രാജ്യ വികസനം': 1900 കോടി രൂപയുടെ റെയില്‍വെ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

തിരുവനന്തപുരം: ലോകത്തേയും രാജ്യത്തേയും കുറിച്ച് കേരളത്തിലുള്ളവര്‍ ബോധവാന്മാരാണെന്നും കേരളം അറിവുള്ളവരുടെ നാടാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേരളത്തിലെ സംസ്‌കാരം, പാചക രീതികള്‍, മികച്ച കാലാവസ്ഥ ഇവയെല്ലാം പുരോഗതിയിലേയ്ക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഭാരതത്തിന്റെ വികസന സാധ്യതകള്‍ ലോകം അംഗീകരിച്ച് കഴിഞ്ഞു. രാജ്യത്തിന്റെ വികസനത്തിന്റെ ഗുണം പ്രവാസികള്‍ക്കും ലഭിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പരിഗണനയാണ് കേന്ദ്രം നല്‍കുന്നതെന്നും പ്രധാമന്ത്രി പറഞ്ഞു.

'മലയാളി സ്‌നേഹിതരെ' എന്ന വിശേഷണത്തോടെയാണ് പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്തത്. കേരളത്തിലെ ജനത ഏറെ പ്രത്യകതയുള്ളവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ വികാസത്തിലൂടെ രാജ്യത്തിന്റെ വികസനം എന്ന് അടിസ്ഥാനമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും വാട്ടര്‍ മെട്രോ അടക്കമുള്ള വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കേരളത്തിന്റെ സ്വന്തം മട്ട അരിയും നാളികേരവും ലോകത്താകെ എത്തിക്കാന്‍ ശ്രമിക്കുകയാണ്. ലോകത്തിന് കേരളത്തില്‍ നിന്നും പലതും പഠിക്കാനുണ്ട്. സ്വയം സഹായ സംഘങ്ങളുടെ ഉല്‍പന്നങ്ങളെ മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വികസിത രാജ്യത്തിനായി നാം കൈകോര്‍ക്കണം. ഈ പദ്ധതികള്‍ക്കൊപ്പം എല്ലാവരും ഒത്തുചേരണമെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍വേ സുവര്‍ണ കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. മുന്‍പുള്ള സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചതിനേക്കാള്‍ അഞ്ചിരട്ടി തുകയാണ് റെയില്‍വേ ബജറ്റിലൂടെ സംസ്ഥാനത്തിന് ഇപ്പോള്‍ ലഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിലെ മൂന്നു സ്റ്റേഷനുകള്‍ ആധുനീകവത്ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഇവ കേവലം റെയില്‍വേ സ്റ്റേഷനുകള്‍ മാത്രമല്ല, ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബുകള്‍ കൂടിയാണ്. കേരളത്തില്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള യാത്ര വന്ദേഭാരത് ട്രെയിന്‍ സുഗമമാക്കും. കേരള-ഷൊര്‍ണൂര്‍ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുമ്പോള്‍ സെമി ഹൈസ്പീഡ് ട്രെയിനുകള്‍ ഓടിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജലമെട്രോ, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി, റെയില്‍വേയുമായി ബന്ധപ്പെട്ട 1900 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇതില്‍ 1,140 കോടി രൂപയുടെ തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട്, നേമം കൊച്ചുവേളി സ്റ്റേഷനുകളുടെ നവീകരണവും ഉള്‍പ്പെടുന്നു. തിരുവനന്തപുരം-ഷൊര്‍ണൂര്‍ സെക്ഷനിലെ 366.83 കിലോമീറ്റര്‍ വേഗം കൂട്ടാന്‍ ട്രാക്ക് നവീകരണ പദ്ധതിക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. പാലക്കാട്-ദിണ്ടിഗല്‍ മേഖലയിലെ റെയില്‍വേ ലൈന്‍ വൈദ്യുതീകരണ പ്രവര്‍ത്തനത്തിനും തുടക്കമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.