'എല്ലാ മതസ്ഥര്‍ക്കും സംരക്ഷണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി'- കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

'എല്ലാ മതസ്ഥര്‍ക്കും സംരക്ഷണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി'- കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വിജയകരമായിരുന്നു. എല്ലാ മതസ്ഥര്‍ക്കും സംരക്ഷണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മാര്‍ ആലഞ്ചേരി അറിയിച്ചു.

കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കുകയും കേരളത്തിനായി പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നതിനെ കുറിച്ച് മോഡി വിശദീകരിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഭാരതത്തെ ഒന്നായാണ് കാണുന്നതെന്നും വികസന പരിപാടികളില്‍ സഹകരിക്കാന്‍ കേരളവും തയാറാകണമെന്നും പ്രധാനമന്ത്രി അറിയിച്ചു. എല്ലാ പ്രശ്നങ്ങളും തുറന്ന മനോഭാവത്തോടെ അദ്ദേഹം ശ്രവിച്ചതായും മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി. മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി മോദി തന്നെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിക്കാന്‍ സാധിച്ചതില്‍ സഭാധ്യക്ഷന്മാര്‍ക്ക് ഏറെ സന്തോഷമുണ്ടെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പൊതുവായ വിഷയങ്ങളിലെ ആശങ്കകളെക്കുറിച്ച് സംസാരിച്ചുവെന്ന് യാക്കോബായ സഭാ മെത്രാപൊലീത്ത ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയസ് വ്യക്തമാക്കി. കാര്‍ഷിക പ്രശ്നങ്ങളും മത്സ്യത്തൊഴിലാളി പ്രശ്നങ്ങളും ചര്‍ച്ചാ വിഷയമായി. കേരളത്തിലും രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരണമെന്ന് മാര്‍ ഗ്രിഗോറിയസ് പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും കിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. വികസനത്തിന് മതം മാനദണ്ഡമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഏറെ ഊര്‍ജം നല്‍കുന്നതാണെന്ന് ബിഷപ് ജോസഫ് മാര്‍ ഗ്രിഗറിയോസ് പറഞ്ഞു. പള്ളിത്തര്‍ക്കം സംബന്ധിച്ച വിഷയങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ശാശ്വത പരിഹാരത്തിനുള്ള സകല പിന്തുണയും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. അദ്ദേഹം തങ്ങളോട് പ്രാര്‍ത്ഥനയും അനുഗ്രഹവും ആവശ്യപ്പെട്ടതായും അതുണ്ടാകുമെന്നും ജോസഫ് മാര്‍ ഗ്രിഗോറിയസ് വ്യക്തമാക്കി.

ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. എട്ട് മത മേലധ്യക്ഷന്മാരാണ് താജ് ഹോട്ടലിലെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ച ആഴ്ചകള്‍ക്ക് മുന്നേ തീരുമാനിച്ചിരുന്നതാണ്. കൂടിക്കാഴ്ച അതീവ പ്രാധാന്യത്തോടെയാണ് ബി.ജെ.പി ഉറ്റുനോക്കുന്നത്. ക്രൈസ്തവ വിഭാഗങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കലാണ് കൂടിക്കാഴ്ചയിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്.

കേരളത്തിലെ ക്രൈസ്തവ സഭാധ്യക്ഷന്മാര്‍ക്ക് നേരെ സഹായഹസ്തം നീട്ടിയാണ് പ്രധാനമന്ത്രി തന്റെ സാന്നിധ്യം ക്രൈസ്തവരിലേയ്ക്ക് എത്തിക്കാന്‍ ശ്രമിച്ചത്. മതമേലധ്യക്ഷന്മാര്‍ക്ക് എന്ത് ആശങ്കയുണ്ടായാലും മടി കൂടാതെ തന്നെ സമീപിക്കാമെന്നും എന്ത് ആവശ്യത്തിനും തന്നെ വിളിക്കാം, ഏത് സമയവും താന്‍ ലഭ്യമായിരിക്കുമെന്നും അദ്ദേഹം സഭാധ്യക്ഷന്മാര്‍ക്ക് ഉറപ്പ് നല്‍കുകയുണ്ടായി.

കൂടാതെ പുരോഹിതരുടെയും സഭാധ്യക്ഷന്മാരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവുമാണ് തന്റെ ഊര്‍ജമെന്നും പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ക്രൈസ്തവ സഭകളെ പ്രതിനീധീകരിച്ച് എട്ട് സഭാധ്യക്ഷന്മാരാണ് പ്രധാന മന്ത്രിയുമായുളള കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.
അതേസമയം ക്ഷണമുണ്ടായിട്ടും മര്‍ത്തോമസഭാ കൂടിക്കാഴ്ചക്കുളള അവസരം നിരസിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ച ശേഷമാണ് മര്‍ത്തോമ സഭാ നേതൃത്വം ക്ഷണം നിരസിച്ചത്. യുവം പരിപാടി നീണ്ടുപോയത് കൊണ്ട് നേരത്തെ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി സഭാധ്യക്ഷന്മാരെ മോഡി ഒന്നിച്ചാണ് കണ്ടത്. കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടു നിന്നു.

ഇംഗ്ലീഷിലാണ് പ്രധാനമന്ത്രി സഭാധ്യക്ഷന്മാരുമായി സംസാരിച്ചത്. നഗരത്തിലെ ഗതാഗത കുരുക്ക് മൂലം വൈകിയെത്തിയ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്കയെ പ്രധാനമന്ത്രി ഒറ്റയ്ക്ക് കണ്ടു. സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയേയും അദ്ദേഹം പ്രത്യേകം കണ്ടിരുന്നു.

മത്സ്യ മേഖലയ്ക്കും ആ മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ടിയും സര്‍ക്കാര്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ ലത്തീന്‍ കത്തോലിക്കാ സഭാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് കളത്തിപ്പറമ്പില്‍ അഭിനന്ദിച്ചു. മത്സ്യമേഖലയ്ക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചതും അതിലേക്ക് കൂടുതല്‍ തുക നീക്കി വെച്ചതും ആര്‍ച്ച് ബിഷപ്പ് കളത്തിപ്പറമ്പില്‍ എടുത്ത് പറഞ്ഞു.

സഭാധ്യക്ഷന്മാരുമായുളള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമോ മറ്റ് സാമൂഹിക പ്രശ്നങ്ങളൊ കടന്നുവന്നിരുന്നില്ല. നല്ല നിലയിലുളള കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രിയി നടന്നെന്ന് ബിഷപ്പുമാര്‍ പ്രതികരിച്ചു.

സഭകളുടെ എന്ത് ആവശ്യത്തിനും തന്നെ നേരിട്ട് ബന്ധപ്പെടാമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പും മതമേലധ്യക്ഷന്മാര്‍ക്കിടയില്‍ നല്ല പ്രതികരണം ഉണ്ടാക്കി. ഇത്രയും ക്രൈസ്തവ സഭകളുടെ പരമാധ്യക്ഷന്മാരെ പ്രധാനമന്ത്രി ഒന്നിച്ച് കാണുന്നത് രാജ്യത്ത് തന്നെ ഇതാദ്യമാണ്. മോഡി ഇടയ്ക്കിടെ കേരളത്തില്‍ സന്ദര്‍ശനം നടത്തണമെന്നും ബിഷപ്പുമാര്‍ യോഗത്തില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.