പാലക്കാട്: വന്ദേഭാരത് ട്രെയിനില്‍ വി.കെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ ആര്‍പിഎഫ് കേസെടുത്തു. അട്ടപ്പാടി പുതൂര്‍ പഞ്ചായത്ത് അംഗം സെന്തില്‍ കുമാര്‍ അടക്കം ആറു കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പോസ്റ്റര്‍ ഒട്ടിച്ചതെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആര്‍പിഎഫ് റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവനും ശേഖരിച്ചിരുന്നു. ഒമ്പതുപേരാണ് പോസ്റ്റര്‍ ഒട്ടിക്കാന്‍ ഉണ്ടായിരുന്നതെന്നാണ് സൂചന. ഇതില്‍ ആറുപേരെയാണ് തിരിച്ചറിഞ്ഞത്. വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആര്‍പിഎഫിന് റെയില്‍വേ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ മനപ്പൂര്‍വമല്ല പോസ്റ്റര്‍ പതിപ്പിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സെന്തില്‍കുമാര്‍ പറഞ്ഞു. അബദ്ധം സംഭവിച്ചതാണെന്നും ആവേശത്തില്‍ ചെയ്തതാണെന്നുമാണ് സെന്തില്‍ പറയുന്നത്. പോസ്റ്ററില്‍ പശ തേച്ചിരുന്നില്ല. പോസ്റ്റര്‍ ട്രെയിനിന്റെ ഗ്ലാസില്‍ ചേര്‍ത്തുവെക്കുകയായിരുന്നു. ഗ്ലാസിലുണ്ടായിരുന്ന മഴവെള്ളത്തില്‍ പോസ്റ്റര്‍ ഒട്ടുകയായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്.
പോസ്റ്റര്‍ വെച്ചതിന് പിന്നാലെ ആര്‍പിഎഫ് അതു കീറിക്കളഞ്ഞു. പോസ്റ്റര്‍ വെച്ചതില്‍ യാതൊരു ദുരുദ്ദേശവും ഇല്ലെന്നും സെന്തില്‍ കുമാര്‍ പറഞ്ഞു. തന്റെ പോസ്റ്റര്‍ ഒട്ടിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വി.കെ ശ്രീകണ്ഠന്‍ എംപിയും പ്രതികരിച്ചു. പോസ്റ്റര്‍ ഒട്ടിച്ച പ്രവര്‍ത്തകരെ താക്കീത് ചെയ്തുവെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.
നടപടിയെടുക്കാന്‍ മാത്രമുള്ള തെറ്റ് പ്രവര്‍ത്തകര്‍ ചെയ്തതായി കരുതുന്നില്ല. സംഭവത്തിന്റെ പേരില്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുകയാണ്. സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കും. ബിജെപിയുടെ പ്രചാരണം രാഷ്ട്രീയമാണെന്നും വി.കെ ശ്രീകണ്ഠന്‍ വ്യക്തമാക്കി.
അതേസമയം വന്ദേഭാരതില്‍ പോസ്റ്റര്‍ ഒട്ടിച്ചത് തെറ്റായ നടപടിയാണെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ അച്ചടക്ക നടപടി ഉണ്ടാകുമെന്നും കെ. മുരളീധരന്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.