ചങ്ങനാശേരി അതിരൂപതയില്‍ വിവിധ പരിപാടികള്‍: വത്തിക്കാന്‍ പ്രതിനിധി നാളെ എത്തും; 30 ന് മടങ്ങും

ചങ്ങനാശേരി അതിരൂപതയില്‍ വിവിധ പരിപാടികള്‍: വത്തിക്കാന്‍ പ്രതിനിധി നാളെ എത്തും; 30 ന് മടങ്ങും

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ഡോ. ലെയോപോള്‍ദോ ജിറേല്ലി നാളെ എത്തും.

നാളെ രാത്രി ഏഴിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന അദേഹത്തെ ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയലിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിക്കും.

മാര്‍ തോമ ശ്ലീഹയുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികാചരണം, അതിരൂപത പഞ്ചവത്സര അജപാലന പദ്ധതി സമാപനാഘോഷം എന്നിവ അടക്കമുള്ള പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് അതിരൂപതാ കേന്ദ്രത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. ജയിംസ് പാലയ്ക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍ എന്നിവര്‍ പറഞ്ഞു.

29 ന് രാവിലെ 6.45 ന് വത്തിക്കാന്‍ ന്യൂണ്‍ഷോ അന്താരാഷ്ട്ര കുടുംബ പഠന കേന്ദ്രമായ തുരുത്തി കാനാ ജോണ്‍ പോള്‍ രണ്ടാമന്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ഉപരിപഠനം നടത്തുന്നവരും പ്രഫസര്‍മാരും ഉള്‍പ്പെടുന്ന വൈദികരോടും സമര്‍പ്പിതരോടും സംവാദം നടത്തും.

10.30 ന് ഭിന്നശേഷിക്കാര്‍ക്കുള്ള അതിരൂപതയുടെ സ്ഥാപനമായ ഇത്തിത്താനം ആശാ ഭവന്റെ സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 12 ന് റിട്ടയര്‍ ചെയ്ത വൈദികര്‍ വിശ്രമ ജീവിതം നയിക്കുന്ന ഇത്തിത്താനം സെന്റ് ജോസഫ് പ്രീസ്റ്റ് ഹോം സന്ദര്‍ശിക്കും.

ഉച്ചകഴിഞ്ഞ് 2.30 ന് എസ്.ബി കോളജ് കാവുകാട്ടു ഹാളില്‍ നടക്കുന്ന മാര്‍ത്തോമ്മ ശ്ലീഹയുടെ 1950-ാം രക്തസാക്ഷിത്വ വാര്‍ഷികം, പഞ്ചവത്സര അജപാലന പദ്ധതി സമാപന സമ്മേളനം എന്നിവയില്‍ ഡോ. ലെയോപോള്‍ദോ ജിറേല്ലി മുഖ്യാതിഥിയായിരിക്കും.

സന്ദര്‍ശനത്തില്‍ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയും കബറിട പള്ളിയില്‍ രൂപതയെ നയിച്ച പിതാക്കന്മാരുടെ കബറിടങ്ങളും സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തും. വൈകുന്നേരം ആറിന് ഫാത്തിമാപുരത്തു നിര്‍മിച്ച അല്‍ഫോന്‍സ സ്‌നേഹ നിവാസിന്റെ പുതിയ കെട്ടിടം വെഞ്ചരിക്കും.

30 ന് രാവിലെ ഏഴിന് അദേഹം ചമ്പക്കുളം മര്‍ത്ത മറിയം ബസിലിക്ക സന്ദര്‍ശിച്ച് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. പിന്നീട്  കൈനകരിയിലുള്ള വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ജന്മഗൃഹമായ ചാവറ ഭവന്‍ സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് മുന്നിന് അദേഹം ഡല്‍ഹിക്ക് മടങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.