മാര്‍പ്പാപ്പയെ വരവേല്‍ക്കാന്‍ ഹംഗറി; അപ്പസ്‌തോലിക സന്ദര്‍ശനം ഇന്ന് ആരംഭിച്ചു

മാര്‍പ്പാപ്പയെ വരവേല്‍ക്കാന്‍ ഹംഗറി; അപ്പസ്‌തോലിക സന്ദര്‍ശനം ഇന്ന് ആരംഭിച്ചു

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഹംഗറി സന്ദര്‍ശനം വെള്ളിയാഴ്ച്ച ആരംഭിച്ചു. ഹംഗറിയിലേക്കുള്ള അപ്പസ്‌തോലിക യാത്രയ്ക്കു മുന്നോടിയായി മാര്‍പ്പാപ്പ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി സെന്റ് മേരി മേജര്‍ ബസിലിക്കയിലെത്തി. തന്റെ എല്ലാ വിദേശ അപ്പസ്‌തോലിക യാത്രകള്‍ക്കും മുമ്പ് ഈ ബസിലിക്കയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സന്നിധാനത്തില്‍ എത്തി പാപ്പാ പ്രാര്‍ത്ഥിക്കുക പതിവാണ്. പാപ്പാ തന്റെ സന്ദര്‍ശനം പരിശുദ്ധ കന്യകാമറിയത്തിന് സമര്‍പ്പിച്ചു.

ഇന്നു മുതല്‍ 30 ഞായര്‍ വരെയാണ് മാര്‍പാപ്പയുടെ ഹംഗറി സന്ദര്‍ശനം. 'ക്രിസ്തു നമ്മുടെ ഭാവിയാണ്' എന്നതാണ് ഈ യാത്രയുടെ ആപ്തവാക്യം. ഭരണാധികാരികളുമായും ഹംഗേറിയന്‍ ബിഷപ്പുമാര്‍, വൈദികര്‍, സമര്‍പ്പിത വ്യക്തികള്‍, സെമിനാരിക്കാര്‍, അത്മായര്‍ എന്നിവരുമായും പരിശുദ്ധ പിതാവ് കൂടിക്കാഴ്ച നടത്തും. വാഴ്ത്തപ്പെട്ട ലാസ്ലോ ബത്യാനി-സ്ട്രാറ്റ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭിന്നശേഷിക്കാരായ കുട്ടികളെയും പാവപ്പെട്ടവരെയും യുവാക്കളെയും അഭയാര്‍ത്ഥികളെയും മാര്‍പ്പാപ്പ ഈ യാത്രയില്‍ സന്ദര്‍ശിക്കും.

റഷ്യയിലെയും ഉക്രെയ്‌നിലെയും യുദ്ധത്തിന്റെ ആഘാതം യൂറോപ്യന്‍ രാജ്യങ്ങളിലും അലയടിക്കുമ്പോഴാണ് പരിശുദ്ധ പിതാവിന്റെ സന്ദര്‍ശനം. ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് പാപ്പ വിമാനമിറങ്ങുന്നത്. കാല്‍മുട്ടിലെ പ്രശ്‌നം നിമിത്തം വീല്‍ചെയറിലിരുന്നു തന്നെയാണ് സന്ദര്‍ശം.

ബുഡാപെസ്റ്റില്‍ 2021-ല്‍ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിനോടനുബന്ധിച്ചു നടത്തിയ യാത്രയുടെ പൂര്‍ത്തികരണമാണ് ഈ അപ്പസ്‌തോലിക സന്ദര്‍ശനമെന്നു പാപ്പാ വെളിപ്പെടുത്തി. ഒരു തീര്‍ത്ഥാടകന്‍, സുഹൃത്ത്, സഹോദരന്‍ എന്നീ നിലകളിലാണ് താന്‍ ഹംഗറിയിലെ സഹോദരങ്ങളെ സന്ദര്‍ശിക്കുകയെന്ന് പാപ്പാ നേരത്തെ വ്യക്തമാക്കിയിരുന്നു.

'ഹംഗറി ഊര്‍ജ്ജസ്വലമായ ക്രിസ്ത്യന്‍ രാജ്യം'

ഹംഗറിയിലെത്തുമ്പോള്‍ മാര്‍പ്പാപ്പയ്ക്ക് ഊര്‍ജ്ജസ്വലമായ ക്രിസ്ത്യന്‍ രാജ്യത്തെ കണ്ടെത്താനാകുമെന്ന് വത്തിക്കാനിലെ ഹംഗറിയുടെ സ്ഥാനപതി എഡ്വേര്‍ഡ് ഹബ്‌സ്ബര്‍ഗ് പറഞ്ഞു. കത്തോലിക്കര്‍ മുതല്‍ കാല്‍വിനിസ്റ്റ് വരെയുള്ള ക്രിസ്ത്യന്‍ സഭകള്‍ വരെ നന്നായി ജീവിക്കുന്ന രാജ്യമാണ് ഹംഗറിയെന്ന് എഡ്വേര്‍ഡ് ഹബ്‌സ്ബര്‍ഗ് പറഞ്ഞു. മധ്യ യൂറോപ്പിലെ കത്തോലിക്കാ ഭൂരിപക്ഷ രാജ്യമാണ് ഹംഗറി. ജനസംഖ്യയില്‍ 60 ശതമാനം കത്തോലിക്കരാണ്.

1.6 ദശലക്ഷത്തിലധികം അംഗങ്ങളുള്ള കാല്‍വിനിസ്റ്റ്-അധിഷ്ഠിത ഹംഗേറിയന്‍ നവീകരണ സഭയുടെ ഭാഗമാണ് പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനും പ്രസിഡന്റ് കാറ്റലിന്‍ നോവാക്കും.

ഹംഗറിയില്‍ ക്രിസ്തുമതത്തിന് 1,000 വര്‍ഷത്തിലധികം ചരിത്രമുണ്ട്. 11-ാം നൂറ്റാണ്ടില്‍ ഹംഗറിയിലെ രാജാവായിരുന്ന സെന്റ് സ്റ്റീഫനാണ് തന്റെ രാജ്യത്തെ ക്രിസ്ത്യന്‍ വിശ്വാസത്തിലേക്ക് നയിച്ചത്.

'മിഡില്‍ ഈസ്റ്റ്, നൈജീരിയ, പാകിസ്ഥാന്‍, ലോകത്തിന്റെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികളെ സഹായിക്കാന്‍ ഹംഗേറിയന്‍ വിദേശകാര്യ മന്ത്രാലയം ആരംഭിച്ച 'ഹംഗറി ഹെല്‍പ്‌സ്' കഴിഞ്ഞ ആറ് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ച് പാപ്പയ്ക്ക് നന്നായി അറിയാമെന്ന് ഹബ്‌സ്ബര്‍ഗ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.