ആവർത്തിക്കപ്പെടുന്ന വിശുദ്ധ കുർബാനയുടെ അവഹേളനങ്ങൾ!

ആവർത്തിക്കപ്പെടുന്ന വിശുദ്ധ കുർബാനയുടെ അവഹേളനങ്ങൾ!

വിശുദ്ധ കുർബാനയെ അവഹേളിക്കുന്നതുമായി ബന്ധപ്പെട്ട് നമ്മുടെ മനസ്സിൽ പെട്ടെന്ന് കടന്നുവരുന്ന ഒരു ചിത്രം ബ്ലാക്ക് മാസിന്റേതാണ്. കഴിഞ്ഞ കുറെ നാളുകളായി നമ്മുടെ സമൂഹത്തിൽ നാം കേൾക്കുന്ന ഒരു പദമാണ് ബ്ലാക്ക് മാസ്. തിരുവോസ്തി മോഷ്ടിച്ചു കൊണ്ടു പോവുകയും അതിനെ വികൃതമാക്കി മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുകയുമാണല്ലോ ബ്ലാക്ക് മാസ്സുകാർ ചെയ്യുന്നത്. എന്നാൽ, ഇന്ന് വിശുദ്ധ കുർബാന മറ്റ് പല രീതിയിലും അവഹേളിക്കപ്പെടുന്നുണ്ട്. വിശുദ്ധ കുർബാനയുടെ വില ഇടിച്ചു കാണിക്കുന്ന വിധത്തിലുള്ള സംഭാഷണങ്ങളും പ്രസ്താവനകളും ഇതിന് ഉദാഹരണമാണ്. സോഷ്യൽ മീഡിയയുടെ ഈ കാലഘട്ടത്തിൽ തങ്ങളുടെ ഭാവനയ്ക്കനുസൃതമായി പലരും ഈ വിഷയത്തിൽ 'വൈദഗ്ധ്യം' കാണിക്കുന്നുണ്ട്. വിശുദ്ധ കുർബാന ഈ കാലഘട്ടത്തിൽ പലപ്പോഴും നിരന്തരമായി അവഹേളിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. സഭ നൂറ്റാണ്ടുകളായി കാത്തുസൂക്ഷിച്ചു പോരുന്ന ഈ വലിയ വിശ്വാസ നിക്ഷേപത്തെ അവഹേളിക്കുന്ന മനോഭാവം പലപ്പോഴും വിശ്വാസികൾ എന്ന് അവകാശപ്പെടുന്ന ചിലരുടെ ഇടയിൽ നിന്നാണ് ഉണ്ടാകുന്നത്. പല ശൈലികളുടെ രൂപത്തിൽ ഇന്ന് ഈ അവഹേളനം കാണാവുന്നതാണ്.

*വിശുദ്ധ കുർബാനയുടെ ഏകീകൃത രീതി*

ഏകീകൃത ബലിയർപ്പണ രീതി 2021 നവംബർ 28ന് സീറോ മലബാർ സഭയിൽ നടപ്പിലായിക്കഴിഞ്ഞതാണ്. കത്തോലിക്കാ കൂട്ടായ്മയിലെ 24 വ്യക്തി സഭകളിൽ ഒന്നായ സീറോ മലബാർ സഭ അതിന്റെ ചിര പുരാതനമായ ആരാധനക്രമവുമായി ബന്ധപ്പെട്ട് ഏറെ നിർണായകമായ ഒരു തീരുമാനമാണ് അന്ന് നടപ്പിലാക്കിയത്. ഒരു വ്യക്തി സഭയെ സംബന്ധിച്ചിടത്തോളം അതിന്റെ സിനഡിനാണ് വി ശുദ്ധ കുർബാന അഥവാ ആരാധനക്രമവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുവാനുള്ള അധികാരം ഉള്ളത്.
വിശുദ്ധ കുർബാനയുടെ ഏകീകൃത രീതി നടപ്പിലായ ശേഷം അതിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കാൻ മുന്നിട്ടിറങ്ങിയവർ വളരെയാണ്. വൈദികരും സന്യസ്തരും അല്മായരും ഇതിൽ ഉൾപ്പെടുന്നു. "തങ്ങളെ കേട്ടില്ല" എന്നാണ് അവരുടെ പരിദേവനം.എന്നാൽ, വിശ്വാസവും ധാർമികതയുമായി ബന്ധപ്പെട്ട സുപ്രധാനമായ കാര്യങ്ങളിൽ ഭൂരിപക്ഷസ്വരത്തിന്റെ അടിസ്ഥാനത്തിലോ പൊതുസമൂഹത്തിന്റെ അഭിപ്രായമനുസരിച്ചോ അല്ല സഭയിൽ തീരുമാനങ്ങൾ എടുത്തിട്ടുള്ളത്. സഭയുടെ പ്രബോധനാധികാരമാണ് ഇക്കാര്യങ്ങളിലെ അവസാന വാക്ക്. നാളിതുവരെയുള്ള കത്തോലിക്കാ സഭയുടെ ചരിത്രം അതാണ് കാണിക്കുന്നത്. ഏതായാലും സഭയുടെ സിനഡ് ആണ് ആരാധനാക്രമപരമായ കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നത്.

*ദൈവത്തിന്റെ പ്രവൃത്തിയായ ആരാധനക്രമം*

ഏകീകൃത ബലിയർപ്പണവുമായി ബന്ധപ്പെട്ട പലരുടെയും കമന്റുകൾ കേൾക്കുമ്പോൾ മനസ്സിലാകുന്ന ഒരു കാര്യം വിശുദ്ധ കുർബാന എന്നത് അവരെ സംബന്ധിച്ച് തങ്ങളുടെ സൗകര്യത്തിനനുസരിച്ച് നടപ്പിലാക്കിക്കൊടുക്കേണ്ട ഒന്നാണ്. "ജനാഭിമുഖ കുർബാന നിലനിർത്തുക" തുടങ്ങിയ പോസ്റ്ററുകളും മുദ്രാവാക്യങ്ങളും ഇതാണ് സൂചിപ്പിക്കുന്നത്.ഇവിടെ വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട ഏറ്റവും അടിസ്ഥാനപരമായ അർത്ഥം അവഗണിക്കപ്പെട്ടു പോകുന്നു. വിശുദ്ധ കുർബാന ബലി ആയാലും വിരുന്നായാലും അത് ദൈവത്തിന്റെ പ്രവൃത്തിയാണ് (God's act) എന്നതാണ് പ്രധാനപ്പെട്ട വസ്തുത.
മനുഷ്യന്റെ റോൾ ഇവിടെ വളരെ പരിമിതമാണ്. ക്രൈസ്തവ കാഴ്ചപ്പാടനുസരിച്ച് ദൈവത്തിന്റെ വെളിപാടിനുള്ള (God's Revelation) മറുപടിയാണ് വിശ്വാസം. അത് നമുക്ക് ദാനമായി കിട്ടിയതാണ്, നാം സ്വന്തമായി ഉണ്ടാക്കുന്നതല്ല. അതുകൊണ്ടാണ് വിശുദ്ധ കുർബാനയിലെ അടയാളങ്ങളും ആംഗ്യങ്ങളും പോലും കേവലം അനുരൂപണം എന്ന പേരിൽ മറ്റു മതങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും സ്വീകരിക്കരുത് എന്ന് പറയുന്നത്.
ആരാധനക്രമം ദൈവത്തിന്റെ പ്രവൃത്തിയാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം പഠിപ്പിക്കുന്നു:
"ആരാധനക്രമത്തിലെ ഓരോ തിരുക്കർമ്മവും പുരോഹിതനായ മിശിഹായുടെയും അവിടുത്തെ ശരീരമായ സഭയുടെയും പ്രവൃത്തിയാകയാൽ വിശുദ്ധവും ഉത്കൃഷ്ടവുമാണ്"
(ആരാധനക്രമം, No.4). കൗൺസിൽ തുടരുന്നു:" ഓരോ രൂപതയിലും മെത്രാനെ കേന്ദ്രീകരിച്ചുള്ള ആരാധനക്രമ ജീവിതം എല്ലാവരും കാര്യമായി കരുതണം. പ്രാർത്ഥനയിലും പൊതുവായ ദിവ്യകർമ്മത്തിലും പ്രത്യേകിച്ച് ദിവ്യബലിയിലും ക്രിയാത്മകമായി പങ്കുകൊള്ളുവാൻ ഐക്യപ്പെട്ട് നിൽക്കുന്ന ദൈവജനത്തിന്റെ അധ്യക്ഷനായി മെത്രാൻ തന്റെ പുരോഹിത ഗണത്തോടും ശുശ്രൂഷകരോടും കൂടി സന്നിധി ചെയ്യുമ്പോഴാണ് സഭ ഏറ്റവും വ്യക്തമായി സ്വയം ആവിഷ്കൃതയായിരിക്കുന്നത്"(No.41).

*അവഹേളിക്കപ്പെടുന്ന വിശുദ്ധ കുർബാന!*

ഇന്ന് സഭയിലെ വിശ്വാസികൾ എന്ന് അവകാശപ്പെടുന്ന പലരും വിശുദ്ധ കുർബാനയെയും അതിന്റെ അർപ്പണ രീതിയേയും അവഹേളിക്കുന്ന തരത്തിലുള്ള കമന്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. "പിതാവേ, ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർക്ക് അറിഞ്ഞുകൂടാ, ഇവരോട് ക്ഷമിക്കണമേ" എന്ന കർതൃവചനത്തെ ഓർമിപ്പിക്കുന്ന വിധത്തിലാണ് പലരുടെയും കമന്റുകൾ അരങ്ങു തകർക്കുന്നത്!മുൻവിധികൾ വെച്ചുകൊണ്ടാണ് പലരും ദൈവികമായ കാര്യങ്ങളെ വിമർശിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് എന്നത് നിർഭാഗ്യകരമാണ്. ആരാധന ക്രമത്തെക്കുറിച്ച് പറയുമ്പോൾ പലരും അടയാളങ്ങളെയും പ്രതീകങ്ങളെയും ചൂണ്ടിക്കാട്ടിയാണ് സംസാരിക്കുന്നത്.ഈ അടയാളങ്ങളും പ്രതികങ്ങളും ആരാധനാ ജീവിതത്തിന് നമ്മെ സഹായിക്കുന്നതാണെന്ന അടിസ്ഥാന അവബോധം പോലും പലർക്കും ഇല്ലാതെ പോകുന്നു.വൈകാരികമായി മാത്രം ഈ വിഷയത്തെ സമീപിക്കുന്നവർ പലപ്പോഴും മറ്റുള്ളവരുടെ വികാരങ്ങളെ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്. ക്രൂശിതരൂപത്തെയും മാർത്തോമാസ്ലീവയെയും ബന്ധപ്പെടുത്തി നടത്തുന്ന ആക്ഷേപങ്ങൾ ഇതിന് ഉദാഹരണമാണ്. ഉത്ഥിതനും ക്രൂശിതനുമായ മിശിഹായെ ചിത്രീകരിക്കുക എന്നത് ആദ്യകാലം മുതലേ സഭയുടെ പാരമ്പര്യത്തിൽ ഉൾപ്പെടുന്നതാണ്.എന്നാൽ പലപ്പോഴും ഇതിനെ വിവാദമാക്കി അവതരിപ്പിക്കാനാണ് പലരും താല്പര്യപ്പെടുന്നത്. മദ്ബഹാവിരിയുടെ കാര്യവും അതുപോലെതന്നെയാണ്.
"കർത്താവിനെ വിരിയിട്ടു മൂടിയിരിക്കുന്നു" എന്ന നിഷേധാത്മക അർത്ഥത്തിലാണ് പലരും ഇതിനെ കാണുന്നത്. എന്നാൽ വിശുദ്ധ സ്ഥലത്തിന് കൊടുക്കേണ്ട ബഹുമാനത്തെ ദ്യോതി പ്പിക്കുന്ന വളരെ ശക്തമായ ഒരു അടയാളമാണ് മദ്ബഹാ വിരി എന്ന കാര്യം പലരും സൗകര്യപൂർവ്വം മറക്കുന്നു.പല പൗരസ്ത്യ സഭകളിലും മദ്ബഹാ വിരിക്ക് സമാനമായ സജ്ജീകരണങ്ങൾ ഉണ്ട്. ബൈസന്റയിൻ സഭയിലെ 'ഐക്കണോസ്റ്റാസിസ്'
(iconostasis)എന്ന സംവിധാനം ഇതിന് ഉദാഹരണമാണ്. മദ്ബഹയെയും ജനങ്ങൾ നിൽക്കുന്ന സ്ഥലത്തെയും തമ്മിൽ വേർതിരിക്കുന്ന ഐക്കണുകൾ ചിത്രീകരിച്ചിരിക്കുന്ന വാതിലിനെയാണ് ഐക്കണോസ്റ്റാസിസ് എന്ന് വിളിക്കുന്നത്.
*സഭാവിജ്ഞാനീയത്തെക്കുറിച്ചുള്ള അജ്ഞത*
സഭാവിജ്ഞാനത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഇന്നത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന് പറയാവുന്നതാണ്. ഇന്ന് പലരും സഭയെ കാണുന്നത് തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഒരു സംവിധാനം മാത്രം ആയിട്ടാണ് എന്ന കർദ്ദിനാൾ റാറ്റ്സിംഗറിന്റെ (ബെനഡിക്ട് പതിനാറാമൻ മാർപാപ്പ) നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. മിശിഹായുടെ തുടർച്ചയായി സഭയെ കാണുന്നതിനേക്കാൾ പലരും ഊന്നൽ കൊടുക്കുന്നത് അധികാര സംവിധാനമുള്ള ഒരു സഭയെ കാണുന്നതിനാണ്. ഇത്തരം കാഴ്ചപ്പാടുകൾ സഭയെ പലപ്പോഴും അധികാര സംവിധാനത്തിന്റെ കേന്ദ്രമായി മാത്രമാണ് അവതരിപ്പിക്കുന്നത്.നിർഭാഗ്യവശാൽ ഇന്ന് ഈ കാഴ്ചപ്പാടുകൾക്കാണ് കൂടുതൽ മുൻതൂക്കം ലഭിക്കുന്നത്. അതുകൊണ്ടാണ് പലർക്കും സഭയെ ഒരു കുടുംബമായോ കൂട്ടായ്മയായോ കാണാൻ സാധിക്കാത്തത്.
കത്തോലിക്കാ സഭയിൽ വിശ്വസിക്കുന്നവർക്ക് ഈ സഭയുടെ വൈവിധ്യത്തെ അംഗീകരിക്കാനും ആദരിക്കുവാനും സാധിക്കണം. 24 വ്യക്തിസഭകളിൽ അധിഷ്ഠിതമായ കത്തോലിക്കാസഭയുടെ വൈവിധ്യത്തെ അംഗീകരിക്കാൻ സാധിക്കാത്തവർക്ക് ആ വൈവിധ്യത്തിന്റെ ഒരു ഭാഗമായ സഭയുടെ ആരാധനക്രമ വൈവിധ്യത്തെയും അംഗീകരിക്കാൻ സാധിക്കില്ല. തങ്ങളുടെ നിലപാടുകൾ സാധൂകരിക്കാൻ
"അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം" എന്ന വിശുദ്ധ ഗ്രന്ഥ വചനത്തിന് വിരുദ്ധമായി "ഞങ്ങൾ ആരും അനുസരണത്തിന്റെ അടിമകളല്ല" എന്ന മാനുഷിക വചനം നടപ്പിലാക്കാനാണ് ഇക്കൂട്ടർ വെമ്പൽ കൊള്ളുന്നത്.

*തിരുസഭയോടുള്ള വിധേയത്വം*

തിരുസഭയോടുള്ള വിധേയത്വം എന്ന് പറഞ്ഞാൽ തിരുസഭ പഠിപ്പിക്കുന്നവയോടുള്ള വിധേയത്വം എന്നാണ് അർത്ഥം. തിരുസഭയുടെ പഠനങ്ങൾ ശ്ലീഹന്മാരുടെ പിൻഗാമികളായ മെത്രാന്മാരോട് ചേർന്ന് നിന്നാണ് കത്തോലിക്കാസഭയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണല്ലോ രണ്ടാം വത്തിക്കാൻ കൗൺസിൽ മെത്രാന്മാരെക്കുറിച്ച് ഇപ്രകാരം പറയുന്നത് :
"ദൈവ രഹസ്യം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നത് മെത്രാന്മാരാണ്. തങ്ങൾക്ക് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന സഭയിലെ ദൈവാരാധനാപരമായ ജീവിതം മുഴുവന്റേയും ഭരണകർത്താക്കളും പരിപോഷകരും സംരക്ഷകരും അവർ തന്നെയാണ്"
(മെത്രാന്മാർ, No.15).
ഇന്ന് കേരള സഭയിൽ ഒരു വിഭാഗം സഭയുടെ ഈ അടിസ്ഥാന പ്രബോധനങ്ങൾക്കെതിരായാണ് പ്രവർത്തിക്കുന്നത്.
"സഭാ ജീവിതത്തിന്റെ ഉറവയും ഉച്ചകോടിയും" എന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ തന്നെ വിശേഷിപ്പിക്കുന്ന ആരാധനക്രമവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പലപ്പോഴും നിരുത്തരവാദപരമായ സമീപനമാണ് ഇക്കൂട്ടർ സ്വീകരിക്കുന്നത്. അധികാരികളെ വെല്ലുവിളിച്ചു കൊണ്ടും അനുസരണക്കേടിനെ മഹത്വവൽക്കരിച്ചു കൊണ്ടും നടത്തുന്ന ഇത്തരം പേക്കൂത്തുകൾ സഭാത്മകതയ്ക്ക് നിരക്കുന്നതല്ല.

*അതിരുവിടുന്ന വിമർശനങ്ങൾ*

ഇന്ന് ആരാധനക്രമവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പലപ്പോഴും അതിരു വിടുന്ന വിമർശനങ്ങളാണ് നാം കേൾക്കുന്നത്. വ്യക്തിപരമായ അധിക്ഷേപങ്ങളിലാണ് പലപ്പോഴും ഇത്തരം വിമർശനങ്ങൾ ചെന്നെത്തി നിൽക്കുന്നത് എന്നത് നിർഭാഗ്യകരമാണ്. ആരാധനക്രമത്തിന്റെ സൂക്ഷിപ്പുകാർ മെത്രാന്മാരായതുകൊണ്ട് ഏറ്റവും അധികം വിമർശനങ്ങൾ നേരിടേണ്ടി വരുന്നത് അവരാണ്. പലപ്പോഴും ഇത്തരം വിമർശനങ്ങൾ സഭ്യതയുടെ അതിരുകൾ ലംഘിക്കുന്നവയാ ണ്. പ്രത്യേകിച്ച് സോഷ്യൽ മീഡിയ ഫോറങ്ങളിൽ അഭിവന്ദ്യ പിതാക്കന്മാർ പലരീതിയിലും അവഹേളിക്കപ്പെടുന്നു. ഇവിടെ ചില കാര്യങ്ങൾ ശ്രദ്ധേയമാണ്. ഒന്നാമതായി ആരാധനക്രമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടപ്പിലാക്കേണ്ടത് മെത്രാന്മാരുടെ കടമയാണ്.രണ്ടാമതായി,
വിവേകപൂർവ്വം തങ്ങളുടെ അജപാലനധർമ്മം നിർവഹിക്കാനുള്ള ദൗത്യവും അവരിൽ നിക്ഷിപ്തമാണ്.

2021 നവംബറിൽ സീറോ മലബാർ സിനഡ് നടപ്പിലാക്കിയ വിശുദ്ധ കുർബാനയുടെ ഏകീകൃത രൂപം ഏറെ പ്രസക്തമായ ഒരു തീരുമാനമായിരുന്നു. വിവിധ ചേരികളിലായി നിലകൊണ്ട 35 രൂപതകളിൽ 34 എണ്ണത്തിലും സിനഡൽ ക്രമം നടപ്പിലാക്കാൻ സാധിച്ചു എന്നത് നിസ്സാര കാര്യമല്ല. അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പ് 2023 ജനുവരി 14ന് പുറപ്പെടുവിച്ച സിനഡനന്തര സർക്കുലറിൽ പറഞ്ഞതുപോലെ "സഭയുടെ ഐക്യത്തെ വർധിപ്പിക്കുന്ന രീതിയിൽ ഏകീകൃത ബലിയർപ്പണം നടപ്പാക്കണം എന്ന തീരുമാനത്തിൽ അടിയുറച്ചു നിന്നുകൊണ്ട് അത് നടപ്പിലാക്കാൻ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഇടവകകൾക്ക് ഔദാര്യപൂർവം സമയം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഏകീകൃത ബലിയർപ്പണ രീതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ആയി സിനഡ് ചർച്ചകൾ നടത്തിയിരുന്നത്." ഏകീകൃത ബലിയർപ്പണ രീതി നടപ്പിൽ വരുത്തുന്നതുമായി ബന്ധപ്പെട്ട് സിനഡിന്റെ കാഴ്ചപ്പാട് എന്താണെന്ന് ഈ വാക്കുകളിൽ വ്യക്തമാണ്.
ഇന്നത്തെ സാഹചര്യത്തിൽ സഭയുടെ ഐക്യത്തിനു വേണ്ടി തുടർന്നും പ്രാർത്ഥിക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയുമാണ് സഭാതനയര്‍ ചെയ്യേണ്ടത്.വ്യക്തിപരമായ ആക്ഷേപങ്ങൾ ഒന്നിനും ഒരു പരിഹാരമല്ല എന്നത് ബന്ധപ്പെട്ടവർ ഓർക്കേണ്ടതാണ്. കാലങ്ങളായി സഭയിൽ നിലനിന്ന വിഭാഗീയതയ്ക്ക് എതിരെയുള്ള ശക്തമായ ഒരു ചുവടുവെയ്പ്പാണ് വിശുദ്ധ കുർബാനയുടെ ഏകീകൃത രീതി. സഭയെ സ്നേഹിക്കുന്നവരും ഐക്യം ആഗ്രഹിക്കുന്നവരും തുടർന്നും ഈ ഐക്യത്തിന്റെ കൂട്ടായ്മയിലേക്ക് എല്ലാവരും കടന്നുവരാൻ പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. മറിച്ചുള്ള അപവാദ പ്രചരണങ്ങളും സഭയുടെ ഐക്യത്തിന് തുരങ്കം വെയ്ക്കത്തക്ക വിധത്തിലുള്ള കമന്റുകളും വിശ്വാസ സമൂഹത്തിന് ഒരു നന്മയും വരുത്തുകയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.