കാമറക്കൊള്ള പിടിക്കാന്‍ കേന്ദ്രവും; ഇന്റലിജന്‍സ് ബ്യൂറോ വിവരം ശേഖരിക്കുന്നു

കാമറക്കൊള്ള പിടിക്കാന്‍ കേന്ദ്രവും; ഇന്റലിജന്‍സ് ബ്യൂറോ  വിവരം ശേഖരിക്കുന്നു

തിരുവനന്തപുരം: എഐ കാമറകളുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നെന്ന സംശയം ബലപ്പെടുന്നതിനിടെ ഇന്റലിജന്‍സ് ബ്യൂറോയും (ഐ.ബി) വിവര ശേഖണം തുടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ഐ.ബിയുടെ തിരുവനന്തപുരം യൂണിറ്റാണ് ഇടപാടിന്റെ രേഖകള്‍ ശേഖരിക്കുന്നത്.

സാമ്പത്തിക തിരിമറി കണ്ടെത്തിയാല്‍ കള്ളപ്പണക്കേസില്‍ ഇ.ഡി അന്വേഷണത്തിന് ഐ.ബിക്ക് ശുപാര്‍ശ ചെയ്യാം. ലൈഫ് കേസിലെപ്പോലെ സി.ബി.ഐ അന്വേഷണത്തിനും സാധ്യതയേറും.

അതിനിടെ 232.25 കോടിക്കല്ല വെറും 83.63 കോടി രൂപയ്ക്ക് കാമറ സ്ഥാപിക്കാനാണ് കരാറെന്ന രേഖ ഇന്നലെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി.

കെല്‍ട്രോണില്‍ നിന്ന് കരാറെടുത്ത എസ്.ആര്‍.ഐ.ടി, കാമറകളും അനുബന്ധ ഉപകരണങ്ങളും സോഫ്റ്റ് വെയറുമുള്‍പ്പെടെ 75.33 കോടിക്ക് വാങ്ങാനാണ് ഉപകരാറുകാരായ ലൈറ്റ് മാസ്റ്ററിന് ഓര്‍ഡര്‍ നല്‍കിയത്. സിവില്‍ ജോലികള്‍ക്ക് 8.3 കോടി രൂപ കൂടി കണക്കാക്കിയാണ് 83.63 കോടിയാവുന്നത്. ഇതിന് കെല്‍ട്രോണ്‍ എസ്.ആര്‍.ഐ.ടിക്ക് 151.22 കോടിയുടെ കരാറാണ് നല്‍കിയത്.

മൂന്ന് മെഗാപിക്‌സലിന്റെ 175, അഞ്ച് മെഗാപിക്‌സലിന്റെ 500 എ.ഐ കാമറകള്‍, നോപാര്‍ക്കിംഗ് കണ്ടെത്താനുള്ള 25 പി.ടി.സെഡ് കാമറകളും അനുബന്ധ ഉപകരണങ്ങളും 18 ശതമാനം ജി.എസ്.ടിയും അടക്കമാണ് 75.33 കോടി രൂപയുടെ പര്‍ച്ചേസ് ഓര്‍ഡര്‍. രണ്ട് വര്‍ഷത്തെ അറ്റകുറ്റപ്പണിക്കുമുള്ള തുകയും ഇതില്‍പ്പെടുന്നു.

പ്രസാഡിയോയും ലൈറ്റ്മാസ്റ്ററും കൂടിയാണ് പദ്ധതി നടപ്പാക്കേണ്ടതെന്നാണ് കരാറുണ്ടാക്കിയത്. ഇതില്‍ സാക്ഷിയായി ഒപ്പിട്ടത് കെല്‍ട്രോണിലെ ഉദ്യോഗസ്ഥയാണ്. ഉപകരാറുകളെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് കെല്‍ട്രോണ്‍ പറഞ്ഞിരുന്നത്. ഉപകരണങ്ങളുടെ വിതരണക്കാര്‍ ലൈറ്റ് മാസ്റ്ററാണ്.

കെല്‍ട്രോണിന് ആറു കോടി സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കിയത് പ്രസാഡിയോ ആണ്. അഞ്ച് വര്‍ഷം കൊണ്ട് 20 തവണകളായി സര്‍ക്കാര്‍ നല്‍കുന്ന തുകയില്‍ നിന്ന് എസ്.ആര്‍.ഐ.ടിക്ക് ഒമ്പത് കോടി സര്‍വീസ് ചാര്‍ജുമുണ്ട്.

പദ്ധതി മേല്‍നോട്ടച്ചുമതലയുള്ളവര്‍ പര്‍ച്ചേസ് നടത്തരുതെന്ന ഉത്തരവും കെല്‍ട്രോണ്‍ ലംഘിച്ചു. സാങ്കേതിക സഹായം നല്‍കുന്ന ടെക്‌നോപാര്‍ക്കിലെ ട്രോയ്‌സ്, കെഫോണ്‍ പദ്ധതിയിലെയും നടത്തിപ്പുകാരാണ്. ജനങ്ങളുടെ ചിത്രങ്ങളടക്കം ഡേറ്റാ സൂക്ഷിക്കുന്നതും സ്വകാര്യ കമ്പനിയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.