ചമ്പക്കുളം: ചങ്ങനാശേരി അതിരൂപതയിലെ ആദ്യ ദേവാലയവും, ആദ്യ ബസിലിക്കയും സന്ദര്‍ശിക്കാന്‍ വരുന്ന മാര്‍പ്പാപ്പയുടെ പ്രതിനിധിയും ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയുമായ ആര്‍ച്ച് ബിഷപ്പ് ലെയോ പോള്‍ദോ ജില്ലിക്ക് ചമ്പക്കുളം കല്ലൂര്‍ക്കാട് ബസിലിക്കയില്‍ ഏപ്രില്‍ 30ന് സ്വീകരണം നല്‍കും. ബസിലിക്ക റെക്ടര്‍ ഫാ ഗ്രിഗറി ഓണംകുളം, സ്ഥാനപതിക്കും വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കും സ്വാഗതം ആശംസിക്കും. ബസിലിക്കയായി ഉയര്‍ത്തപ്പെട്ട ശേഷം കല്ലൂര്‍ക്കാട് ഇടവക സന്ദര്‍ശിക്കുന്ന ആദ്യ വത്തിക്കാന്‍ പ്രതിനിധിയാണ് ഇറ്റാലിയന്‍ സ്വദേശി കൂടിയായ ആര്‍ച്ച് ബിഷപ്പ് ലെയോ പോള്‍ദോ ജില്ലി.
ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലിത്ത മാര്‍ ജോസഫ് പെരുന്തോട്ടം, സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന വിശുദ്ധ ബലിയില്‍ ബസിലിക്ക റെക്ടര്‍ ഫാ. ഗ്രിഗറി ഓണംകുളം, ഗാഗുല്‍ത്താ ആശ്രമം പ്രിയോര്‍ ഫാ. ചാക്കോ ആക്കാത്തറ, ഫാ.ജോണ്‍ തത്തക്കാട്ടു പുളിക്കല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരിക്കും. വത്തിക്കാന്‍ സ്ഥാനപതി സന്ദേശം നല്കും. ബസിലിക്കയുടെ ചരിത്രശിലാഫലകം വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സ്ഥാനപതി അനാഛാദനം ചെയ്യും. തുടര്‍ന്ന് ചങ്ങനാശേരിയിലെ ആദ്യ നാട്ടു മെത്രാനും, കല്ലൂര്‍ക്കാട് ഇടവകാംഗവും, ആരാധനാ സന്യാസിനി സഭാ സ്ഥാപകനും ധന്യനുമായ മാര്‍ തോമസ് കുര്യാളശേരി മ്യൂസിയവും, സന്യാസിനി സമൂഹത്തിന്റെ ആദ്യത്തെ മഠവും, സന്ദര്‍ശിക്കും. 10.15ന് വിശുദ്ധ ചാവറ പിതാവിന്റെ ജന്മഗൃഹമായ കൈനകരി ചാവറ ഭവനും സന്ദര്‍ശിക്കും.
ഇരുചക്രവാഹന അകമ്പടിയോടെ ഇടവകയുടെ പ്രധാന കവാടത്തില്‍ കേരളീയ പാരമ്പര്യ രീതിയില്‍ സ്വീകരണവും, ദേവാലയ കവാടത്തില്‍ കാനോനിക സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ 30ന് രാവിലെ 6.30ന് എത്തുന്ന അപ്പസ്തോലിക് ന്യൂന്‍ഷിയോയെ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഇരുചക്രവാഹന അകമ്പടിയോടുകൂടി ഇടവകാതിര്‍ത്തിയില്‍ നിന്ന് ബസിലിക്കയിലേയ്ക്ക് ആനയിക്കും. ബസിലിക്ക റെക്ടര്‍ റവ. ഫാ. ഗ്രിഗറി ഓണംകുളം സ്ഥാനപതിയെയും മറ്റ് വിശിഷ്ട വ്യക്തികളെയും സ്വീകരിക്കും. കേരളത്തിലെ സുറിയാനി ക്രൈസ്തവരുടെ പരമ്പരാഗത വേഷമായ ചട്ടയും മുണ്ടും ധരിച്ച ഇടവകാംഗങ്ങളുടെ അകമ്പടിയോടെയാണ് അപ്പസ്തോലിക് ന്യൂന്‍ഷിയോ ആര്‍ച്ച് ബിഷപ്പ് ലെയോ പോള്‍ദോ ജില്ലിക്ക് കല്ലൂര്‍ക്കാട് ബസലിക്ക ഇടവക സമൂഹം സ്വീകരിക്കുന്നത്.
കൂടാതെ, ബാന്‍ഡ്‌മേളത്തിന്റെ അകമ്പടിയോടെ പള്ളി കവാടത്തില്‍ നിന്ന് സ്വീകരിച്ച് കേരള സുറിയാനി പാരമ്പര്യമനുസരിച്ചുള്ള കലാരൂപങ്ങളായ മാര്‍ഗംകളി, പരിചമുട്ട് കളി, എന്നിവയ്ക്ക് പുറമേ കല്ലൂര്‍ക്കാട് ബസിലിക്കയ്ക്ക് നൂറ്റാണ്ടുകളായി നാടുഭരിച്ചിരുന്ന ഭരണകര്‍ത്താക്കളും, പ്രത്യേകിച്ച് ചെമ്പകശ്ശേരി രാജവംശവുമായുള്ള സൗഹൃദത്തിന്റെയും ഇവിടുത്തെ ഹൈന്ദവജനതയുമായുള്ള ഇഴയടുപ്പത്തിന്റെ ദര്‍ശനമായി കേരളീയ പാരമ്പര്യ നൃത്തരൂപങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര തുടങ്ങിയവയുടെ അകമ്പടിയോടും കൂടി വിശിഷ്ടാഥിതികളെ ദേവാലയത്തിലേക്ക് പരമ്പരാഗത സുറിയാനി വേഷമായ ചട്ടയും മുണ്ടും ധരിച്ച സ്ത്രീകളും, മലയാളവേഷം ധരിച്ച് പുരുഷന്‍മാരും കുട്ടികളും സ്വീകരണ ഘോഷയാത്രയില്‍ പങ്കുചേരും.
ചരിത്രം
മാര്‍ത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ ഒന്നായ നിരണം ദേവാലയത്തില്‍ നിന്നും കുട്ടനാട്ടിലേക്ക് കൃഷിക്കും കച്ചവടത്തിനുമായി എത്തിച്ചേര്‍ന്ന വിശ്വാസി സമൂഹം കല്ലൂര്‍ക്കാട്ട് ഒരു ദേവാലയം സ്ഥാപിച്ച് തെക്കന്‍ കേരളത്തില്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും ചെയ്തു. ആഗോള കത്തോലിക്കാ സഭയുടെ തലവനായ മാര്‍പ്പാപ്പയോട് വിധേയത്വം പുലര്‍ത്തുകയും ചെയ്തു. ക്രിസ്തുവര്‍ഷം 427 ല്‍ സ്ഥാപിതമായ ചമ്പക്കുളം കല്ലൂര്‍ക്കാട് ദൈവാലയം 1887ല്‍ ഒരു ഫൊറോന ദൈവാലയമായി മാറി. 2016 ല്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കല്ലൂര്‍ക്കാട് പള്ളിയെ ഒരു മൈനര്‍ ബസിലിക്കയായി ഉയര്‍ത്തി. മാര്‍ത്തോമ്മായുടെ 1950 ാമത് രക്തസാക്ഷിത്വ ജൂബിലി ആഘോഷിക്കുമ്പോള്‍ ചങ്ങനാശേരി അതിരുപതയിലെ തോമാശ്ലീഹായുടെ വിശ്വാസത്തിന്റെ ആദ്യത്തെ പിന്‍മുറക്കാരെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്ന ചമ്പക്കുളം കല്ലൂര്‍ക്കാട് ബസിലിക്ക വത്തിക്കാന്‍ സ്ഥാനപതിയുടെ സന്ദര്‍ശനത്തോടെ ആദരിക്കപ്പെടുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.