ബോറിസ് ജോണ്‍സന് വായ്പ ലഭിക്കാന്‍ ഇടപെടല്‍; ബി.ബി.സി ചെയര്‍മാന്‍ രാജിവെച്ചു

ബോറിസ് ജോണ്‍സന് വായ്പ ലഭിക്കാന്‍ ഇടപെടല്‍; ബി.ബി.സി ചെയര്‍മാന്‍ രാജിവെച്ചു

ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് വായ്പ ലഭിക്കാന്‍ ഇടപെട്ടെന്ന ആരോപണത്തെത്തുടര്‍ന്ന് ബി.ബി.സി ചെയര്‍മാന്‍ റിച്ചാര്‍ഡ് ഷാര്‍പ്പ് രാജിവെച്ചു. അദ്ദേഹത്തിന്റെ പങ്കാളിത്തം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് രാജി. അഭിഭാഷകനായ ആദം ഹെപ്പിന്‍സ്റ്റാളിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രാന്വേഷണ കമ്മിഷനാണ് റിച്ചാര്‍ഡ് പൊതു നിയമനങ്ങള്‍ക്കുള്ള ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയത്.

യു.കെയിലെ നികുതിദായകരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബി.ബി.സിയുടെ ചെയര്‍മാന്‍ പദവിയിലിരുന്ന് അദ്ദേഹം അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ബാരിസ്റ്റര്‍ ആദം ഹെപ്പിന്‍സ്റ്റാളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു കനേഡിയന്‍ വ്യവസായിയില്‍ നിന്ന് ബോറിസിന് 8,00,000 പൗണ്ട് (ഏകദേശം 8.20 കോടി രൂപ) വായ്പയെടുക്കാന്‍ റിച്ചാര്‍ഡ് സഹായം ചെയ്തുകൊടുത്തുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിച്ചാര്‍ഡ് ഷാര്‍പ്പിനെ ബി.ബിസി. ചെയര്‍മാനായി ബോറിസ് ജോണ്‍സണ്‍ നിയമിക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പായിരുന്നു ഇത്. സമ്പന്നനും കനേഡിയന്‍ വ്യവസായിയുമായ സാം ബ്ലൈത്തില്‍ നിന്നാണ് വായ്പ ലഭിച്ചത്. അന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായിരുന്ന ഷാര്‍പ്പാണ് സാമിനെ ബോറിസ് ജോണ്‍സണ് പരിചയപ്പെടുത്തിയത്.

അതേസമയം, യു.കെ കാബിനറ്റ് സെക്രട്ടറി സൈമണ്‍ കേസും മുന്‍ പ്രധാനമന്ത്രിക്ക് ലോണ്‍ വാഗ്ദാനം ചെയ്ത സാം ബ്ലൈത്തും തമ്മില്‍ കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയ കാര്യം അദ്ദേഹം വെളിപ്പെടുത്തണമായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് തന്റെ വീഴ്ചയാണെന്ന് സമ്മതിച്ച ഷാര്‍പ്പ് ഇക്കാര്യത്തില്‍ മാപ്പപേക്ഷിക്കുകയും ചെയ്തു. പകരക്കാരന്‍ എത്തുന്നതുവരെ ചുമതലയില്‍ തുടരുമെന്ന് ഷാര്‍പ്പ് പറഞ്ഞു. ജൂണിലായിരിക്കും പുതിയ ചെയര്‍മാനെ കണ്ടെത്തുക എന്നാണു റിപ്പോര്‍ട്ടുകള്‍.

ബി.ബി.സി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ബ്രിട്ടീഷ് സര്‍ക്കാരാണ് നാമനിര്‍ദേശം നടത്തുന്നത്. 2021 ഫെബ്രുവരിയിലായിരുന്നു റിച്ചാര്‍ഡിനെ ബി.ബി.സി. ചെയര്‍മാനായി നിയമിച്ചത്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് സഹായധനം നല്‍കുന്നയാളാണ് റിച്ചാര്‍ഡെന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്തിരുന്ന കാലത്ത് നിലവിലെ പ്രധാനമന്ത്രി റിഷി സുനകിന്റെ മേധാവിയായിരുന്നു റിച്ചാര്‍ഡ് ഷാര്‍പ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.