തപാല്‍വോട്ട് അട്ടിമറിക്കെതിരെ കോണ്‍ഗ്രസ്സ് പരാതി നല്‍കി

തപാല്‍വോട്ട് അട്ടിമറിക്കെതിരെ കോണ്‍ഗ്രസ്സ് പരാതി നല്‍കി

നെയ്യാറ്റിന്‍കര: ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ തപാല്‍ വോട്ടില്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വ്യാപകമായ ക്രമക്കേട് നടത്തുകയാണെന്നാരോപിച്ച് സംസ്ഥാന ഇലക്ഷന്‍ കമ്മിഷനും ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ക്കും ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ പരാതി നല്‍കി.

ത്രിതല പഞ്ചായത്തുകളില്‍ നല്‍കിയ ബാലറ്റുകളിലാണ് ഈ ക്രമക്കേട് കൂടുതലായും വരുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തിന്റെ ബാലറ്റ് ബ്ലോക്ക് പഞ്ചായത്തിലെ ബാലറ്റ് കവറിലും, ബ്ലോക്ക് പഞ്ചായത്തിന്റെ ബാലറ്റ് ഗ്രാമപഞ്ചായത്തിന്റെ കവറിലും വച്ചാണ് പല രോഗികളുടെ വീടുകളിലും നല്‍കിയിട്ടുള്ളത്. ഇത് വോട്ടുകള്‍ അസാധുവാകണമെന്ന ഉദ്ദേശത്തോടെ നടത്തുന്നതാണ്. കൂടാതെ ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്ത ബാലറ്റ് കവര്‍ ഇടുന്നതിന് ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസറുടെ പേരിലുള്ള കവറാണ് നല്‍കിയിരിക്കുന്നത്. ഈ വോട്ട് തപാല്‍മാര്‍ഗ്ഗം അയച്ചാല്‍ ബ്ലോക്ക് റിട്ടേണിംഗ് ആഫീസര്‍ക്ക് ലഭിക്കുകയും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്കു ലഭിക്കേണ്ട വോട്ട് അസാധുവായിത്തീരുകയും ചെയ്യും. അതുപോലെ ബാലറ്റുകവറിനുള്ളില്‍ ഉണ്ടായിരിക്കേണ്ട 'ഡിക്ലറേഷന്‍ ഫോറം' പല കവറുകളിലും വച്ചിട്ടില്ല. കോവിഡ് ബാധിച്ച് പുറത്തിറങ്ങാന്‍ കഴിയാതിരിക്കുന്ന പാവപ്പെട്ടവരുടെ ജനാധിപത്യാവകാശം നിഷേധിക്കാനാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ഗൂഢാലോചന നടത്തിയിരിക്കുന്നത്. കൂടാതെ കോവിഡ് നെഗറ്റീവായവരും പോളിംഗ് സ്റ്റേഷനിലെത്തി വോട്ടുചെയ്തവരുമായ ചില ഇടതുപക്ഷക്കാര്‍ക്ക് തപാലില്‍ വീണ്ടും ബാലറ്റുകള്‍ ലഭിച്ച സംഭവവും ജില്ലയില്‍ ഉണ്ടായിട്ടുണ്ട്.

വീടുകളില്‍ തപാല്‍ ബാലറ്റ് നല്‍കിയശേഷം അപ്പോള്‍തന്നെ ഉദ്യോഗസ്ഥര്‍ അത് മടക്കിവാങ്ങി കൊണ്ടുപോകുന്നതായും പരാതിയുണ്ട്. രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും സ്ഥാനാര്‍ത്ഥികളില്‍ നിന്നും കോവിഡ് രോഗികളുടെ വിവരം മറച്ചുവച്ചാണ് ഉദ്യോഗസ്ഥര്‍ ഇത് കൈക്കലാക്കുന്നത്. കോവിഡ് രോഗംമൂലം ചികിത്സയില്‍ കഴിയുന്നവരുടെ ജനാധിപത്യാവകാശം നിഷേധിക്കുന്ന മേല്‍ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ജനവിധി അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ നെയ്യാറ്റിന്‍കര സനല്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.