അമേരിക്കയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാത്താന്‍ ആരാധക സമ്മേളനം; ജപമാലകളും പ്രാര്‍ത്ഥനകളുമായി പ്രതിരോധം തീര്‍ത്ത് ക്രൈസ്തവ വിശ്വാസികള്‍

അമേരിക്കയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാത്താന്‍ ആരാധക സമ്മേളനം; ജപമാലകളും പ്രാര്‍ത്ഥനകളുമായി പ്രതിരോധം തീര്‍ത്ത് ക്രൈസ്തവ വിശ്വാസികള്‍

ബോസ്റ്റണ്‍: അമേരിക്കയിലെ ബോസ്റ്റണില്‍ കഴിഞ്ഞ ദിവസം തുടക്കം കുറിച്ച ചരിത്രത്തിലെ ഏറ്റവും വലിയ സാത്താന്‍ ആരാധകരുടെ സമ്മേളനത്തിന് ജപമാലകളും പ്രാര്‍ത്ഥനാ ഗീതങ്ങളും കൊണ്ട് പ്രതിരോധം തീര്‍ത്ത് ക്രൈസ്തവ വിശ്വാസികള്‍. സമൂഹത്തില്‍ അരാജകത്വവും പൈശാചികമായ പ്രവൃത്തികളും പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പരിപാടിക്കെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കത്തോലിക്ക വിശ്വാസികളുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും എത്തിയ നിരവധി ആളുകളാണ് സമ്മേളന സ്ഥലത്തിനു സമീപം പ്രാര്‍ത്ഥനാപൂര്‍വമായ പ്രതിഷേധവുമായി തമ്പടിച്ചിരിക്കുന്നത്.

മസാച്ചുസെറ്റ്‌സിലെ ബോസ്റ്റണില്‍ മാരിയറ്റ് കോപ്ലി പ്ലേസിലാണ് 'സാത്താന്‍കോണ്‍ 2023' എന്നു പേരിട്ട ത്രിദിന പരിപാടി നടക്കുന്നത്. സാത്താനിക് ടെമ്പിള്‍ എന്ന സംഘടനയിലെ നൂറുകണക്കിന് അംഗങ്ങളാണ് സമ്മേളനത്തിനായി ബോസ്റ്റണിലെത്തിയിരിക്കുന്നത്. ക്രിസ്തുമതത്തെ പരിഹസിക്കുന്നതിനു പേരുകേട്ട സംഘടനയാണിത്. സമ്മേളനത്തില്‍ സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, പൈശാചിക ആചാരങ്ങള്‍, വിനോദ പരിപാടികള്‍, വിവാഹം എന്നിവ ഉള്‍പ്പെടുന്നു. സമ്മേളനത്തിന്റെ ഒരു വീഡിയോ പുറത്തുവന്നതില്‍ വേദിയില്‍ ഒരാള്‍ ബൈബിളിന്റെ പേജുകള്‍ വലിച്ചുകീറുന്നതു കാണാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ദി അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ദി ഡിഫന്‍സ് ഓഫ് ട്രഡീഷന്‍, ഫാമിലി ആന്‍ഡ് പ്രോപ്പര്‍ട്ടി എന്ന കൂട്ടായ്മയിലെ അംഗങ്ങളായ കത്തോലിക്കരാണ് പ്രാര്‍ത്ഥനാ റാലിയില്‍ പങ്കെടുത്തത്. ജപമാല ചൊല്ലി, സംഗീതോപകരണങ്ങള്‍ വായിച്ച്, മരിയന്‍ കീര്‍ത്തനങ്ങളും മതപരമായ ദേശഭക്തി ഗാനങ്ങളും ആലപിച്ചുകൊണ്ടാണ് സമ്മേളനത്തിനെതിരേ പ്രതിരോധം തീര്‍ത്തത്. നിരവധി യുവാക്കളും പ്രാര്‍ത്ഥനാ റാലിയില്‍ പങ്കെടുത്തു.

പൈശാചിക സമ്മേളനത്തിനെതിരെ വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും അടങ്ങുന്ന മൂന്ന് ദിവസത്തെ പ്രാര്‍ത്ഥനാ യജ്ഞവുമായാണ് ബോസ്റ്റണ്‍ അതിരൂപത രംഗത്തുവന്നിരിക്കുന്നത്. ജപമാല അര്‍പ്പണവും ദിവ്യബലി അര്‍പ്പണവും ദിവ്യകാരുണ്യ ആരാധനകളുമായാണ് ബോസ്റ്റണ്‍ അതിരൂപതയിലെ ദേവാലയങ്ങളെല്ലാം പ്രതിരോധത്തിന്റെ ഭാഗമാകുന്നത്.


ബോസ്റ്റണില്‍ നടക്കുന്ന 'സാത്താന്‍കോണ്‍ 2023' എന്നു പരിപാടിക്കെതിരേ ജപമാലകളും പ്രാര്‍ത്ഥനാ ഗീതങ്ങളും കൊണ്ട് പ്രതിരോധം തീര്‍ക്കുന്ന ക്രൈസ്തവ വിശ്വാസികള്‍

രൂപതയിലെ എല്ലാ ഇടവകകളിലും ഈ മൂന്നു ദിനങ്ങളില്‍ വിശേഷാല്‍ ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനകളും ക്രമീകരിച്ചിട്ടുണ്ട്. ഈ സമയങ്ങളില്‍ വിശുദ്ധ മിഖായേലിനോടുള്ള പ്രാര്‍ത്ഥന ചൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇടവകകളില്‍ പ്രാര്‍ത്ഥനാ കാര്‍ഡുകളും വിതരണം ചെയ്യും.

പൊതു സ്ഥലങ്ങളില്‍ കുരിശ് അടക്കമുള്ള വിശ്വാസപരമായ പ്രതീകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുകയും കറുത്ത കുര്‍ബാന പോലെയുള്ള ആചാരങ്ങള്‍ വഴി ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സംഘടനയാണ് സാത്താനിക് ടെംപിള്‍. യു.എസ് സുപ്രീം കോടതിയില്‍ സേവനമനുഷ്ഠിക്കുന്ന കത്തോലിക്കാ ജഡ്ജിയെ പരിഹസിച്ച സംഘടന ഫെബ്രുവരിയില്‍ ടെലിഹെല്‍ത്ത് അബോര്‍ഷന്‍ ക്ലിനിക്ക് ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. സമ്മേളനം ഇന്നു സമാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.