ബീജിങ്: പാക് അധീന കശ്മീര്‍ (പി.ഒ.കെ) മേഖലയിലൂടെ പാകിസ്ഥാനിലേക്ക് റെയില്‍വേ ലിങ്ക് നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്ക് (സി.പി.ഇ.സി) കീഴില്‍ അറബിക്കടല്‍ തീരത്തുള്ള പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖവുമായി ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലുള്ള പ്രസിദ്ധമായ സില്‍ക്ക് വ്യാപാര നഗരമായ കസ്ഗറിനെ കുഞ്ചറാബ് ചുരം വഴിയാണ് ബന്ധിപ്പിക്കുന്നത്.
ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള റയില്‍പാതയുടെ നിര്‍മ്മാണ സാദ്ധ്യതകള്‍ ചൈന റെയില്‍വേ ഫസ്റ്റ് സര്‍വേ ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ വിലയിരുത്തി. എന്നാല്‍ 60 ബില്യണ്‍ ഡോളറിന്റെ ഇടനാഴി തര്‍ക്ക ഭൂമിയിലൂടെ സ്ഥാപിക്കുന്നതിനെതിരേ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു.
പുരാതന വ്യാപാര പാതയായ സില്‍ക്ക് റൂട്ടിലൂടെയുള്ള റെയില്‍വേ ലൈന്‍ ചൈനയും പാകിസ്ഥാനും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തും എന്നു മാത്രമല്ല ചൈനയ്ക്ക് അറബിക്കടലിലേക്ക് ഒരു പ്രവേശന കവാടം തുറക്കുക കൂടിയാണ്. പാശ്ചാത്യ ആധിപത്യമുള്ള റൂട്ടുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ചൈനീസ് പദ്ധതിയുടെ ഭാഗമാണ് ഈ പദ്ധതി. എന്നാല്‍ എതിര്‍പക്ഷത്തു നില്‍ക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളെ വരുതിയിലാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് വളരെയധികം പണച്ചെലവ് വരുന്ന ഈ റെയില്‍ ലൈനിനായി ചൈന പരിശ്രമിക്കുന്നത്.
സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുന്ന പാകിസ്താന് ഈ പദ്ധതിയില്‍ എത്രമാത്രം പണം നിക്ഷേപിക്കാനാവും എന്നത് കണ്ടറിയണം. ഇതുകൂടാതെ ഈ മേഖലയിലെ സുരക്ഷാ പ്രശ്‌നങ്ങളും റെയില്‍ ലൈനിന് ഭീഷണി ഉയര്‍ത്തുന്നു.
കിഴക്കന്‍ ചൈനാ കടലില്‍ തായ്വാനുമായും ദക്ഷിണ ചൈനാ കടലിലെ നിരവധി തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായും സംഘര്‍ഷ സമാനമായ അവസ്ഥ സൃഷ്ടിക്കപ്പെടുമ്പോള്‍ ചൈന, പസഫിക് സമുദ്രത്തില്‍ നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള പരമ്പരാഗത കപ്പല്‍ പാതകള്‍ തടയുമെന്ന് ഭയപ്പെടുന്നു.
ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലും പാകിസ്ഥാനിലെ ഗ്വാദറിലും മൗറീഷ്യസിലും ചൈനീസ് നാവിക സേനയ്ക്ക് താവളം ഒരുക്കാനായാല്‍ ഇന്ത്യയുടെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ മൂന്ന് വശത്തുനിന്നും സ്ഥിരമായ ചൈനീസ് നാവിക പ്ലാറ്റ്ഫോമുകളുടെ നേരിട്ടുള്ള കാഴ്ചയ്ക്ക് കീഴിലാകും.
1971-ലെ പാകിസ്താനുമായുള്ള യുദ്ധത്തില്‍ ഇന്ത്യയുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് പാകിസ്ഥാന്‍ നാവികസേനയുടെ ആസ്ഥാനവും സാമ്പത്തിക വ്യാപാര കേന്ദ്രവുമായ കറാച്ചി തുറമുഖം ഇന്ത്യന്‍ നാവികസേന അക്രമിച്ചതാണ്. ചൈന പാകിസ്ഥാനിലെ ഗ്വാദര്‍ കേന്ദ്രീകരിച്ച് പടക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍ എന്നിവ നിര്‍ലോപം നല്‍കി പാകിസ്ഥാന്‍ നാവിക സേനയെ ശക്തിപ്പെടുത്തുകയാണ് ഇപ്പോള്‍. പുതിയ റെയില്‍ പാത ഇതിന് ഗതിവേഗം കൂട്ടാന്‍ സഹായിക്കും.
ഇപ്പോള്‍ തന്നെ ചൈനീസ് ഉദ്യോഗസ്ഥരുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള ഗ്വാദര്‍ തുറമുഖം ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ഏകദേശം 600 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഒമാന്‍ ഉള്‍ക്കടലിനും പേര്‍ഷ്യന്‍ ഗള്‍ഫിനും ഇടയിലുള്ള ഈ ജലപാതയിലൂടെയാണ് ലോകത്തിലെ എണ്ണയുടെ ഇരുപത്തഞ്ച് ശതമാനവും കടന്നു പോകുന്നത്. ഹോര്‍മുസ് കടലിടുക്കിലും ഭീഷണി ഉയര്‍ത്താന്‍ ചൈനയ്ക്ക് ഗ്വാദര്‍ സഹായകരമാവും.
ചൈനീസ് വ്യാളി പിടിമുറുക്കിയ രാജ്യങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. ശ്രീലങ്കയും പാകിസ്ഥാനും ഇതിനുദാഹരണങ്ങളാണ്. പാകിസ്ഥാനിലെ സാധാരണ ജനങ്ങളും ചില തീവ്രവാദ സംഘടനകളും ചൈനീസ് അധിനിവേശത്തെ ഭീതിയോടെയാണ് കാണുന്നത്. ചൈന-പാക് റെയില്‍ പദ്ധതി പ്രധാനമായും മൂന്ന് പ്രശ്നബാധിത മേഖലകളിലൂടെയാണ് കടന്നു പോകുന്നത്. എന്നിരുന്നാലും, സിന്‍ജിയാങ്ങിലെ ഉയിഗൂര്‍ കലാപ പ്രദേശം, ഇന്ത്യയുമായി സംഘര്‍ഷഭരിതമായ അതിര്‍ത്തിയുള്ള പാക് അധീന കാശ്മീര്‍ (പി.ഒ.കെ), സ്വാതന്ത്ര്യ സമരം രൂക്ഷമായ ബലൂചിസ്ഥാന്‍. ഇത്രയും പ്രദേശങ്ങള്‍ കടന്നു വേണം ചൈനയുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.