കണ്ണൂര്‍: നിര്‍മിത ബുദ്ധി (എഐ) ക്യാമറ ഇടപാടില്‍ ഊരാലുങ്കല്‍, എസ്ആര്‍ഐടി കമ്പനികളുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് ട്രോയിസ് മേധാവി ടി.ജിതേഷ്. ഊരാലുങ്കലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
എന്നാല്‍ നിലവില്‍ ഊരാളുങ്കലുമായോ സംയുക്ത കമ്പനിയുമായോ ബന്ധമില്ല. സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് എസ്ആര്‍ഐടിയുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എഐ ക്യാമറ ഇടപാടില്‍ ഊരാലുങ്കലിന് ബന്ധമുണ്ടെന്ന് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ട്രോയിസ് മേധാവിയുടെ വെളിപ്പെടുത്തല്‍. എസ്ആര്‍ഐടിക്ക് ബിഡ്ഡിങ്ങില്‍ പങ്കെടുക്കാന്‍ നിര്‍മാതാക്കളുടെ പിന്തുണ കത്ത് നല്‍കിയെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്.
എസ്ആര്‍ഐടിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഊരാലുങ്കല്‍ ടെക്‌നോളജി സൊലൂഷ്യന്റെ ചീഫ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഊരാലുങ്കല്‍ എസ്ആര്‍ഐടി കണ്‍സോര്‍ഷ്യത്തിന്റെ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ജിതേഷ് സമ്മതിച്ചു. ഇവയുമായുട്ടുള്ള ബന്ധം ഉപേക്ഷിച്ച ശേഷമാണ് 2018 ല്‍ ട്രോയിസ് ഇന്‍ഫോടെക് ആരംഭിച്ചതെന്നാണ് വിശദീകരണം.
എസ്ആര്‍ഐടി ആദ്യം പറഞ്ഞത് ടെന്‍ഡറില്‍ പങ്കെടുക്കും മുമ്പ് തന്നെ ട്രോയിസിനെയും പ്രസാഡിയോയും പ്രോജക്ട് പാര്‍ട്‌നറാക്കിയെന്നാണ്. പിന്നീട് ഇത് തിരുത്തി ടെന്‍ഡര്‍ കിട്ടിയതറിഞ്ഞ് ഈ രണ്ട് കമ്പനികളും തങ്ങളെ സമീപിക്കുകയായിരുന്നുവെന്ന് എസ്ആര്‍ഐടി പറഞ്ഞു. എന്നാല്‍ അങ്ങനെയല്ലെന്നാണ് ജിതേഷിന്റെ വെളിപ്പെടുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.