ദി കേരള സ്റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെടില്ല; ആവിഷ്‌കാര സ്വാതന്ത്ര്യം വിലക്കാനാവില്ല: ശശി തരൂർ

ദി കേരള സ്റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെടില്ല; ആവിഷ്‌കാര സ്വാതന്ത്ര്യം വിലക്കാനാവില്ല: ശശി തരൂർ

തിരുവനന്തപുരം: ദി കേരള സ്റ്റോറി സിനിമയുടെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ഉള്ളടക്കം ദുരുപയോഗം ചെയ്യപ്പെടും എന്നതുകൊണ്ട് മാത്രം ആവിഷ്‌കാര സ്വാതന്ത്ര്യം വിലക്കാൻ ആവില്ല. സിനിമ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും അവകാശവും മലയാളികൾക്കുണ്ടെന്നും ശശി തരൂർ ട്വിറ്ററിലൂടെ അറിയിച്ചു.

സിനിമ ഞങ്ങളുടെ കേരളത്തിന്റെ കഥയല്ല, മറിച്ച് നിങ്ങളുടെ കേരളത്തിന്റെ കഥയായിരിക്കും എന്ന് തരൂർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെയാണ് തന്റെ നിലപാടിൽ കൂടുതൽ വ്യക്തത വരുത്തി എംപി രംഗത്തെത്തുന്നത്.

കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയെന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുന്നതാണ് സിനിമയെന്നും വർഗീയ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതേണ്ടെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ചിത്രം മെയ് അഞ്ചിന് തിയേറ്ററിലെത്തും. വിപുൽ അമൃതലാൽ ഷാ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

വിവിധ മേഖലകളിൽ നിന്നും നിരവധി പേരാണ് ചിത്രത്തിനെ വിമർശിച്ച് രംഗത്തെത്തിയത്. സിനിമ ബഹിഷ്‌കരിക്കണമെന്നും പ്രദർശനാനുമതി നൽകരുതെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സുദീപ്‌തോ സെൻ ആണ് സിനിമയുടെ സംവിധാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.