എഐ ക്യാമറ അഴിമതി: അടിമുടി ഗൂഢാലോചന; വന്‍ തട്ടിപ്പെന്ന് വി.ഡി സതീശന്‍

 എഐ ക്യാമറ അഴിമതി: അടിമുടി ഗൂഢാലോചന; വന്‍ തട്ടിപ്പെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: എഐ ക്യാമറ പദ്ധതിയില്‍ അടിമുടി അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പദ്ധതിയുടെ ആദ്യാവസാനം ഗൂഢാലോചന നടന്നിട്ടുണ്ട്. ആദ്യ ഗൂഢാലോചന 235 കോടിയുടെ എസ്റ്റിമേറ്റ് മുതലാണ്. ഉപകരാര്‍ നല്‍കരുതെന്ന ടെന്‍ഡര്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ലംഘനങ്ങളെല്ലാം കെല്‍ട്രോണ്‍ അറിഞ്ഞുകൊണ്ടാണെന്നും രണ്ടാമത്തെ ഗൂഢാലോചന ടെന്‍ഡര്‍ വ്യവസ്ഥ ലംഘിച്ചപ്പോഴാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ബന്ധുവിലേക്കാണ് ആരോപണങ്ങള്‍ എത്തുന്നത്. എന്തുകൊണ്ട് മുഖ്യമന്ത്രി മറുപടി പറയാത്തത്. മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ അവസരം നല്‍കുക എന്നത് സ്വഭാവിക നീതിയുടെ ഭാഗമാണ്. മുഖ്യമന്ത്രിക്ക് നല്‍കുന്ന അവസാന അവസരമാണിത്. അടുത്ത ബന്ധുവിനെ കുറിച്ചുള്ള രേഖകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണം. ഈ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രതിഷേധ സമരം നടത്തുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

അഴിമതി ആരോപണം ഉന്നയിക്കുന്നതില്‍ താനും രമേശ് ചെന്നിത്തലയും തമ്മില്‍ മത്സരമില്ല. എല്ലാ അഴിമതി ആരോപണങ്ങളും തങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്തതിന് ശേഷമാണ് നടത്തുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതി ആരോപണങ്ങളും തങ്ങള്‍ ഒരുമിച്ചാണ് ഉന്നയിച്ചത്. കെപിസിസി പ്രസിഡന്റിനോട് ആലോചിച്ചാണ് എല്ലാം ചെയ്യുന്നത്. ഈ ടീം വര്‍ക്കില്‍ അസൂയപ്പെട്ടിട്ട് കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.