മുപ്പതിന്റെ നിറവില്‍ മാധ്യമ സ്വാതന്ത്യ ദിനം : ചോദ്യങ്ങളുയര്‍ത്തിയും ഉത്തരങ്ങളായും ജനാധിപത്യത്തിന്റെ നാലാംതൂണ്

മുപ്പതിന്റെ നിറവില്‍ മാധ്യമ സ്വാതന്ത്യ ദിനം : ചോദ്യങ്ങളുയര്‍ത്തിയും ഉത്തരങ്ങളായും ജനാധിപത്യത്തിന്റെ നാലാംതൂണ്

കൊച്ചി: മാധ്യമ സ്വാതന്ത്യ ദിനത്തിന്റെ മുപ്പതാം വാര്‍ഷികം ഇന്ന് ആഘോഷിക്കുമ്പോഴും ലോകമെമ്പാടുമുള്ള മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും ഇതോടൊപ്പം ചര്‍ച്ചയാകുന്നു. എല്ലാ വര്‍ഷവും മെയ് മൂന്ന് ലോക മാധ്യമ സ്വാതന്ത്ര്യദിനമായി ആചരിക്കുന്നു. ഓരോ വര്‍ഷവും വ്യത്യസ്തമായ പ്രമേയമാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ളത്. സമകാലിക ലോകത്ത് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പ്രമേയം തയ്യാറാക്കുന്നത്. ഈ വര്‍ഷത്തെ ലോക മാധ്യമ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം ''അവകാശങ്ങളുടെ ഭാവി രൂപപ്പെടുത്താം, ആവിഷ്‌കാര സ്വാതന്ത്ര്യമാണ് മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാനം'' എന്നതാണ്. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ വര്‍ഷവും മാധ്യമ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രമേയം പുറത്തിറക്കുന്നത്.

അതേസമയം, തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും ചിലയിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും ചര്‍ച്ചയാകുന്നു. സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന ഓരോ പ്രശ്‌നത്തിലും സഹായിയായി നിലകൊള്ളാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നുവെന്നതും ശ്രദ്ധേയമാണ്. മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നിലകൊള്ളുന്നത് മാധ്യമങ്ങളാണ്. അഴിമതി, അധികാരികളുടെ ജനദ്രോഹ നിലപാട് ഇവയെല്ലാം മാധ്യമങ്ങള്‍ പുറം ലോകത്ത് എത്തിക്കുമ്പോള്‍ ജനാധിപത്യത്തിലെ നാലാം തൂണ് അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നു.

മാധ്യമസ്വാതന്ത്ര്യം മൗലിക അവകാശമായി ഇന്ത്യന്‍ ഭരണഘടനയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. നിഷ്പക്ഷവും ബഹുസ്വരവും വൈവിധ്യമാര്‍ന്നതുമായ വാര്‍ത്തകള്‍ കണ്ടെത്തുവാനും അവ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുവാനും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം അനിവാര്യമാണ്.

ചരിത്രം
1991ല്‍ നമീബിയില്‍ നടന്ന യുനെസ്‌കോ സമ്മേളനത്തില്‍ ചില ആഫ്രിക്കന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരാണ് മാധ്യമ സ്വാതന്ത്ര്യദിനം എന്ന ആശയം മുന്നോട്ട് വെച്ചത്. ജനാധിപത്യ വികസനത്തിന് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന ഉത്തരവാദിത്തത്തിന് ശ്രദ്ധ ലഭിക്കണം എന്നാണ് അവര്‍ അന്ന് നടന്ന സമ്മേളനത്തില്‍ പറഞ്ഞത്. കൂടാതെ സത്യസന്ധമായ ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും സമ്മേളനം ലക്ഷ്യമിട്ടിരുന്നു.

തുടര്‍ന്ന് 1993ല്‍ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 1991ല്‍ യുനെസ്‌കോയുടെ ഇരുപത്തിയാറാം സമ്മേളനമാണ് മാധ്യമ സ്വാതന്ത്ര്യദിനം സംബന്ധിച്ച പ്രഖ്യാപനത്തിന് ശുപാര്‍ശ ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.