കുമളി: കാഞ്ഞിരപ്പള്ളി രൂപതാദിനം, ബൈബിള്‍ കണ്‍വന്‍ഷന്‍ എന്നിവയ്ക്ക് ആതിഥ്യമരുളുവാന്‍ കുമളി ഫൊറോന ഒരുങ്ങിക്കഴിഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതയുടെ 46ാമത് രൂപതാദിനാഘോഷത്തിനാണ് 12ന് കുമളി ആതിഥ്യം വഹിക്കുന്നത്. രാവിലെ 9.30ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ രൂപതയിലെ വൈദികഗണത്തോടൊപ്പം ഇടവകകളില്‍ നിന്നുള്ള പ്രതിനിധികള്‍, കുമളി ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍ എന്നിവര്‍ പങ്കുചേരും.
തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ തലശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി മുഖ്യാതിഥിയായിരിക്കും. രൂപതയിലെ വിശ്വാസി സമൂഹത്തെ പ്രതിനിധീകരിച്ചെത്തുന്ന വൈദികര്‍, സന്യസ്തര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും രൂപതാതല ഭാരവാഹികള്‍, ഇടവകതല ജൂബിലി കോ ഓര്‍ഡിനേഷന്‍ ടീമംഗങ്ങള്‍ എന്നിവരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
രൂപത സുവര്‍ണ ജൂബിലിയോടനുബന്ധിച്ചാരംഭിക്കുന്ന ലഹരി വിമോചന സമഗ്രപദ്ധതിയായ സഞ്ജീവനം പദ്ധതിക്ക് രൂപതാദിനത്തില്‍ തുടക്കമാകും. രൂപതയിലെ മികച്ച കര്‍ഷകര്‍, രൂപത സുവര്‍ണജൂബിലിയോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ എന്നിവരെ ആദരിക്കും. അടുത്തവര്‍ഷത്തെ രൂപതാദിനവേദി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ജൂബിലിദീപം രൂപതാദിനസമാപനത്തില്‍ കൈമാറുകയും ചെയ്യും.
രൂപതാദിനത്തിനൊരുക്കമായ ബൈബിള്‍ കണ്‍വന്‍ഷന്‍ ഏഴു മുതല്‍ 10 വരെയാണ് നടത്തപ്പെടുന്നത്. വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് രാത്രി ഒന്പതിന് സമാപിക്കുന്ന കണ്‍വന്‍ഷന്‍ അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ നയിക്കും. കണ്‍വന്‍ഷന്‍ ദിനങ്ങളിലെ വിശുദ്ധ കുര്‍ബാനയില്‍ മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍, റവ.ഡോ. ജോസഫ് വെള്ളമറ്റം എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.
കണ്‍വന്‍ഷന്‍ ദിനങ്ങളില്‍ വൈകുന്നേരം നാലു മുതല്‍ ആറുവരെ വിശുദ്ധ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. രൂപത ബൈബിള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് ഒന്പതിന് രാവിലെ ഒന്പതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ യുവജനകണ്‍വന്‍ഷനും നടക്കും. രൂപതാദിനം, ബൈബിള്‍ കണ്‍ഷന്‍ എന്നിവയോടനുബന്ധിച്ചുള്ള ക്രമീകരങ്ങള്‍ക്കായി വൈദികര്‍, സന്യസ്തര്‍ എന്നിവരുള്‍പ്പെടെയുള്ള 150 അംഗ വോളണ്ടിയര്‍ കമ്മിറ്റി വിവിധ തലങ്ങളിലുള്ള പരിശീലനം പൂര്‍ത്തിയാക്കി സജീവമായി പ്രവര്‍ത്തിക്കുന്നു.
പാര്‍ക്കിംഗ് ക്രമീകരണം
ചെളിമടയില്‍ നിന്നു എത്തുന്നവര്‍ക്ക് ചെളിമട-ഒന്നാം മൈല്‍ റോഡില്‍ അട്ടപ്പള്ളം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്പായി ഇരുവശങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ ഉപയോഗിക്കാവുന്നതാണ്. ആനവിലാസം-പത്തുമുറി ഭാഗത്ത് നിന്നു എത്തുന്നവര്‍ക്ക് പള്ളിയിലെത്തുന്നതിനു മുമ്പ് ഇരുവശങ്ങളിലായി പാര്‍ക്കിംഗ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കുമളി-മൂന്നാര്‍ റോഡിലൂടെ വരുന്നവര്‍ക്ക് ഒന്നാംമൈല്‍ കൂരിശുപള്ളിക്കു മുമ്പായും സഹ്യജ്യോതി കോളജ്, ബഥനി സ്‌കൂള്‍ ഗ്രൗണ്ടുകളിലായിരിക്കും പാര്‍ക്കിംഗ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.