കാലിഫോര്‍ണിയ: വ്യാഴത്തിന്റെ വലിപ്പമുള്ള വിദൂര ഗ്രഹത്തെ നക്ഷത്രം വിഴുങ്ങുന്ന അപൂര്‍വ നിമിഷങ്ങള്‍ പകര്‍ത്തി ജ്യോതിശാസ്ത്രജ്ഞര്‍. സൂര്യന്റെ ആയുസ് അവസാനിക്കുമ്പോള്‍ ഭൂമിയെ കാത്തിരിക്കുന്ന വിധിക്കു സമാനമായ കാഴ്ച്ചയ്ക്കാണ് ജ്യോതിശാസ്ത്രജ്ഞര്‍ സാക്ഷ്യം വഹിച്ചത്. ഒരു ഗ്രഹത്തില്‍ നിന്നും തീവ്രമായ പ്രകാശം വരുന്നതും തുടര്‍ന്ന് അതിനെ നക്ഷത്രം വിഴുങ്ങുന്നതുമായ ദൃശ്യങ്ങളാണ് ശാസ്ത്രജ്ഞര്‍ പകര്‍ത്തിയത്.
ആയുസ് അവസാനിക്കാറായ ഒരു നക്ഷത്രം ഇത്രയധികം വലുപ്പം വയ്ക്കുന്നത് ഗവേഷകര്‍ പകര്‍ത്തുന്നത് ഇതാദ്യമാണ്. ഈ സമയത്ത് നക്ഷത്രത്തിന്റെ അടുത്തുള്ള ഗ്രഹം ഉപരിതലത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കും. തുടര്‍ന്ന് വാതകവും പൊടിയും ബഹിരാകാശത്തേക്ക് പുറംതള്ളും. ഒടുവില്‍ അഗ്‌നിജ്വാലയായി മാറും.
ശാസ്ത്രത്തിലെ പല കണ്ടുപിടുത്തങ്ങളെയും പോലെ ഇതും ആകസ്മികമായ ഒന്നായിരുന്നെന്ന് കേംബ്രിഡ്ജ് എം.ഐ.ടിയിലെ പോസ്റ്റ്‌ഡോക്ടറല്‍ ഫെല്ലോ കിഷലേ ഡി വ്യക്തമാക്കി. 'ഇത് ഒരു പുതിയ തരം പ്രതിഭാസത്തിലേക്ക് നമ്മുടെ കണ്ണുതുറന്നു. ഇതാണ് ഭൂമിയുടെ അന്തിമ വിധി' - കിഷലേ ഡി കൂട്ടിച്ചേര്‍ത്തു.
2020-ല്‍ കാലിഫോര്‍ണിയയിലെ പലോമര്‍ ഒബ്‌സര്‍വേറ്ററിയിലെ സ്വിക്കി ട്രാന്‍സിയന്റ് ഫെസിലിറ്റി നടത്തിയ നിരീക്ഷണങ്ങള്‍ക്കിടയിലാണ് വെളിച്ചം പുറംതള്ളുന്ന പ്രതിഭാസം കിഷലേ ഡി ആദ്യമായി കണ്ടത്. 12,000 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന അക്വില നക്ഷത്രസമൂഹത്തിന് സമീപമുള്ള ഒരു നക്ഷത്രത്തിലാണ് പ്രകാശം കണ്ടത്. 10 ദിവസത്തിനുള്ളില്‍ നൂറു മടങ്ങായാണ് നക്ഷത്രത്തിന്റെ പ്രകാശം വര്‍ദ്ധിച്ചത്.
ഒരു നക്ഷത്രം അതിന്റെ ഭ്രമണപഥത്തിലേക്ക് മറ്റൊന്നിനെ ആഗിരണം ചെയ്യുന്ന നക്ഷത്ര ലയനമാണിതെന്ന് ഗവേഷകര്‍ സംശയിച്ചു. എന്നാല്‍ ഹവായിയിലെ കെക്ക് ഒബ്‌സര്‍വേറ്ററിയില്‍ നിന്നുള്ള തുടര്‍ നിരീക്ഷണങ്ങള്‍ ഈ വാദത്തില്‍ സംശയമുയര്‍ത്തി. മിക്ക നക്ഷത്ര ലയനങ്ങളും ഹൈഡ്രജനും ഹീലിയവുമാണ് പുറന്തള്ളുക. എന്നാല്‍ ഈ പ്രതിഭാസത്തില്‍ രണ്ട് മൂലകങ്ങളുടെയും സാന്നിധ്യം ഉണ്ടായിരുന്നില്ല.
പലോമര്‍ ഒബ്സര്‍വേറ്ററിയിലെ ഇന്‍ഫ്രാറെഡ് ക്യാമറ ഉപയോഗിച്ചായിരുന്നു പിന്നീട് നിരീക്ഷണങ്ങള്‍ നടത്തിയത്. ഇന്‍ഫ്രാറെഡിന് സമീപം നക്ഷത്രം വളരെയേറെ തെളിച്ചമുള്ളതാണെന്ന് നിരീക്ഷണത്തില്‍ കണ്ടെത്തി.
തുടര്‍ന്ന് നാസയുടെ ഇന്‍ഫ്രാറെഡ് ബഹിരാകാശ ദൂരദര്‍ശിനിയായ നിയോവൈസില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ സംഘം വിശകലനം ചെയ്തു. കേന്ദ്രനക്ഷത്രത്തില്‍ വീണത് ഒരു നക്ഷത്രത്തേക്കാള്‍ 1000 മടങ്ങ് ചെറിയ വസ്തുവാണെന്നും പൊട്ടിത്തെറി വളരെ ദുര്‍ബലമായിരുന്നെന്നും കണ്ടെത്തി. ഇതോടെയാണ് ഒരു ഗ്രഹമാണ് അതിന്റെ നക്ഷത്രത്തില്‍ ഇടിച്ചതെന്ന് മനസിലായതെന്നും കിഷലേ ഡി വ്യക്തമാക്കി.
ഒരു നക്ഷത്രം അതിന്റെ ഇന്ധനം തീര്‍ന്ന് ആയുസ് അവസാനിക്കുമ്പോള്‍ യഥാര്‍ത്ഥ വലിപ്പത്തിന്റെ ഒരു മില്യണ്‍ ഇരട്ടിയായി വികസിക്കുന്നു. ഈ പ്രക്രിയയില്‍ അടുത്തുള്ള ഗ്രഹങ്ങളെ വിഴുങ്ങും. വിദൂര ഭാവിയയില്‍ സൂര്യന്‍ ഈ ഘട്ടത്തില്‍ എത്തുമ്പോള്‍ അത് ബുധനെയും ശുക്രനെയും ഭൂമിയെയും ദഹിപ്പിക്കുമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഏകദേശം അഞ്ചു ബില്യണ്‍ വര്‍ഷത്തിനുള്ളില്‍ സംഭവിക്കുമെന്ന് ഹാര്‍വാര്‍ഡിലെ ടീമിലെ ജ്യോതിശാസ്ത്രജ്ഞനായ മോര്‍ഗന്‍ മക്ലിയോഡ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.