കൊച്ചി: ക്രൈസ്തവ സന്യാസത്തെയും വിശ്വാസങ്ങളെയും പരസ്യമായി അവഹേളിക്കുന്ന 'കക്കുകളി' എന്ന നാടകം കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രദർശനം തുടരുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ, 'കേരള സ്റ്റോറി' എന്ന സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി മുന്നോട്ടിറങ്ങുന്നത് ഇരട്ടത്താപ്പ് നയം ആണെന്ന് കെ.സി.വൈ.എം. സംസ്ഥാന സമിതി.
ചില ആവിഷ്കാരങ്ങളിൽ മാത്രം മതവികാര ബോധം വെളിവാകുന്നത് ആശങ്കയുണർത്തുന്നതാണ്. ക്രൈസ്തവ സമൂഹത്തെ അധിക്ഷേപിക്കുമ്പോൾ മാത്രം ആവിഷ്ക്കാര സ്വാതന്ത്ര്യമായും മറ്റിടങ്ങളിലെല്ലാം അത് പ്രകടമായ അനീതിയായും മാറുന്നത് കേരളത്തിന്റെ മത - സാംസ്കാരിക മേഖലകളിൽ വലിയ ഭീഷണി തന്നെയാണ്. ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ രൂപപ്പെടുന്ന ഭരണ സംവിധാനമുള്ള കേരളത്തിൽ ചില പ്രത്യേക വിഭാഗത്തിന്റെ മാത്രം താല്പര്യങ്ങൾ സംരക്ഷിക്കുവാൻ ഭരണകൂട സംവിധാനങ്ങൾ ശ്രമിക്കുന്നത് നിരാശാജനകമാണ്.
തമസ്കരിക്കപ്പെട്ട മൗലീകാവകാശങ്ങളുടെ മരണമണിയായി 'കക്കുകളി' വീണ്ടും വേദികൾ നിറഞ്ഞാടുകയും അനീതിയും അരാജകത്വവും അരങ്ങു വാഴുകയും ചെയ്യുമ്പോൾ ജനാധിപത്യമെന്ന വാക്ക് തന്നെ അക്ഷരങ്ങളിൽ മാത്രം ഒതുങ്ങുന്ന സാംസ്കാരിക കേരളത്തിന്റെ 'കപടനീതി' തികച്ചും അപലപനീയമാണെന്ന് കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ശ്രീ. ഷാരോൺ കെ. റെജി കുറ്റപ്പെടുത്തി.
കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.ജോജി ടെന്നിസൺ, വൈസ് പ്രസിഡന്റുമാരായ കുമാരി ഗ്രാലിയ അന്ന അലക്സ്, ശ്രീ. ലിബിൻ മുരിങ്ങലത്ത്, സെക്രട്ടറിമാരായ കുമാരി അനു ഫ്രാൻസിസ്, കുമാരി ഫെബിന ഫെലിക്സ്, കുമാരി മറിയം ടി തോമസ്, ശ്രീ. ഷിബിൻ ഷാജി, ട്രഷറർ ശ്രീ. ഫ്രാൻസിസ് എസ്., സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, അസിസ്റ്റന്റ് ഡയറക്ടർ സി. റോസ്മെറിൻ എസ്.ഡി എന്നിവർ സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26