ഇമ്രാന്റെ അറസ്റ്റ്: പാകിസ്ഥാനില്‍ കലാപം, തെരുവിലിറങ്ങിയ പിടിഐ പ്രവര്‍ത്തകര്‍ നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു; വീഡിയോ

ഇമ്രാന്റെ അറസ്റ്റ്: പാകിസ്ഥാനില്‍ കലാപം, തെരുവിലിറങ്ങിയ പിടിഐ പ്രവര്‍ത്തകര്‍ നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു; വീഡിയോ

ലാഹോര്‍: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാനില്‍ വന്‍ കലാപം. വിവിധ ഇടങ്ങളില്‍ പൊലീസും പിടിഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കറാച്ചിയില്‍ പ്രതിഷേധക്കാര്‍ നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു. എയര്‍ഫോഴ്സ് മെമ്മോറിയലും പ്രതിഷേധക്കാര്‍ തകര്‍ത്തു. സൈനിക ഉദ്യോഗസ്ഥരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യുന്നതിനിടയില്‍ ക്രൂരമായി മര്‍ദ്ദിച്ചതായും ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്നും പിടിഐ അറിയിച്ചിരുന്നു.പിന്നാലെ ഇസ്ലാമാബാദില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ മറികടന്ന് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുകയായിരുന്നു. രാജ്യത്തെ മറ്റ് നഗരങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങി.

ഇന്ന് ഉച്ചകഴിഞ്ഞാണ് ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്തുവച്ച് അര്‍ധസൈനിക വിഭാഗം ഇമ്രാനെ അറസ്റ്റ് ചെയ്തത്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പാക്ക് പ്രാദേശിക മാധ്യമങ്ങളാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്.

പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്നു ലഭിച്ച വിലയേറിയ സമ്മാനങ്ങള്‍ കൂടിയ വിലയ്ക്കു വിറ്റെന്നും ഇതിന്റെ കണക്കുകള്‍ മറച്ചുവച്ച് നികുതി വെട്ടിച്ചെന്നതുമായി ബന്ധപ്പെട്ട തോഷഖാന കേസിലാണ് അറസ്റ്റെന്നാണ് വിവരം. കേസില്‍ കഴിഞ്ഞ ഒക്ടോബറിലും ഇമ്രാന്‍ അറസ്റ്റിന്റെ വക്കിലെത്തിയിരുന്നു. അനുയായികള്‍ സംഘടിച്ച് ചെറുത്തതോടെ അറസ്റ്റിനായുള്ള ശ്രമം അന്ന് വിഫലമാവുകയായിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.