അബുദാബി: മികച്ച വളർച്ചാ നിരക്കുമായി കുതിപ്പു തുടർന്ന് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിങ്‌സ്. മാർച്ച് 31ന് അവസാനിച്ച ആദ്യ പാദത്തിൽ ഗ്രൂപ്പിന്റെ വരുമാനം 1.1 ബില്യൺ ആയി ഉയർന്നപ്പോൾ അറ്റാദായം 121.3 മില്യൺ ദിർഹമായി ഉയർന്നു. ആശുപത്രികളുടെയും (10.9%) മെഡിക്കൽ സെന്ററുകളുടെയും (24.8%) വരുമാനത്തിലുണ്ടായ ഗണ്യമായ അഭിവൃദ്ധിയിലൂടെയാണ് ഗ്രൂപ്പ് നേട്ടം കൊയ്തത്. ബുർജീൽ ഹോൾഡിങ്‌സിന്റെ മുൻനിര ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റിയുടെ വരുമാനത്തിൽ 32.6% വർധനവാണുണ്ടായത്. 22.3 ശതമാനമെന്ന മികച്ച EBITDA മാർജിനും രേഖപ്പെടുത്തി. പുതിയ സ്പെഷ്യാലിറ്റികളിലെ നിക്ഷേപവും ആസ്തികളിലുടനീളമുള്ള വിനിയോഗവും കാരണം ഔട്ട്പേഷ്യന്റ്, ഇൻപേഷ്യന്റ് എണ്ണത്തിൽ യഥാക്രമം 16.5%, 26.9% എന്നിങ്ങനെയാണ് വർധനവ്.
മേഖലയിലെ പ്രമുഖ ഫിറ്റ്നസ് കമ്പനിയായ ലീജാം സംയുക്ത സംരംഭത്തിലൂടെ സൗദി അറേബ്യയിലേക്കുള്ള വിപുലീകരണം പുരോഗമിക്കുന്നതിനിടെയാണ് ഗ്രൂപ്പിന്റെ മികച്ച പ്രകടനം. യുഎഇയിൽ ഉടനീളം 120-തിലധികം പുതിയ ഇൻപേഷ്യന്റ് കിടക്കകളും അഞ്ച് പുതിയ മെഡിക്കൽ സെന്ററുകളും ഉൾപ്പെടുത്തി പ്രവർത്തനം വിപുലീകരിക്കാനുള്ള പദ്ധതികളും മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും പുതിയ പങ്കാളിത്ത പദ്ധതികളുടെ അവലോകനവും പുരോഗമിക്കുകയാണ്. ഇതിനിടെ ഗ്രൂപ്പിന്റെ മെച്ചപ്പെട്ട പ്രവർത്തനക്ഷമതയും ഉന്നത നിലവാരമുള്ള പ്രത്യേക സേവനങ്ങളിലേക്കുള്ള തന്ത്രപരമായ മാറ്റവും വ്യക്തമാക്കിക്കൊണ്ടാണ് ആദ്യപാദത്തിലെ സാമ്പത്തിക ഫലങ്ങൾ.
പ്രവർത്തനത്തിലെ മികച്ച പുരോഗതിയുടെയും തന്ത്രപരമായ പദ്ധതികളുടെയും ഫലമായാണ് 2023 ആദ്യപാദത്തിലെ പ്രചോദനാത്മകമായ വളർച്ചയെന്ന് ബുർജീൽ ഹോൾഡിങ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോൺ സുനിൽ പറഞ്ഞു. "വാർഷിക വരുമാനത്തിലെ 11.6% വും അറ്റാദായത്തിലെ 43.4% വും വർദ്ധനവ് ഗ്രൂപ്പിന്റെ മുൻനിര ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റി കൈവരിക്കുന്ന ശക്തമായ വളർച്ചയെയാണ് പ്രതിഫലിപ്പിക്കുന്നത്. സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ വിപുലീകരിക്കുന്നതിലും സങ്കീർണ്ണ മേഖലകളിൽ ചികിത്സ ലഭ്യമാക്കുന്നതിനുമായുള്ള നിക്ഷേപം തുടരും. ഇതിലൂടെ മേഖലയിലെ പ്രധാന റഫറൽ ഹബ് എന്ന സ്ഥാനം ഉറപ്പിക്കുകയാണ് ലക്‌ഷ്യം," അദ്ദേഹം വ്യക്തമാക്കി.
ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ചെയർമാനുമായ ബുർജീൽ ഹോൾഡിങ്സ് 2022ൽ റെക്കോർഡ് അറ്റാദായത്തിലൂടെ 52% വളർച്ചയാണ് കൈവരിച്ചിരുന്നത്. ഉയർന്ന വരുമാനം, വർധിച്ച പ്രവർത്തനക്ഷമത, കുറഞ്ഞ സാമ്പത്തിക ചെലവുകൾ എന്നിവ ഗ്രൂപ്പിന്റെ തുടർ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ പാകുന്നതായാണ് വിലയിരുത്തൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.