2025 വിശുദ്ധ വര്‍ഷമായി ആചരിക്കുന്നു; വെബ്‌സൈറ്റും മൊബൈല്‍ ആപ്പും പുറത്തിറക്കി വത്തിക്കാന്‍

2025 വിശുദ്ധ വര്‍ഷമായി ആചരിക്കുന്നു; വെബ്‌സൈറ്റും മൊബൈല്‍ ആപ്പും പുറത്തിറക്കി വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: വിശുദ്ധ വര്‍ഷമായി 2025 ആചരിക്കുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ വത്തിക്കാനില്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായുള്ള വെബ്‌സൈറ്റും മൊബൈല്‍ ആപ്പും പുറത്തിറക്കി. 'പ്രത്യാശയുടെ തീര്‍ത്ഥാടകര്‍' എന്നതാണ് 2025 ജൂബിലിയുടെ ചിന്താ വിഷയമെന്നും വിശുദ്ധ വര്‍ഷാചരണത്തിന്റെ ഒരുക്കങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്നും പരിപാടികളുടെ ഏകോപന ചുമതലയുള്ള ഡികാസ്റ്ററി വിഭാഗത്തിലെ പ്രോ പ്രീഫെക്ട് ആര്‍ച്ച് ബിഷപ് റിനോ ഫിസിഷെല്ല വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള രൂപതകള്‍ ജൂബിലി തയാറെടുപ്പിന്റെ ആവേശത്തിലാണ്. ഇറ്റലിയിലെ വിവിധ രൂപതകളിലെ 212 പ്രതിനിധികളുമായും ബിഷപ്പ് കോണ്‍ഫറന്‍സിലെ 90 പ്രതിനിധികളുമായും ഇതിനകം കൂടിക്കാഴ്ച നടത്തിയതായി ആര്‍ച്ച് ബിഷപ്പ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിശുദ്ധ വര്‍ഷത്തിന്റെ ഭാഗമായി 2025-ല്‍ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ വത്തിക്കാന്‍ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ സന്ദര്‍ശനം സുഗമമാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. ഇതിനായി ഇറ്റാലിയന്‍ സര്‍ക്കാരുമായും ലാസിയോ റീജിയണിലെ അധികാരികളുമായും റോമിലെ പ്രതിനിധികളുമായും കൂടിക്കാഴ്ച്ചകള്‍ നടത്തും.

ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ തീര്‍ത്ഥാടകര്‍ക്ക് ജൂബിലി പരിപാടികള്‍ക്കും വിശുദ്ധ വാരത്തിലിലേക്കുള്ള തീര്‍ത്ഥാടനത്തിനും രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ ചെയ്യുന്ന തീര്‍ഥാടകര്‍ക്ക് 'പില്‍ഗ്രിം കാര്‍ഡ്' ഡിജിറ്റല്‍ പതിപ്പില്‍ വിവരങ്ങള്‍ ലഭിക്കും. സെപ്തംബര്‍ മുതല്‍ സോഷ്യല്‍ മീഡിയ പേജുകളും പുതിയ ജൂബിലി ആപ്പും,(iubilaeum2025), കൂടുതല്‍ സജീവമാകും. ഐ ഒ എസിലും ആന്‍ഡ്രോയിഡിലും ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും എല്ലാ വാര്‍ത്തകളും ലഭിക്കാനുള്ള അവസരവുമൊരുക്കും. വിശുദ്ധ വര്‍ഷ ആചരണത്തിന്റെ മുന്നോടിയായുള്ള തീം സോംഗ് തയ്യാറാക്കി.

2025 വിശുദ്ധ വര്‍ഷാചരണം കൂടുതല്‍ മികവുറ്റതാക്കുന്നതിന് കഴിഞ്ഞ വര്‍ഷം വത്തിക്കാന്‍ ഡിക്കാസ്റ്ററി, പൊതുപരിപാടിയുടെ രൂപരേഖ തയാറാക്കുന്നതിന്നായി കമ്മീഷനുകളും ഒരു സാങ്കേതിക സമിതിയും രൂപീകരിച്ചിരുന്നു. തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കാന്‍ സാംസ്‌കാരിക കമ്മീഷനെയും ചുമതലപ്പെടുത്തിയിരുന്നു.

വത്തിക്കാനില്‍ എല്‍ ഗ്രീക്കോ പ്രദര്‍ശനവും നടത്തും. സ്പാനിഷ് നവോത്ഥാന കലാകാരനായ എല്‍ഗ്രീക്കോയുടെ മൂന്ന് മാസ്റ്റര്‍പീസുകളായ ക്രിസ്തുവിന്റെ സ്നാനം, കുരിശ് ചുമക്കുന്ന ക്രിസ്തു, ക്രിസ്തുവിന്റെ അനുഗ്രഹം എന്നീ പ്രദര്‍ശനങ്ങള്‍ക്ക് സെപ്റ്റംബറില്‍ വത്തിക്കാനില്‍ തുടക്കമാകുമെന്നും ആര്‍ച്ച് ബിഷപ് റിനോ ഫിസിഷെല്ല വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26