മണിപ്പുര്‍ സംഘര്‍ഷം: നാല്‍പതിലേറെ പള്ളികള്‍ തകര്‍ത്തു; തുടര്‍ച്ചയായ ആക്രമണമുണ്ടായിട്ടും സുരക്ഷ ലഭിച്ചിട്ടില്ലെന്ന് ഇംഫാല്‍ അതിരൂപത

മണിപ്പുര്‍ സംഘര്‍ഷം: നാല്‍പതിലേറെ പള്ളികള്‍ തകര്‍ത്തു; തുടര്‍ച്ചയായ ആക്രമണമുണ്ടായിട്ടും സുരക്ഷ ലഭിച്ചിട്ടില്ലെന്ന് ഇംഫാല്‍ അതിരൂപത

കൊല്‍ക്കത്ത: മണിപ്പുരിലെ കലാപത്തില്‍ നല്‍പതിലധികം പള്ളികള്‍ തകര്‍ത്തതായി ഇംഫാല്‍ അതിരൂപത. തുടര്‍ച്ചയായ ആക്രമണമുണ്ടായിട്ടും പള്ളികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സുരക്ഷ ലഭിച്ചിട്ടില്ലെന്നും അതിരൂപത ആരോപിച്ചു. ഇതില്‍ ഭൂരിപക്ഷവും തീവച്ചു നശിപ്പിക്കുകയായിരുന്നു. ചിലയിടങ്ങളില്‍ പള്ളികള്‍ തകര്‍ക്കാന്‍ അക്രമികള്‍ ജെസിബിയുമായി എത്തിയതായും അതിരൂപത വ്യക്തമാക്കി.

ആസൂത്രിതമായ ആക്രമണമാണ് പലേടത്തും നടന്നതെന്നും സുരക്ഷയ്ക്കായി പൊലീസിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ലെന്നും സഭ വ്യക്തമാക്കി.

മെയ്‌തെയ് വിഭാഗവും കുകി വിഭാഗവും തമ്മിലുള്ള സംഘര്‍ഷമാണെങ്കിലും മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടവരുടെ പള്ളികളും അഗ്‌നിക്കിയാക്കിയിട്ടുണ്ടെന്ന് അതിരൂപത പറഞ്ഞു. അതീവ സുരക്ഷാ മേഖലയായ ഇംഫാല്‍ നഗരത്തില്‍ വിമാനത്താവളത്തിനടുത്തുള്ള സെന്റ് പോള്‍സ് പള്ളിക്കും പാസ്റ്ററല്‍ ട്രെയ്‌നിങ് സെന്ററിനും നേരെ പലവട്ടം ആക്രമണം നടന്നു. ഇരുകേന്ദ്രങ്ങളിലും കയറിയിറങ്ങി തിരച്ചില്‍ നടത്തിയ അക്രമിസംഘം പിറ്റേന്ന് ഹോസ്റ്റലിലെ പാചകവാതക സിലിണ്ടര്‍ കൊണ്ടുവന്ന് തീയിട്ടു. പള്ളിക്കു കാവലുണ്ടായിരുന്ന പൊലീസ് സംഘം അക്രമത്തിനു മുന്‍പ് സ്ഥലം വിട്ടതായും സഭാ അധികൃതര്‍ വ്യക്തമാക്കുന്നു.

നിരന്തരം ബന്ധപ്പെട്ടിട്ടും പൊലീസോ അഗ്‌നിശമന വിഭാഗമോ എത്തിയില്ലെന്നും ആരോപണമുണ്ട്. ഇവിടെ എട്ട് കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
അക്രമത്തിന് പിന്നില്‍ പുറത്തു നിന്നുള്ള ശക്തികള്‍ക്കും പങ്കുണ്ടെന്ന് അവിടെ നിന്ന് രക്ഷപ്പെട്ട കൊഹിമ മുന്‍ ബിഷപ്പും ഇംഫാല്‍ പാസ്റ്ററല്‍ സെന്ററില്‍ അധ്യാപകനുമായ ബിഷപ് ജോസ് മുകാല പറഞ്ഞു.

41 ശതമാനം ക്രിസ്ത്യന്‍ ജനസംഖ്യയുള്ള ഒരു സംസ്ഥാനത്ത് നിന്ന് അവര്‍ പാലായനം ചെയ്യേണ്ട സ്ഥിതിയാണുള്ളത്. മേഖലയില്‍ സേവനം ചെയ്യുന്ന ജസ്യൂട്ട് വൈദികര്‍ ഭീഷണി നേരിടുകയാണ്. 1974 ല്‍ നിര്‍മിച്ചതടക്കമുള്ള പള്ളികള്‍ കലാപത്തിന്റെ മറവില്‍ ഇതിനോടകം തകര്‍ക്കപ്പെട്ടിട്ടുണ്ടെന്നും ബെംഗളൂരു ആര്‍ച്ച് ബിപ്പ് മുമ്പ് പുറത്തിറിക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.