എസ്എംസിഎ കുവൈറ്റ്: പുതിയ ഭാരവാഹികൾ ചുമതലയേറ്റു

എസ്എംസിഎ കുവൈറ്റ്: പുതിയ ഭാരവാഹികൾ ചുമതലയേറ്റു

കുവൈറ്റ് സിറ്റി: എസ്എംസിഎ കുവൈറ്റിന്റെ ഇരുപത്തിയേഴാമത്‌ ഭരണ സമിതി സുനിൽ റാപ്പുഴ , ബിനു ഗ്രിഗറി പടിഞ്ഞാറേവീട് , ജോർജ് അഗസ്റ്റിൻ തെക്കേൽ എന്നിവരുടെ നേതൃത്വത്തിൽ ചുമതലയേറ്റു. വെള്ളിയാഴ്ച വൈകുന്നേരം കുവൈറ്റ് അബ്ബാസിയായിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡന്റായി സുനിൽ റാപ്പുഴയും ജനറൽ സെക്രട്ടറി ആയി ബിനു ഗ്രിഗറി പടിഞ്ഞാറെവീടും സത്യ പ്രതിജ്ഞ ചെയ്തു. എസ്എംസിഎ അംഗങ്ങൾക്കായുള്ള പുതുക്കിയ മൊബൈൽ ആപ്ലിക്കേഷനും പൊതുയോഗത്തിൽ വച്ച് ഉദ്‌ഘാടനം ചെയ്യപ്പെട്ടു.

1995 ൽ കുവൈറ്റിൽ സ്ഥാപിതമായ അൽമായ സംഘടനയായ എസ് എം സി എ, സീറോ മലബാർ സഭയുടെ ഔദ്യോഗിക അൽമായ സംഘടനയായ എ കെ സി സി എ യോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന സംഘടനയാണ്. കുവൈറ്റിലെ നാലു ഏരിയകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏരിയ കമ്മറ്റികളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളാണ് കേന്ദ്ര കമ്മറ്റിയിൽ പ്രവർത്തിക്കുന്നത്. സോഷ്യൽ വെൽഫെയർ , ആർട്സ് & സ്പോർട്സ് , കൾച്ചറൽ, മീഡിയ എന്നിങ്ങനെ വിവിധ കമ്മറ്റികളിലായി കേന്ദ്ര മാനേജിങ് കമ്മറ്റി അംഗങ്ങൾ പ്രവർത്തിക്കുന്നു.

ഇന്ത്യയിലും കുവൈറ്റിലും കുവൈറ്റ് എസ് എം സി എ നടത്തുന്ന വിവിധ ജീവകാരുണ്യ , സാംസ്‌കാരിക പ്രവർത്തനങ്ങൾ വളരെ പ്രശസ്തമാണ്. ഇരുപത്തിയഞ്ചാം ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ മെഗാ മാർഗംകളി ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു. വർഷങ്ങളായി നടത്തി വരുന്ന ഭവന നിർമ്മാണ പദ്ധതിയിലൂടെ എണ്ണൂറിലേറെ ആളുകൾക്ക് ഭവനം ലഭിക്കാൻ ഇടയായി.

ഷാജു ദേവസ്സി താനാതൻ, അജോഷ് ആന്റണി, സെബാസ്റ്റ്യൻ പോൾ ഇരമംഗലത്ത് , ടോം ജോസ് ഇടയോടിൽ എന്നിവരുടെ നേതൃത്വത്തിൽ അബ്ബാസിയ , ഫഹാഹീൽ ,സാൽമിയ , സിറ്റി- ഫർവാനിയ ഏരിയകളിൽ, ഏരിയ ഭരണ സമിതികൾ രുപീകരിക്കപ്പെട്ടു. കേന്ദ്രം ഭരണസമിതി, ഏരിയ ഭരണസമിതി , സോണൽ ഭരണസമിതി എന്നിങ്ങനെയുള്ള ത്രിതല ഭരണ സംവിധാനമാണ് എസ്എംസിയ്ക്ക് നിലവിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.