ബംഗളൂരു: കർണാടകയിലെ കോൺഗ്രസിന്റെ ചരിത്ര വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇത് രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയമാണ്. നമ്മുടെ ലക്ഷ്യത്തിന്റെ വിജയമാണ്. നിങ്ങളുടെ എല്ലാ കഠിനാധ്വാനത്തിനും ഫലം ലഭിച്ചു. എല്ലാ കഠിനാധ്വാനികളായ പ്രവർത്തകർക്കും കർണാടക കോൺഗ്രസ് നേതാക്കൾക്കും ആശംസകൾ നേരുന്നു. ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ കോൺഗ്രസ് പ്രവർത്തിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.
അതേസമയം കർണാടകയിലെ ജയിച്ച മുഴുവൻ എംഎൽഎമാരോടും ബെംഗളൂരുവിലേക്കെത്താൻ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു. മുതിർന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയും സംസ്ഥാന അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായേക്കുമെന്നും റിപ്പോർട്ടുണ്ട്.
ജയിച്ച എംഎൽഎമാരിൽ അധികവും സിദ്ധരാമയ്യയെ പിന്തുണക്കുന്നവരാണ്. ബിജെപിയേക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ നേടി വിജയിച്ച കോൺഗ്രസിന് മുമ്പിൽ നേതാക്കൾ തമ്മിൽ തർക്കങ്ങളില്ലാതെ സർക്കാർ രൂപീകരിക്കുക എന്നത് പ്രധാനമാണ്. 2013 മുതൽ 2018 വരെ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന പരിചയ സമ്പത്തുണ്ട് സിദ്ധരാമയ്യക്ക് അതുകൊണ്ട് തന്നെ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന അഭിപ്രായമാണ് പാർട്ടിയിൽ ഒരു വിഭാഗത്തിനുളളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.