രാജസ്ഥാൻ റോയൽസിന് നാണംകെട്ട തോൽവി; റോയൽ ചലഞ്ചേഴ്സിന് 112 റൺസിന്റെ കൂറ്റൻ ജയം: രാജസ്ഥാന്റെ പ്ലേഓഫ് സാധ്യത തുലാസിൽ

രാജസ്ഥാൻ റോയൽസിന് നാണംകെട്ട തോൽവി; റോയൽ ചലഞ്ചേഴ്സിന് 112 റൺസിന്റെ കൂറ്റൻ ജയം: രാജസ്ഥാന്റെ പ്ലേഓഫ് സാധ്യത തുലാസിൽ

ജയ്പുർ: നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് നാണംകെട്ട തോൽവി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുർ ഉയർത്തിയ 172 റൺസ് പിന്തുടർന്ന രാജസ്ഥാന്റെ ഇന്നിങ്സ് 59 റൺസിന് അവസാനിച്ചു. 112 റൺസിന്റെ വമ്പൻ ജയവുമായി ബാംഗ്ലൂർ പ്ലേഓഫ് സാധ്യത നിലനിർത്തി. 

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോറാണ് രാജസ്ഥാൻ ഇന്നു കുറിച്ചത്. 2017ൽ കൊൽക്കത്തയ്ക്കെ‌തിരെ ബാംഗ്ലൂർ 47 റൺസിലും 2009ൽ ബാംഗ്ലൂരിനെതിരെ തന്നെ രാജസ്ഥാൻ 58 റൺസിനും പുറത്തായിരുന്നു. 

മറുപടി ബാറ്റിങ്ങിൽ രാജസ്ഥാന്റെ ഷെമ്രോൺ ഹെറ്റ്‌മെയർ (19 പന്തിൽ 35), ജോ റൂട്ട് (15 പന്തിൽ 10) എന്നിവരാണ് രണ്ടക്കം കടന്നത്. നാല് പേർ പൂജ്യത്തിന് പുറത്തായി. 

ആദ്യ ഓവറിന്റെ റണ്ടാം പന്തിൽ തന്നെ മിന്നും ഫോമിലുള്ള ഓപ്പണർ യശ്വസി ജയ്‌സ്വാളിനെ (പൂജ്യം) മുഹമ്മദ് സിറാജ്, വിരാട് കോലിയുടെ കൈകളിൽ എത്തിച്ചു. തൊട്ടടുത്ത ഓവറിൽ മറ്റൊരു ഓപ്പണർ ജോസ് ബ‌ട്‌ലർ (പൂജ്യം), ക്യാപ്റ്റൻ സ‍ഞ്ജു സാംസൺ (അഞ്ച് പന്തിൽ നാല്) എന്നിവരെ വെയ്‌ൻ പാർണലും പുറത്താക്കിയതോടെ രാജസ്ഥാൻ തകർന്നു. ഏഴിന് മൂന്ന് എന്ന നിലയിലായിരുന്നു രാജസ്ഥാൻ അപ്പോൾ. 

ഈ തകർച്ചയിൽനിന്നു രാജസ്ഥന് പിന്നീട് ഒരിക്കലും കരകയറാൻ സാധിച്ചില്ല. ദേവ്‌ദത്ത് പടിക്കൽ (നാല് പന്തിൽ നാല്), ധ്രുവ് ജുറെൽ (ഏഴ് പന്തിൽ ഒന്ന്), രവിചന്ദ്രൻ അശ്വിൻ (പൂജ്യം), ആദം സാംപ (ആറ് പന്തിൽ രണ്ട് ), കെ.എം. ആസിഫ് (പൂജ്യം), സന്ദീപ് ശർമ (പൂജ്യം) എന്നിങ്ങനെയാണ് മറ്റു രാജസ്ഥാൻ ബാറ്റർമാരുടെ സ്കോറുകൾ. 

ബാംഗ്ലൂരിനായി വെയ്‌ൻ പാർണൽ മൂന്നു വിക്കറ്റും മൈക്കൽ ബ്രേസ്‌വെൽ, കരൺ ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതവും മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്‌സ്‌‌വെൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂർ 171 റൺസ് നേടിയത്. രണ്ടു വിക്കറ്റ് വീതം നേടിയ മലയാളി താരം കെ.എം. ആസിഫ്, സ്പിന്നർ ആദം സാംപ ഉൾപ്പെടെയുള്ള ബോളർമാരുടെ പ്രകടനമാണ് ആർസിബിയെ താരതമ്യേന ചെറിയ സ്കോറിൽ ഉയർത്തിയത്. 

ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി (44 പന്തിൽ 55), ഗ്ലെൻ മാക്‌സ്‌വെൽ (33 പന്തിൽ 54) എന്നിവർ ബാംഗ്ലുരിനായി അർധസെ‍ഞ്ചറി നേടി. അവസാന ഓവറിൽ രണ്ടു സിക്സും ഒരു ഫോറുമടിച്ച് അനൂജ് റാവത്തിന്റെ (11 പന്തിൽ 29) ബാറ്റിങ്ങും സ്കോർ 170 കടത്താൻ സഹായിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.