സ്വര്‍ഗത്തിലെത്താന്‍ പട്ടിണി കിടന്നു; കെനിയയില്‍ മരിച്ചവരുടെ എണ്ണം 200; കാണാതായത് 600-ലധികം വിശ്വാസികളെ

സ്വര്‍ഗത്തിലെത്താന്‍ പട്ടിണി കിടന്നു; കെനിയയില്‍ മരിച്ചവരുടെ എണ്ണം 200; കാണാതായത് 600-ലധികം വിശ്വാസികളെ

നെയ്റോബി: സ്വര്‍ഗത്തില്‍ പോകാമെന്ന പാസ്റ്ററുടെ വാക്കു കേട്ട് കെനിയയില്‍ പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 200 കവിഞ്ഞതായി അധികൃതര്‍. ശനിയാഴ്ച പൊലീസ് 22 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ 201 ആയി ഉയര്‍ന്നത്. കെനിയയിലെ പാസ്റ്ററായ പോള്‍ മക്കെന്‍സിയുടെ അനുയായികളുടേതാണ് മൃതദേഹങ്ങളെന്ന് പൊലീസ് അറിയിച്ചു. ദൈവത്തെ കാണാന്‍ വേണ്ടി പട്ടിണി കിടന്ന് മരിക്കാന്‍ ഇയാള്‍ അനുയായികളോട് ആജ്ഞാപിച്ചതായാണ് ആരോപണം.

കഴിഞ്ഞ മാസം അറസ്റ്റിലായ മക്കെന്‍സി ഇപ്പോഴും കസ്റ്റഡിയിലാണ്. 600-ലധികം പേരെ ഇപ്പോഴും കാണാതായതായി പരാതിയുണ്ട്. പോള്‍ മക്കെന്‍സിയുടെ ഉടമസ്ഥതയിലുള്ള 800 ഏക്കര്‍ വനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഡസന്‍ കണക്കിന് കൂട്ടക്കുഴിമാടങ്ങളില്‍ നിന്ന് നൂറുകണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാസ്റ്ററുടെ മാലിണ്ടിയിലെ വസ്തുവകകളില്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഒന്നിന് പുറകെ ഒന്നായി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ മൃതദേഹത്തില്‍ നിന്ന് ഡി.എന്‍.എ സാമ്പിളുകള്‍ പൊലീസ് ശേഖരിച്ചു. ഇതില്‍ നിന്നാണ് പട്ടിണി മൂലമാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയത്. ചില മൃതദേഹങ്ങളില്‍ ആന്തരികാവയവങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയതായി കോടതി രേഖകള്‍ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് മക്കെന്‍സിയെ 2019 ലും ഈ വര്‍ഷം മാര്‍ച്ചിലും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കേസുകള്‍ മുന്നോട്ട് പോയില്ല.

കൂടുതല്‍ വായനയ്ക്ക്:

ദൈവത്തെ കാണാന്‍' പട്ടിണി; കെനിയയില്‍ മറ്റൊരു പാസ്റ്റര്‍ കൂടി അറസ്റ്റില്‍; മരണസംഖ്യ 103 ആയി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.