'ദൈവത്തെ കാണാന്‍' പട്ടിണി; കെനിയയില്‍ മറ്റൊരു പാസ്റ്റര്‍ കൂടി അറസ്റ്റില്‍; മരണസംഖ്യ 103 ആയി

'ദൈവത്തെ കാണാന്‍' പട്ടിണി; കെനിയയില്‍ മറ്റൊരു പാസ്റ്റര്‍ കൂടി അറസ്റ്റില്‍; മരണസംഖ്യ 103 ആയി

പാസ്റ്ററുടെ യുട്യൂബ് ചാനലിന് 400,000-ത്തിലേറെ സബ്സ്‌ക്രൈബര്‍മാര്‍
എച്ച്‌ഐവി പോലും 'സുഖപ്പെടുത്തുന്ന' വിശുദ്ധ വെള്ളത്തിന്റെ വില്‍പന

നയ്‌റോബി: സ്വര്‍ഗത്തില്‍ എത്താമെന്ന പാസ്റ്ററുടെ വാക്ക് കേട്ട് പട്ടിണി കിടന്ന് കെനിയയില്‍ നൂറിലേറെ ആളുകള്‍ മരിച്ച സംഭവത്തില്‍ മറ്റൊരു പാസ്റ്റര്‍ കൂടി അറസ്റ്റില്‍. ന്യൂ ലൈഫ് പ്രെയര്‍ സെന്ററിന്റെയും ചര്‍ച്ചിന്റെയും തലവനായ എസെക്കിയേല്‍ ഒഡെറോയാണ് അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ പള്ളി പോലീസ് അടച്ചുപൂട്ടി. പരിസരത്ത് തമ്പടിച്ചിരിക്കുന്ന വിശ്വാസികളെ ഒഴിപ്പിച്ചു.

വ്യാജ പ്രബോധനങ്ങളിലൂടെ തന്റെ പരിപാടികളിലേക്ക് വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നതില്‍ പ്രശസ്തനായ പാസ്റ്റര്‍ എസെക്കിയേല്‍ ഒഡെറോയുടെ പള്ളിക്ക് സമീപം നിരവധി മരണങ്ങള്‍ നടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെതുടര്‍ന്നാണ് അറസ്റ്റ്. അതേസമയം, നൂറിലധികം പേര്‍ പട്ടിണി കിടന്ന് മരിച്ച സംഭവവുമായി ഈ പാസ്റ്ററുടെ അറസ്റ്റിനെ പോലീസ് ഔദ്യോഗികമായി ബന്ധിപ്പിച്ചിട്ടില്ല.

കൂട്ട മരണങ്ങളുടെ പേരില്‍ നേരത്തെ അറസ്റ്റിലായ ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച് പ്രഭാഷകനായ പാസ്റ്റര്‍ പോള്‍ മക്കെന്‍സി തന്റെ ടെലിവാഞ്ചലിസ്റ്റ് ചാനല്‍ എസെക്കിയേല്‍ ഒഡെറോയ്ക്ക് വിറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

എസെക്കിയേലിന്റെ ന്യൂ ലൈഫ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിനു സമീപം മരണങ്ങള്‍ സംഭവിച്ചുണ്ടെന്ന് പോലീസ് പറഞ്ഞു. വിശ്വാസികളെ മരണത്തിലേക്കു തള്ളിവിടും വിധം തെറ്റിദ്ധരിപ്പിക്കുന്ന കള്‍ട്ട് ഗ്രൂപ്പുകളെ ഇല്ലാതാക്കുമെന്ന് കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ പ്രഖ്യാപിച്ചിരുന്നു.

സ്വര്‍ഗത്തില്‍ പോകാമെന്നും ദൈവത്തെ കാണാമെന്നുമുള്ള പാസ്റ്റര്‍ പോള്‍ മക്കെന്‍സിയുടെ വ്യാജ വാഗ്ദാനം വിശ്വസിച്ചാണ് വിശ്വാസികള്‍ ആഹാരവും വെള്ളവും ഉപേക്ഷിച്ചത്. കിഴക്കന്‍ കെനിയയിലെ ഷക്കഹോല വനത്തില്‍ നിന്നാണ് കുട്ടികളുടേതടക്കം 103 മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തത്. അതേസമയം വനത്തിനുള്ളില്‍ മരണം കാത്ത് പട്ടിണികിടന്ന 34 പേരെ പൊലീസ് രക്ഷപ്പെടുത്തി. പ്രദേശത്ത് പൊലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുകൂടാതെ 300ലധികം ആളുകളെ കാണാതായതായി സന്നദ്ധ സംഘടനയായ കെനിയന്‍ റെഡ് ക്രോസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവം ഭൂരിപക്ഷ ക്രിസ്ത്യന്‍ രാജ്യമായ കെനിയയെ ആഴത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

എസെക്കിയേല്‍ ഒഡെറോയുടെ ടെലിവിഷന്‍ ചാനല്‍ കെനിയയില്‍ ഏറെ ജനപ്രിയമാണ്, രാജ്യത്തുടനീളമുള്ള ആളുകള്‍ ഇയാളുടെ പള്ളി സന്ദര്‍ശിക്കാന്‍ പോകാറുണ്ട്. യൂട്യൂബ് ചാനലിന് 400,000-ലധികം സബ്സ്‌ക്രൈബര്‍മാരും 70 ദശലക്ഷത്തിലധികം കാഴ്ചക്കാരും ഉണ്ട്. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ പോലും ഇയാളുടെ പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ പങ്കെടുത്തിട്ടുണ്ട്.

വെള്ള വസ്ത്രം ധരിച്ച് ഒരു കൈയില്‍ ബൈബിളും മുറുകെ പിടിച്ചാണ് നേരത്തെ മത്സ്യത്തൊഴിലാളിയായിരുന്ന എസെക്കിയേല്‍ അറസ്റ്റ് വരിച്ചത്.

പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത മെഗാ പരിപാടികളില്‍, എസെക്കിയേല്‍ വിശുദ്ധ വെള്ളമെന്നു തെറ്റിദ്ധരിപ്പിച്ച് കുപ്പികളില്‍ വെള്ളം വിറ്റിരുന്നു. ഈ വെള്ളം എച്ച്‌ഐവി ഉള്‍പ്പെടെ എല്ലാത്തരം രോഗങ്ങളും സുഖപ്പെടുത്തുമെന്ന് ഇയാള്‍ അവകാശപ്പെടുന്നു.

കൂട്ട മരണം നടന്ന 800 ഏക്കര്‍ സ്ഥലം ക്രൈം സീനായി പ്രഖ്യാപിച്ചിട്ടുണ്ട്. 2017-ലും കഴിഞ്ഞമാസവും പോള്‍ മക്കെന്‍സി അറസ്റ്റിലായിരുന്നു. രക്ഷിതാക്കള്‍ക്കൊപ്പം കഴിഞ്ഞിരുന്ന രണ്ടു കുട്ടികള്‍ പട്ടിണി കൊണ്ടു മരിച്ചതിനാലായിരുന്നു കഴിഞ്ഞ മാസത്തെ അറസ്റ്റ്. 2017ല്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്ന് കുടുംബങ്ങളോട് ഉപദേശിച്ചതിന് മൗലികവാദം പ്രചരിപ്പിക്കുന്നു എന്ന കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബൈബിള്‍ വിദ്യാഭ്യാസം അംഗീകരിക്കുന്നില്ല എന്നു തെറ്റായി പ്രചരിപ്പിച്ചായിരുന്നു ഇയാളുടെ പ്രഭാഷണങ്ങള്‍.

കൂടുതല്‍ വായനയ്ക്ക്:

സ്വർ​ഗത്തിൽ എത്തുമെന്ന് വിശ്വസിപ്പിച്ചു; കെനിയയിൽ പാസ്റ്ററുടെ വാക്ക് കേട്ട് പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 95 ആയി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.